സ്‌കൂളുകളില്‍ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം; ദുബൈ പോലീസ് ബോധവല്‍കരണം നടത്തും

Posted on: February 17, 2017 8:45 pm | Last updated: February 17, 2017 at 8:30 pm
SHARE

ദുബൈ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ബോധവല്‍കരണ പരിപാടികള്‍ നടത്താനൊരുങ്ങി ദുബൈ പോലീസ്. സ്‌കൂള്‍ പ്രവര്‍ത്തന സമയത്ത് വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപൃതരായി ചാറ്റിങ്ങിലും മറ്റ് തിരച്ചിലുകളിലും ഇടപെടുന്ന പരാതികള്‍ വ്യാപകമായതോടെയാണ് ദുബൈ പോലീസ് കുട്ടികളെ ബോധവല്‍കരിക്കുന്നതിന് പദ്ധതിയിടുന്നത്. കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

സ്‌കൂള്‍ പ്രവര്‍ത്തന സമയത്തു കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നത് വിലക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും. സ്‌കൂളുകളില്‍ കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപൃതരാവുന്നത് രക്ഷിതാക്കളുടെ പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. വീടുകളില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും സ്‌കൂളുകളില്‍ ചിലവഴിക്കുന്നത് തടയാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് ഏറെ മാതാപിതാക്കള്‍ക്കും, ദുബൈ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപൃതരാകുന്ന കുട്ടികളെ അപരിചിതര്‍ ബ്ലാക്ക് മെയിലിംഗിനും മറ്റു അനാശാസ്യ പ്രവര്‍ത്തികള്‍ക്കും ഇരയാകാന്‍ സാധ്യത കൂടുതലാണ്. ഇതിനെതിരെ നിരവധി തവണ ബോധവല്‍കരണ കാമ്പയിനുകള്‍ പോലീസ് നടത്തിയിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു.
തെറ്റായ ഒരു സാങ്കല്‍പിക ലോകത്താണ് കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ എത്തിപ്പെടുന്നത്. സ്‌കൂള്‍ പാഠ ഭാഗങ്ങളോട് കുട്ടികള്‍ വിമുഖത കാണിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ചില കുട്ടികള്‍ പഠന സമയത്തു ക്ലാസ് ടീച്ചറുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നിയമ ലംഘനമെന്നറിയാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികള്‍ ചെയ്യുന്നത്. കര്‍ശനമായ നടപടികള്‍ ഇവര്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ബോധവല്‍കരണം നടത്തും, അദ്ദേഹം വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here