ഫിഫ സ്റ്റേഡിയങ്ങള്‍: ആഗോള പങ്കാളികളുടെ യോഗം ദോഹയില്‍

Posted on: February 17, 2017 10:10 pm | Last updated: February 17, 2017 at 10:01 pm

ദോഹ: ഫിഫ ലോകകകപ്പ് ഉള്‍പ്പടെയുള്ള വന്‍കിട കായിക ടൂര്‍ണമെന്റുകളുടെ സ്റ്റേഡിയം നിര്‍മാണപ്രവര്‍ത്തനങ്ങളിലും കായിക ചാമ്പ്യന്‍ഷിപ്പുകളുടെ സംഘാടനത്തിലും പ്രവര്‍ത്തിക്കുന്ന ആഗോള പങ്കാളികളുടെ സമ്മേളനത്തിന് ദോഹ ആതിഥ്യം വഹിക്കുന്നു. 2022 ഫിഫ ലോകകപ്പിന് ഖത്വര്‍ ആതിഥ്യം വഹിക്കാനിരിക്കെ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി എട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ആഗോള സമ്മേളനം നടക്കുന്നത്. മേയിലാണ് സമ്മേളനം.
2022ലെ ഫിഫ ലോകകപ്പില്‍ ഇരുപത്‌ലക്ഷം പേര്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള താമസ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയെന്നതും ലോകകപ്പില്‍ മത്സരിക്കുന്ന 32 ടീമുകളെയും ഉള്‍ക്കൊള്ളുകയെന്നതും ശ്രമകരമായ ദൗത്യമാണ്. സ്റ്റേഡിയങ്ങള്‍ക്കു പുറമെ പരിശീലന സൗകര്യങ്ങള്‍, താമസസൗകര്യം, ആരോഗ്യ സൗകര്യങ്ങള്‍, ഫാന്‍സോണുകള്‍ എന്നിവയെല്ലാം ലഭ്യമാക്കണം. ഇക്കാര്യങ്ങളില്‍ ഖത്വര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സമ്മേളനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കായികരംഗത്തെ വിദഗ്ധരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്‌റ്റേഡിയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഓഹരിപങ്കാളികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഭാവി പദ്ധതികളെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. ടൂര്‍ണമെന്റുകള്‍ വിജയകരമായ രീതിയില്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാവശ്യമായ സാങ്കേതികവിദ്യകളെയും മറ്റ് ആവശ്യകതകളെക്കുറിച്ചും സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. പ്രാദേശിക സംഘാടകസമിതികള്‍, സ്‌പോര്‍ട്ടിംഗ് ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍, സ്‌റ്റേഡിയം ഉടമകള്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുകള്‍, കരാറുകാര്‍, മെറ്റീരിയല്‍ സൊലൂഷന്‍ ദാതാക്കള്‍ തുടങ്ങിയവര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

ഖത്വറില്‍ നിന്നും അസ്താദ് പ്രൊജക്റ്റ് മാനേജ്‌മെന്റ്, സ്‌പെയിനില്‍ നിന്നും ലാലിഗ, ഹോളണ്ടിന്റെ ആംസ്റ്റര്‍ഡാം അരീന ഇന്റര്‍നാഷനല്‍, ചൈനയുടെ എയ്‌കോം, അമേരിക്കയുടെ എ ടി ആന്‍ഡ് ടി സ്‌റ്റേഡിയം എന്നിവയുടെ ഉള്‍പ്പടെ പ്രതിനിധികള്‍ പങ്കെടുക്കും. റഷ്യ 2018ലും ഖത്വര്‍ 2022ലും ലോകകപ്പിലും ആതിഥ്യം വഹിക്കാനൊരുങ്ങുന്നു. ചൈനയില്‍ വലിയതോതില്‍ കായികരംഗത്ത് അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ പുരോഗമിക്കുന്നു. 2026 ഫിഫ ലോകകപ്പിനുള്ള ബിഡിംഗ് ഉടന്‍ ആരംഭിക്കും. ഈ സാഹചര്യങ്ങളില്‍ ഏറ്റവും അത്യാധുനിക സ്റ്റേഡിയങ്ങളുടെ ഡിസൈനും നിര്‍മാണപൂര്‍ത്തീകരണവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സമ്മേളനത്തിന്റെ പ്രസക്തി.