കര്‍ഷകനില്‍ നിന്ന് തലൈവരിലേക്ക്

Posted on: February 17, 2017 9:40 am | Last updated: February 17, 2017 at 9:40 am

ചെന്നൈ: പളനിസ്വാമി തൊഴില്‍ കൊണ്ട് കര്‍ഷകനാണ്. രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ അനുഭവിച്ച നേതാവും. എടപ്പാടിക്കാരുടെ സ്വന്തം പളനിസ്വാമിക്ക് കൈവന്ന മുഖ്യമന്ത്രിപദം വിശ്വസ്തതക്കുള്ള അംഗീകാരവും രാഷ്ട്രീയ ആകസ്മികതയുടെ സൃഷ്ടിയുമാണ്. അല്‍പ്പം കാത്തിരിന്നുവെങ്കില്‍ പനീര്‍ശെല്‍വത്തില്‍ തന്നെ തിരിച്ചെത്തുമായിരുന്ന തലൈവര്‍ കുപ്പായമാണ് എടപ്പാടി പളനിസ്വാമിക്ക് ലഭിക്കുന്നത്. ഒ പി എസിന് വീണിടത്ത് പളനി സ്വാമി വാഴുന്നു.
മന്നാര്‍ഗുഡി മാഫിയയുടെ ചരടുവലികള്‍ക്ക് നിയോഗിക്കപ്പെട്ട ദിനകരന്‍ അടക്കമുള്ളവരുടെ അകത്ത് നിന്നുള്ള നിയന്ത്രണവും ഒ പി എസ് ക്യാമ്പ് പുറത്തുനിന്ന് ഉയര്‍ത്തുന്ന സമ്മര്‍ദവും അതിജീവിച്ച് പളനിസ്വാമിക്ക് അമ്മയുടെ ജനപ്രിയ ഭരണം സാധ്യമാക്കാനാകുമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. എക്കാലവും ജയലളിതയുടെ ആജ്ഞാനുവര്‍ത്തിയിയായിരുന്നു എടപ്പാടി. സംസ്ഥാന ഹൈവേകളുടെയും തുറമുഖങ്ങളുടെയും ചുമതലയുള്ള മന്ത്രി. പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം. 2011- 16 കാലയളവിലും ഏറ്റവും ഒടുവിലെ മന്ത്രിസഭയിലും അദ്ദേഹം പ്രധാനപ്പെട്ട പങ്കുവഹിച്ചു. മന്ത്രിസഭയില്‍ മൂന്നാമനായിരുന്നു.
സേലം ജില്ലയിലെ എടപ്പാടി താലൂക്കിലെ നെടുങ്കുളത്തുകാരനായ പളനിസ്വാമി 1980കളിലാണ് എ ഐ എ ഡി എം കെയില്‍ സജീവമാകുന്നത്. 1987ല്‍ എം ജി ആര്‍ മരിക്കുകയും പാര്‍ട്ടി പിളരുകയും ചെയ്തപ്പോള്‍ ജയലളിതക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എടപ്പാടി മണ്ഡലത്തില്‍ നിന്ന് 1989ലെ തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ അങ്കം. ആദ്യ പോരാട്ടത്തില്‍ തന്നെ പളനിസ്വാമി വിജയം വരിച്ചു. 1991ലും അത് ആവര്‍ത്തിച്ചു.
എന്നാല്‍, പിന്നീടുള്ള പത്ത് വര്‍ഷം പളനിസ്വാമിയുടെ രാഷ്ട്രീയ തിരോധാനത്തിന്റേതായിരുന്നു. പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അദ്ദേഹം തഴയപ്പെട്ടു. ജനകീയ ബന്ധങ്ങള്‍ക്കും ഉലച്ചില്‍ സംഭവിച്ചു. അതു കൊണ്ടുതന്നെ 2006ലെ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി എടപ്പാടിയില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ കാലിടറി. പട്ടാളി മക്കള്‍ കച്ചി സ്ഥാനാര്‍ഥി വി കാവേരിയോട് അടിയറവുപറഞ്ഞു.
2011ല്‍ പി എം കെയിലെ തന്നെ എം കാര്‍ത്തിയെ തോല്‍പ്പിച്ച് രാഷ്ട്രീയ തിരിച്ചുവരവ് നടത്തി. അതോടെ മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പളനിസ്വാമി ജയലളിതയുമായി കൂടുതല്‍ അടുക്കുന്നത്.
2016ലെ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി എടപ്പാടിയില്‍ പോരാട്ടത്തിനിറങ്ങിയ പളനിസ്വാമി 42,022 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം വരിച്ചത്. പി എം കെയിലെ അണ്ണാദുരൈയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. പുതിയ മന്ത്രിസഭയില്‍ നേരത്തേയുള്ള വകുപ്പുകള്‍ക്ക് പുറമേ പൊതുമരാമത്തിന്റെ ചുമതല കൂടി അദ്ദേഹത്തിന് ജയലളിത സമ്മാനിച്ചു.
പനീര്‍ശെല്‍വം പകരം മുഖ്യമന്ത്രിയായപ്പോഴെല്ലാം നല്ല പിന്തുണയാണ് പളനിസ്വാമി നല്‍കിയത്. തന്റെ കൂടെ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള എം എല്‍ എമാരെ ഭിന്നതകളില്ലാതെ ഉറപ്പിച്ച് നിര്‍ത്തുകയെന്നതായിരിക്കും പളനിസ്വാമിയുടെ ഏറ്റവും ശ്രമകരമായ ദൗത്യം. ബി ജെ പിയടക്കമുള്ള ദേശീയ പാര്‍ട്ടികളോട് എന്ത് സമീപനം പുലര്‍ത്തുമെന്നതും ചോദ്യമാണ്. രാജ്യസഭയില്‍ എ ഐ എ ഡി എം കെ. എം പിമാര്‍ ഇപ്പോള്‍ ബി ജെ പിയെ സഹായിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് തുടരുന്നുണ്ടോ എന്ന് തീരുമാനിക്കണം. ഡി എം കെയുടെ നീക്കങ്ങളെ പ്രതിരോധിക്കുകയും വേണം.