ജിഷ്ണുവിന്റെ മരണം: നെഹ്‌റു കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ്

Posted on: February 17, 2017 10:05 am | Last updated: February 17, 2017 at 6:36 pm

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. കോളേജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരിച്ച ജിഷ്ണുവിനെ ഇവിടെവെച്ച് മര്‍ദിച്ചിരുന്നെന്നാണ് പോലീസ് വിലയിരുത്തുന്നത്. മുമ്പ് ദൃശ്യങ്ങള്‍ക്കായി ശ്രമം നടത്തിയിരുന്നെങ്കിലും ഇത് നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

കോളേജ് അധികൃതരില്‍ നിന്ന് പോലീസിന് ലഭിച്ച ഹാര്‍ഡ് ഡിസ്‌കാണ് ഫോറന്‍സിക് പരിശോധനക്കയച്ചത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.