എമ്പാര്‍ക്കേഷന്‍ കരിപ്പൂരിന് തിരിച്ചു കിട്ടാന്‍ സമ്മര്‍ദം തുടരും

Posted on: February 17, 2017 11:53 pm | Last updated: February 17, 2017 at 11:53 pm

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കിഴിലുള്ള ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നുതന്നെ പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന ഹജ്ജ് വകുപ്പും ഹജ്ജ് കമ്മിറ്റിയും തുടര്‍ന്നും സമ്മര്‍ദം ചെലുത്തും. ഈ വര്‍ഷവും കൊച്ചി ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍ കേന്ദ്ര വ്യോമയാന മന്ത്രി, ഹജ്ജ് കാര്യ മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കരിപ്പൂരില്‍ ഇടത്തരം വിമാനം സര്‍വീസ് നടത്തുന്നതിന് അനുയോജ്യമാണെന്നും ഇതിന് അനുമതി നല്‍കുന്നില്ലെങ്കില്‍ നിലവില്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തുന്ന വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കി ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് തന്നെയാക്കണമെന്ന് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഹാജിമാരില്‍ 85 ശതമാനം പേരും മലബാര്‍ പ്രദേശത്ത് നിന്നുള്ളവരായതിനാല്‍ ഹാജിമാര്‍ ബന്ധുക്കള്‍ക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലായി യിരുന്നു എല്ലാവരു. എന്നാല്‍ അപ്രതീക്ഷിതമായി ഇതിനു തുരങ്കം വെക്കുകയായിരുന്നു.

സിവില്‍ ഏവിയേഷന്‍ വകുപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സ്വകാര്യ വിമാനത്താവള ലോബിയുമാണ് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരുന്നത് ഇല്ലാതാക്കിയതിനു പിന്നിലെന്ന് വ്യക്തമായിരിക്കയാണ്.
മാര്‍ച്ച് മുതല്‍ ജറ്റ് എയര്‍വേയ്‌സ്, എമിറേറ്റസ് ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സെക്ടറി ലേക്ക് സര്‍വീസ് നടത്തുന്നതിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ അപേക്ഷകളില്‍ ഡി ജി സി എ അനുകൂല തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. അങ്ങിനെയെങ്കില്‍ ഇടത്തരം വിമാനം ഉപയോഗിച്ച് ഹജ്ജ് യാതക്ക് മാത്രം അനുമതി നിഷേധിക്കുന്നത് സ്വകാര്യ വിമാനത്താവള ലോബിയുടെ കള്ളക്കളി തന്നെയെന്ന് വ്യക്തമാണ്. മാതമല്ല, കഴിഞ്ഞ മാസം എയര്‍പോര്‍ട്ടിലെ റണ്‍വേ നവീകരണ പ്രവൃത്തി വിലയിരുത്താനെത്തിയ സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഉന്നത സംഘം കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന കാര്യവും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഇത്തവണ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നാകുമെന്ന് ഏറെ പ്രതിക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിയുകയാണുണ്ടായത്.

കരിപ്പൂരില്‍ നിന്ന് ഇത്തവണയും ഹജ്ജ് യാത്ര ഉണ്ടാകില്ലെന്ന കേന്ദ്ര അറിയിപ്പു വന്നെങ്കിലും അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പും ഹജ്ജ് കമ്മിറ്റിയും പിന്നോട്ടു പോകില്ല. സാധ്യമല്ലെങ്കില്‍ രണ്ട് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റിനു അനുമതി നല്‍കി മലബാറില്‍ നിന്നുള്ളവരെ കരിപ്പൂരില്‍ നിന്ന് യാത്രയയക്കുന്നതിനെങ്കിലും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹജ്ജ് കാര്യ മന്ത്രിയും ഹജ്ജ് കമ്മിറ്റിയും വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും.
ഹജ്ജ് യാത കരിപ്പൂരിലേക്ക് തിരിച്ചു കൊണ്ടു വരുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹജ്ജ് കമ്മിറ്റി യോഗം ഇന്ന് 11ന് ഹജ്ജ് ഹൗസില്‍ ചേരുന്നുണ്ട്. അതെ സമയം ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് ഒരു ലക്ഷത്തിലെത്തിയിരിക്കയാണ്. അപേക്ഷകരുടെ ബാഹുല്യം കാരണം കൃത്യമായ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഈ ജോലികള്‍ തകൃതിയായി നടന്നു വരികയാണ്.