ദര്‍ഗ സ്‌ഫോടനം: പ്രത്യാക്രമണവുമായി പാക്കിസ്ഥാന്‍

Posted on: February 17, 2017 10:45 pm | Last updated: February 17, 2017 at 10:45 pm
സ്‌ഫോടനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടയാള്‍ പൊട്ടിക്കരയുന്നു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സൂഫി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി ഉയര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം സലഫിസ്റ്റ് തീവ്രവാദി സംഘടനയായ ഇസില്‍ ഏറ്റെടുത്തതോടെ രാജ്യത്തെ ആത്മീയ കേന്ദ്രങ്ങളിലും മുസ്‌ലിം പള്ളികളിലും സുരക്ഷ ശക്തമാക്കി.
പരമ്പരാഗത ഇസ്‌ലാമിക ആചാരങ്ങള്‍ക്കും മഖ്ബറയടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തുന്ന ഇസില്‍ തീവ്രവാദികളെ നിയന്ത്രിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയം നിതാന്ത ജാഗ്രത പുലര്‍ത്തുകയാണ്. രാജ്യത്തെ പ്രസിദ്ധ സൂഫി ആചാര്യന്റെ മഖ്ബറക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നൂറോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിന്ധ് പ്രവിശ്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

1356ല്‍ പണിത മഖ്ബറക്കും സൂഫി കേന്ദ്രത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രവും ചരിത്ര സ്മാരകവും തകര്‍ക്കാനുള്ള ശ്രമമാണ് ഇസില്‍ നടത്തിയത്. സൂഫി ചിന്തകനായി അറിയപ്പെടുന്ന മുഹമ്മദ് ഉസ്മാന്‍ മര്‍വാന്ദി എന്ന ലാല്‍ ശഹ്ബാസ് ഖ്വലന്‍ദറിന്റെ മഖ്ബറ നിലകൊള്ളുന്ന പള്ളിയിലെത്തിയവര്‍ക്ക് നേരെയാണ് സ്‌ഫോടനം നടന്നത്.

ദര്‍ഗ ആക്രമണത്തില്‍ രാജ്യം നടുക്കം രേഖപ്പെടുത്തി. സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്കുള്ള രണ്ട് പ്രധാന അതിര്‍ത്തികള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഒളിഞ്ഞുകഴിയുന്ന 46 തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ കോടതി, പോലീസ് കെട്ടിടങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ദര്‍ഗയിലെ സ്‌ഫോടനം. പാക്കിസ്ഥാനില്‍ ഇസിലടക്കമുള്ള സലഫിസ്റ്റ് തീവ്രവാദികള്‍ ശക്തി പ്രാപിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം. ഇറാഖ്, സിറിയ തുടങ്ങി ഇസിലിന്റെ സ്വാധീന മേഖലയിലെല്ലാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ട്.
അതിനിടെ, സ്‌ഫോടനത്തില്‍ പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ നൂറ് കവിയാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീര്‍ഥാടന കേന്ദ്രത്തിന് ചുറ്റുമുള്ള 70 കിലോമീറ്റര്‍ പരിധിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനുള്ള സംവിധാനങ്ങളില്ലാത്തത് ദുരിതം ഇരട്ടിയാക്കിയതായി സിന്ധ് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി. പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്. കൊല്ലപ്പെട്ടവരില്‍ 20 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല.