‘വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുവെന്നത് അടിസ്ഥാനരഹിതം’: ചിക്കിംഗ് ചെയര്‍മാന്‍ എകെ മന്‍സൂര്‍

Posted on: February 17, 2017 7:30 pm | Last updated: February 17, 2017 at 7:21 pm
SHARE

ദുബൈ: വ്യാജ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തുവെന്ന പേരില്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ചിക്കിംഗ് ചെയര്‍മാനും എം ഡിയുമായ എ കെ മന്‍സൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചില തത്പരകക്ഷികളാണ് വാര്‍ത്തക്ക് പിന്നില്‍. തനിക്ക് എട്ട് പാസ്‌പോര്‍ട്ടുണ്ടെന്നാണ് ചില ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തനിക്ക് 14 പാസ്‌പോര്‍ട്ടുകളുണ്ട്. ഒരു വ്യാപാരി എന്ന നിലയില്‍ നിരന്തരം യാത്ര ചെയ്യേണ്ടിവരുന്നതിനാലാണ് പാസ്‌പോര്‍ട്ടുകള്‍ കൂടെക്കൂടെ പുതുക്കേണ്ടിവന്നത്. 14 പാസ്‌പോര്‍ട്ടുകളില്‍ 13 എണ്ണം റദ്ദ് ചെയ്തിട്ടുണ്ട്.

യു എ ഇയില്‍ 30 വര്‍ഷമായി വാണിജ്യരംഗത്തുള്ള ആളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിക്കിംഗിന് ശാഖകളുണ്ട്. യു എ ഇ, യു കെ അടക്കം അഞ്ച് രാജ്യങ്ങളുടെ വിസയുണ്ട്. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് കൂടെക്കൂടെ അടിക്കുന്നതിനാല്‍ പെട്ടെന്ന് തന്നെ പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ തീര്‍ന്നുപോകും. കൊച്ചിയില്‍നിന്ന് ദുബൈയിലേക്കുള്ള ഒരു യാത്രക്കിടെ എയര്‍പോര്‍ട്ടില്‍വെച്ച് എമിഗ്രേഷന്‍ പഴയ പാസ്‌പോര്‍ട്ടിലാണ് സ്റ്റാമ്പ് ചെയ്തത്. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങി ഇതുസംബന്ധിച്ച് എമിഗ്രേഷന്‍ അന്യായമായി പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ വിശദമായ പരിശോധനക്ക് ശേഷം ഇത് എമിഗ്രേഷന്റെ അബദ്ധമാണെന്ന് കണ്ടെത്തുകയുണ്ടായി. കൊച്ചിയിലുള്ള ഒരു വ്യക്തി പാസ്‌പോര്‍ട്ടിലെ അപാകത അടക്കം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതിപ്പെട്ടു. തന്നോട് പൂര്‍വ വിരോധമുള്ളയാളാണിയാള്‍.
തന്റെ പേരിലുള്ള ആക്ഷേപത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അഭ്യര്‍ഥിച്ചു. അദ്ദേഹം ഡി ജി പിയെ കാണാന്‍ പറഞ്ഞു. ഡി ജി പി അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരുന്നുണ്ട്. തന്റെ പാസ്‌പോര്‍ട്ടുകളെല്ലാം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പുതുക്കിയിരിക്കുന്നത്. ഒരു വര്‍ഷംകൊണ്ടുതന്നെ പലപ്പോഴും പാസ്‌പോര്‍ട്ടില്‍ പേജ് തീരും. പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പേര് മാറുകയോ മേല്‍വിലാസം മാറുകയോ ചെയ്തിട്ടില്ല. ആക്ഷേപം വന്നതിന് ശേഷവും കേരളത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

കഴിഞ്ഞ എട്ടിന് കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് വരികയും ദുബൈയില്‍നിന്ന് ലണ്ടനില്‍ പോവുകയും ചെയ്തിട്ടുണ്ട്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു പ്രശ്‌നമില്ല. പാക്കിസ്ഥാനിലും മറ്റും വാണിജ്യ സ്ഥാപനങ്ങളുമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് അടിസ്ഥാന രഹിതമാണ്. തന്നെ ആശ്രയിച്ച് 3000ത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പെട്ട ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാനില്‍ പോയിട്ടില്ല. തന്നെ കുറിച്ചോ തന്റെ ജീവനക്കാരെ കുറിച്ചോ എന്‍ ഐ എ അന്വേഷണം നടക്കുന്നില്ല.
മുമ്പൊരിക്കല്‍ റദ്ദ് ചെയ്ത പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച കേസ് കോടതിയിലുണ്ട്. അത് താന്‍ നല്‍കിയ ഹരജി പ്രകാരമാണ്. 30 വര്‍ഷത്തെ യു എ ഇ ജീവിതത്തിനിടയില്‍ ഒരു ട്രാഫിക് പിഴ പോലും തനിക്കടക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയില്‍ ഒരു കേസും തനിക്കെതിരെ ഉണ്ടായിട്ടില്ല. അതേസമയം എമിഗ്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണമെന്ന് താനാവശ്യപ്പെടുകയാണ്. തന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആരോ കൈവശപ്പെടുത്തി വ്യാജ പരാതി നല്‍കിയിട്ടുണ്ട്. ഇത് സംഭവിച്ചുകൂടാത്തതാണ്. എമിഗ്രേഷന്‍ വിവരാവകാശ നിയമത്തിന് പുറത്താണ്. എന്നിട്ടും തന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈനുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തന്നെ പ്രകോപിപ്പിച്ച് പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാമെന്നാണ് ചിലര്‍ ധരിക്കുന്നത്. അത് ശരിയല്ല, മന്‍സൂര്‍ പറഞ്ഞു.
മന്‍സൂറിന്റെ അഭിഭാഷകന്‍ ഐ ആര്‍ ഈശ്വര്‍, മാധ്യമ ഉപദേഷ്ടാവ് പി കെ പ്രകാശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here