Connect with us

Kerala

ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; സ്‌കൂള്‍ അടിച്ചു തകര്‍ത്തു

Published

|

Last Updated

കൊല്ലം (കൊട്ടാരക്കര): കൊട്ടാരക്കര കലയപുരത്ത് സി ബി എസ് ഇ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദനം. അവശനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.
കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലാണ് സംഭവം. കലയപുരം മലയില്‍ ബഥേല്‍ വില്ലയില്‍ ഷുകു പി തോമസിന്റെ മകന്‍ ഏബലി(11)നാണ് മര്‍ദനമേറ്റത്. നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തില്‍ അവശനായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് രാവിലെ 7.40 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് സ്‌കൂളിലെ അധ്യയന സമയം ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് തുടങ്ങി അല്‍പ സമയത്തിനകം ഏബല്‍, ആനന്ദ്, ആല്‍വിന്‍, ക്രിസ്റ്റ് എന്നീ കുട്ടികളെ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ പാലവിള തന്റെ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാല് കുട്ടികളെയും ചൂരല്‍ കൊണ്ട് അടിച്ചു. താന്‍ എല്ലാം ക്യാമറയില്‍ കണ്ടുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കഴുത്തിന് കുത്തിപ്പിടിച്ച് മുന്നോട്ടും പിന്നോട്ടും ആട്ടി. പിന്നീട് ഇവരെ ക്ലാസ് മുറിയില്‍ നാല് മൂലയിലായി ഇരുത്തുകയും ചെയ്തു. ഉച്ചക്ക് സ്‌കൂള്‍ വിട്ടശേഷം വീട്ടിലെത്തിയ ഏബല്‍ അവശനായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കൊട്ടാരക്കര പോലീസില്‍ പരാതിയും നല്‍കി.

വിവരമറിഞ്ഞ എല്ലാ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രകടനം നടത്തി. സ്‌കൂള്‍ കവാടം പൊളിച്ച് അകത്ത് കടന്ന സംഘം സ്‌കൂള്‍ കെട്ടിടത്തിന്റെ ജനാലകളും ഉപകരണങ്ങളുമൊക്കെ തകര്‍ത്തു. കൊട്ടാരക്കരയില്‍ നിന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പ്രിന്‍സിപ്പലിനെതിരെ കേസെടുക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിഷേധക്കാര്‍ സ്‌കൂള്‍ വിട്ടത്.
മുമ്പും ഈ സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. പള്ളിക്കല്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മുസ്‌ലിം മതാചാര പ്രകാരമുള്ള വസ്ത്രം ധരിച്ചതിനും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കലോത്സവത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവവും വിവാദമായിരുന്നു. ഇവിടെ തുച്ചമായ വേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ച് വെച്ച ശേഷം ഭീഷണിപ്പെടുത്തിയ പരാതികളുമുണ്ട്.

Latest