ഫലസ്തീന്‍; ട്രംപിന്റെ പ്രസ്താവനയില്‍ നിരാശ

Posted on: February 17, 2017 7:55 pm | Last updated: February 17, 2017 at 7:26 pm

ദുബൈ: ഫലസ്തീന്‍ രാജ്യം അനുവദിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന മേഖലയില്‍ നിരാശ പടര്‍ത്തി. ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നത്തിന് ഏക പോംവഴിയായി ഏവരും കരുതുന്നതാണ് വെവ്വേറെ രാജ്യം. അമേരിക്ക ഇതേ വരെ ഈ നിലപാടിനോട് യോജിച്ചിരുന്നു. അമേരിക്കയുടെ പെട്ടെന്നുള്ള മലക്കം മറിച്ചില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് വെടിയുതിര്‍ത്തത്.

‘ഇരുവരും ഇഷ്ടപ്പെടുന്ന ഒറ്റ രാജ്യം’ മതി എന്നായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ അഭിപ്രായം. മധ്യപൗരസ്ത്യ മേഖലയുടെ ചരിത്രം ട്രംപിന് അറിയില്ലെന്ന് ഇതിലൂടെ ബോധ്യമായതായി പലരും വിലയിരുത്തുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് ആദ്യമായി ദ്വിരാഷ്ട്ര നിര്‍ദേശം മുന്നോട്ട് വെച്ചത് എന്നിരിക്കെ, ട്രംപ് ഫലസ്തീന്‍ പ്രശ്‌നം പഠിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ട്രംപിന്റെ പ്രസ്താവനക്കെതിരെ മേഖലയില്‍ രോഷം പ്രകടമാണ്.