യാത്രാ വിലക്ക്: പുതിയ ഉത്തരവുണ്ടാകുമെന്ന് ട്രംപ്

Posted on: February 18, 2017 8:46 am | Last updated: February 17, 2017 at 10:51 pm
വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ
മാധ്യമ പ്രവര്‍ത്തകരോട് പ്രകോപതിനായി സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവാദ നടപടിയുമായി മുന്നോട്ടുപോകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടതിയുടെ വിലക്ക് മറികടക്കാന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം. പുതിയ ഉത്തരവിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ട്രംപ് സന്നദ്ധനായില്ല. റദ്ദാക്കിയ യാത്രാ വിലക്കില്‍ ചില മാറ്റങ്ങള്‍ വരുത്തി വിലക്കിന് നിയമപരിരക്ഷ നേടിയെടുക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നിലവില്‍ വിലക്കേര്‍പ്പെടുത്തിയ മുസ്‌ലിം രാജ്യങ്ങള്‍ക്കൊപ്പം ചില അമുസ്‌ലിം രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയും നിയമ വിധേയമായി രാജ്യത്ത് തങ്ങുന്ന കുടിയേറ്റക്കാരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയുമാകും ട്രംപിന്റെ പുതിയ യാത്രാ വിലക്ക്.
കോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് സംസാരിച്ചത്. തങ്ങള്‍ക്കുള്ളത് മോശം കോടതിയാണെന്നും രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ നിന്ന് താന്‍ പിന്നോട്ടുപോകില്ലെന്നും ട്രംപ് പറഞ്ഞു.

അടുത്തയാഴ്ച തന്നെ പുതിയ ഉത്തരവ് പ്രഖ്യാപിക്കുമെന്ന് ട്രംപ് വിശദമാക്കി.
കടുത്ത മുസ്‌ലിം, കുടിയേറ്റവിരുദ്ധ ചിന്താഗതിക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ ജനുവരി 27നാണ് വിവാദ യാത്രാ വിലക്കുമായി രംഗത്തെത്തിയത്. രാജ്യത്തിനകത്തും പുറത്തും നിന്ന് വ്യാപകമായ പ്രക്ഷോഭമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഒടുവില്‍ ഫെഡറല്‍ കോടതി വിഷയത്തില്‍ ഇടപെട്ട് വിവാദ ഉത്തരവ് വിലക്കുകയായിരുന്നു. സിറിയ, യമന്‍, ഇറാന്‍ തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. പ്രഖ്യാപനത്തെ തുടര്‍ന്ന് നിരവധി പേര്‍ വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.
കോടതി നടപടികളില്‍ നിന്ന് രക്ഷനേടി വിവാദ ഉത്തരവ് കൊണ്ടുവരാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഇത് സാധ്യമാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ, ട്രംപിന്റെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ടെക്‌സാസ് സംസ്ഥാനം രംഗത്തെത്തി. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടെക്‌സാസിലേക്ക് പ്രവേശനാനുമതിയുണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെന്‍ പെക്സ്റ്റണ്‍ വ്യക്തമാക്കി. യു എസ് നീതിന്യായ വകുപ്പിന്റെ സഹകരണത്തോടെയാണ് ടെക്‌സാസ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണിതെന്നാണ് ടെക്‌സാസിന്റെ വിചിത്രമായ ന്യായീകരണം.