വ്യാപം കുംഭകോണവും സുപ്രീം കോടതി വിധിയും

വ്യാപം കുംഭകോണം വഴി എം ബി ബി എസിന് ചേര്‍ന്ന 634 പേരുടെ പ്രവേശനം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ 400 പേര്‍ വിവിധ സ്വകാര്യമെഡിക്കല്‍ കോളജുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. നിയമവാഴ്ചയുടെ നഗ്നമായ നിഷേധമാണ് വ്യാപം ക്രമക്കേടിലെ പ്രതികളുടെ നടപടിയെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കുറ്റമാണ് വിദ്യാര്‍ഥികളുടേതെന്ന് 87 പേജ് വരുന്ന ഐതിഹാസികമായ വിധിന്യായത്തില്‍ ന്യായാസനം വ്യക്തമാക്കി. സമൂഹത്തെ ധാര്‍മികതയിലും സല്‍സ്വഭാവത്തിലും മുന്നോട്ട് നയിക്കാന്‍ താത്പര്യപ്പെടുന്ന ആര്‍ക്കും വ്യാപം പ്രതികളുടെ ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന ഒരു ആനുകൂല്യങ്ങളും വ്യാപം പ്രതികള്‍ക്ക് നല്‍കാന്‍ കഴിയുകയില്ലെന്നും കോടതി വ്യക്തമാക്കി.
Posted on: February 18, 2017 6:03 am | Last updated: February 17, 2017 at 11:05 pm

വ്യാപം അഴിമതി ഈ ശതാബ്ദത്തില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രമാദമായ വലിയ ക്രമക്കേടുകളില്‍ ഒന്നാണ്. ഡസന്‍കണക്കിന് പ്രധാന സാക്ഷികളും പ്രതികളെന്ന് സംശയിക്കുന്നവരും മാധ്യമപ്രവര്‍ത്തകരും ഇതുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. വ്യാപം മധ്യപ്രദേശ് വ്യാപസായിക് പരീക്ഷമണ്ഡല്‍ അല്ലെങ്കില്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ ചുരുക്കപ്പേരാണ്. മെഡിക്കല്‍ കോളജ് യോഗ്യതാ പരീക്ഷകളും മധ്യപ്രദേശിലെ സര്‍ക്കാര്‍ ജോലികളുടെ യോഗ്യതാ പരീക്ഷകളും വ്യാപം ആണ് നടത്തുന്നത്.
വ്യാപത്തിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും 2013ലാണ് റിക്യൂട്ട്‌മെന്റിലെയും യോഗ്യത ടെസ്റ്റിലെയും ഗുരുതരമായ ക്രമക്കേടുകള്‍ക്ക് പിടിക്കപ്പെടുന്നത്. എന്നാല്‍, 2007 മുതല്‍ തന്നെ ഈ ക്രമക്കേടുകള്‍ അവിടെ നടന്നുവരികയായിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ 2009ലാണ് ആദ്യമായി ചോരുകയും അത് പുറത്താവുകയും ചെയ്യുന്നത്. 2007 മുതല്‍ 1,40,000 ഉദ്യോഗ നിയമനങ്ങളാണ് വ്യാപം നടത്തിയിട്ടുള്ളത്. ഇതില്‍ ആയിരക്കണക്കിനുള്ള നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.
പ്രമാദമായ ഈ വ്യാപം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 2000ല്‍ പരം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതികളും സാക്ഷികളും പത്രപ്രവര്‍ത്തകരും അടക്കം 48 പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടതെന്നുള്ളത് ഈ വന്‍ അഴിമതിയുടെ ദുരൂഹത വര്‍ധിപ്പിക്കുകയുമാണ്.
ഹാള്‍ടിക്കറ്റിലെ ഫോട്ടോ മാറ്റി പകരം ആളെ വെച്ച് പരീക്ഷ എഴുതിക്കല്‍, പരീക്ഷ ഉത്തരക്കടലാസ് മാറ്റല്‍ തുടങ്ങിയവയിലൂടെ കൃത്രിമം കാട്ടി അനര്‍ഹരെ സഹായിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് വ്യാപത്തിനെതിരെ ഉയര്‍ന്നത്. ഇതിനായി 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ കോഴയും വാങ്ങിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസന്വേഷണം സി ബി ഐ ഏറ്റെടുത്തത്.
വ്യാപം കുംഭകോണം വഴി എം ബി ബി എസിന് ചേര്‍ന്ന 634 പേരുടെ പ്രവേശനം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ഒടുവില്‍ ശരിവെച്ചിരിക്കുകയാണ്. 2008-2012 കാലയളവിലുള്ള പ്രവേശനപരീക്ഷയില്‍ വന്‍ക്രമക്കേട് കാണിച്ചാണ് പ്രവേശനം നേടിയതെന്ന് വ്യക്തമായതിനെ ത്തുടര്‍ന്നാണ് ഉന്നതകോടതിയുടെ ഈ നടപടി. പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ 400 പേര്‍ വിവിധ സ്വകാര്യമെഡിക്കല്‍ കോളജുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. 2013 ല്‍ വ്യാപം കുംഭകോണം വെളിപ്പെട്ടതിനെത്തുടര്‍ന്ന് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (പി ഇ ബി) നടത്തിയ പരിശോധനയില്‍ 634 വിദ്യാര്‍ഥികള്‍ ക്രമക്കേടിലൂടെയാണ് പ്രവേശനം നേടിയതെന്ന് തെളിഞ്ഞിരുന്നു. ഇവരുടെ പ്രവേശനം റദ്ദാക്കാനും പി ഇ ബി ശിപാര്‍ശ ചെയ്തു. പി ഇ ബി തീരുമാനം പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി അംഗീകരിക്കുകയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ വിഷയം പരിഗണിച്ച ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായി. എം ബിബി എസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 400 ഓളം പേര്‍ പഠനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രവേശനം റദ്ദാക്കുന്നത് ശരിയല്ലെന്നാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അഭിപ്രായപ്പെട്ടത്. ഡോക്ടര്‍മാരായ പലരും ഗ്രാമീണ മേഖലയില്‍ സേവനം അനുഷ്ഠിക്കുകയാണ്. അവര്‍ നേടിയ മെഡിക്കല്‍ ജ്ഞാനം പൂര്‍ണമായും അവഗണിക്കുന്ന നടപടി ശരിയല്ലെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ലെന്ന് ജസ്റ്റിസ് എ എം സപ്രെ നിരീക്ഷിച്ചു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് അരിണ്‍ മിശ്ര എന്നിവരായിരുന്നു ഈ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പി ഇ ബിയുടെയും ഹൈക്കോടതിയുടെയും തീരുമാനം ശരിവെക്കുകയാണുണ്ടായത്. സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയാണെന്നും സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവ് തുടങ്ങിയവരുടെ ഓഫീസുകള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഈ കുംഭകോണവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നിയമവാഴ്ചയുടെ നഗ്നമായ നിഷേധമാണ് വ്യാപം ക്രമക്കേടിലെ പ്രതികളുടെ നടപടിയെന്നും സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കുറ്റമാണ് ഈ വിദ്യാര്‍ഥികളുടേതെന്ന് 87 പേജ് വരുന്ന ഐതിഹാസികമായ വിധിന്യായത്തില്‍ ന്യായാസനം വ്യക്തമാക്കി. സമൂഹത്തെ ധാര്‍മികതയിലും, സല്‍സ്വഭാവത്തിലും മുന്നോട്ട് നയിക്കാന്‍ താത്പര്യപ്പെടുന്ന ആര്‍ക്കും വ്യാപം പ്രതികളുടെ ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന ഒരു ആനുകൂല്യങ്ങളും വ്യാപം പ്രതികള്‍ക്ക് നല്‍കാന്‍ കഴിയുകയില്ലെന്ന് ജസ്റ്റിസുമാരായ ജെ എസ് ഖെഹര്‍, കുര്യന്‍ ജോസഫ്, അരുണ്‍ മിശ്ര എന്നിവര്‍ തയ്യാറാക്കിയ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
വിധി വന്നതിനെത്തുടര്‍ന്ന് വ്യാപം തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപത്തില്‍ വ്യാപകമായ ക്രമക്കേട് ഭരണത്തിലുള്ളവരുടെ സഹായത്തോടെ നടന്നിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

വ്യാപം കുംഭകോണത്തില്‍ ആരോപണവിധേയരായ പ്രമാണിമാര്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ലക്ഷമീകാന്ത് ശര്‍മ്മ, അദ്ദേഹത്തിന്റെ ഓഫീസേഴ്‌സ് ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിമാരായ ഒ പി ശുക്ല, സുധീര്‍ ശര്‍മ്മ എന്നിവരും ഐ പി എസ് ഓഫീസറായ ആര്‍ കെ ഷിവാര, റവന്യൂ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ രവികാന്ദ് ദ്വിവേദി തുടങ്ങിയവരും ഡസണ്‍ക്കണക്കിന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരുമാണ്. ഇതിനകം തന്നെ 2000ത്തില്‍പരം പേര്‍ ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
നഗ്നമായ അഴിമതികളും വന്‍ ക്രമക്കേടുകളും ദേശീയ രാഷ്ട്രീയ രംഗത്ത് ഇപ്പോള്‍ ആകെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരുമാണ് ഈ അഴിമതികളുടെ അപ്പോസ്തലന്‍മാര്‍. ഇവരെ തടഞ്ഞുനിര്‍ത്താര്‍ സര്‍ക്കാറുകള്‍ക്ക് സാധ്യമല്ലെന്ന് തെളിയിക്ക പ്പെട്ടിരിക്കുകയാണ്. സര്‍ക്കാറുകള്‍ ഫലത്തില്‍ ഈ കുംഭക്കോണക്കാരുടെയും അഴിമതിക്കാരുടെയും കളിപ്പാവകളായി മാറിയിരിക്കുന്ന ദുഃസ്ഥിയാണ് ഇവിടെയുള്ളത്.

ഈ സാഹചര്യത്തിലാണ് വ്യാപം കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ ധീരമായ വിധി വന്നിരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതിയെങ്കിലും അഴിമതി ചെറുക്കാന്‍ രംഗത്തുണ്ട് എന്നുള്ളത് നമ്മുടെ രാജ്യത്തെ ജനകോടികള്‍ക്ക് നിശ്ചയമായും ആശ്വാസം പകരുന്നതാണ്. വ്യാപത്തിനെക്കൂടാതെ തമിഴ്‌നാട്ടിലെ ജയലളിത, ശശികല പ്രഭൃതികളുടെ അവിഹിത സ്വത്ത് സമ്പാദനത്തിലടക്കം ഉണ്ടായിട്ടുള്ള സുപ്രീം കോടതിയുടെ ഈ വിധികള്‍ വളരെ ചരിത്രപ്രാധാന്യം ഉള്ളതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.