ജീവന്‍ പണയപ്പെടുത്തി റഷ്യന്‍ യുവതിയുടെ ഫോട്ടോഷൂട്ട്

Posted on: February 17, 2017 7:17 pm | Last updated: February 17, 2017 at 7:17 pm

ദുബൈ: റഷ്യന്‍ യുവതി ജീവന്‍ പണയപ്പെടുത്തി ദുബൈയിലെ കയാന്‍ ടവറില്‍ നടത്തിയ ഫോട്ടോഷൂട് കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ ആയിരം അടി ഉയരമുള്ള ടവറില്‍ ഒരു സഹായിയുടെ കൈയില്‍ പിടിച്ചു തൂങ്ങിക്കിടന്നാണ് ഫോട്ടോ ഷൂട് നടത്തിയത്.

23കാരിയായ വിക്കി ഒഡിന്റ്‌കോവ ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായി. ആദ്യം കയാന്‍ ടവറിന്റെ ഏറ്റവും മുകള്‍ നിലയിലെ ജനാലക്കു പുറത്തിറങ്ങിയ വിക്കി ഒരു വലിയ ബീമില്‍ സഹായിയുടെ കൈകളില്‍ പിടിച്ച് പുറത്തേക്ക് വളഞ്ഞുനിന്നാണ് ചിത്രത്തിനു പോസ് ചെയ്തത്. മറ്റൊരു വശത്തുനിന്ന് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തി. ഇതിനു ശേഷം സഹായിയുടെ കൈയില്‍ മാത്രം പിടിച്ച് വിക്കി ബീമില്‍ നിന്നിറങ്ങി തൂങ്ങിക്കിടക്കുകയായിരുന്നു. ഇതിന്റെ ചിത്രവും വിഡിയോയും പകര്‍ത്തി. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വിക്കിക്ക് മുപ്പതുലക്ഷം ആരാധകരാണുള്ളത്. ചിത്രം പകര്‍ത്തുമ്പോള്‍ ഭയമുണ്ടായിരുന്നുവെന്നു വിക്കി പറഞ്ഞു. എന്താണ് ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസം. ഓരോ തവണ ചിത്രങ്ങളും വിഡിയോയും കാണുമ്പോഴും കാലില്‍നിന്നു തരിപ്പുണ്ടാകുന്നുണ്ടെന്നും വിക്കി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും വൈറലായി. വിക്കിയുടെ പ്രകടനം കണ്ട് ആരാധകര്‍ അന്തംവിട്ടു. എന്തെങ്കിലും അബദ്ധം സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നാണു മിക്കവരുടെയും പ്രതികരണം.