വിദ്യാര്‍ഥി രാഷ്ട്രീയവും സ്വാശ്രയ കച്ചവടക്കാരും

അധ്യാപകര്‍ കുട്ടികള്‍ക്കു ഇന്റേണല്‍ മാര്‍ക്കു നല്‍കുന്ന അതേ മാനദണ്ഡം വെച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കും ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന സമ്പ്രദായം പല വിദേശ സര്‍വകലാശാലകളിലും ഉണ്ട്. വിഷയത്തിലുള്ള അധ്യാപകന്റെ പ്രാഗത്ഭ്യം -പഠിപ്പിക്കുന്നതില്‍ പ്രകടമാകുന്ന കഴിവ്, കുട്ടികള്‍ക്കു നല്‍കുന്ന സ്‌നേഹവാത്സല്യങ്ങള്‍, അവരുമായി സ്ഥാപിക്കപ്പെട്ട ചങ്ങാത്തം ഇതൊക്കെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കുന്ന ഇന്റേണല്‍ അസ്സസ്‌മെന്റിന്റെ ഭാഗമാണ്. ഇത്തരം ഒരു നിര്‍ദേശം യു ജി സി സ്‌കീമിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടതായിരുന്നു. യു ജി സി സ്‌കീം കേവലം ഒരു ശമ്പളപരിഷ്‌കരണ പദ്ധതി എന്നതിനപ്പുറത്തേക്കു കൊണ്ടുപോകാന്‍ ആരും താത്പര്യമെടുത്തു കണ്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ സര്‍വകലാശാലകളിലേയും കോളജുകളിലേയും എത്രയോ പ്രൊഫസര്‍മാരും ഡോക്ടര്‍മാരും വീട്ടില്‍ പോയിരിക്കേണ്ടി വരുമായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വേണമായിരുന്നു സമരം ചെയ്യാന്‍.
Posted on: February 17, 2017 9:27 am | Last updated: February 17, 2017 at 9:27 am

ഒരിക്കല്‍ ഒരു തവളയും ഒരെലിയും ഒരുമിച്ച് തോട്ടിന്‍ തീരത്തെത്തി. കരയിലും ജലത്തിലും ഒരു പോലെ ജീവിക്കാന്‍ പഠിച്ച തവളക്ക് തോട് നീന്തിക്കടക്കല്‍ എളുപ്പമായിരുന്നു. പക്ഷേ എലി എന്തു ചെയ്യും? എലിക്കു നീന്താനറിയില്ലല്ലോ. എലിയുടെ സങ്കടം കണ്ട് തവള പറഞ്ഞു നീ ഒട്ടും വിഷമിക്കണ്ട, നിന്റെ വാല്‍ എന്റെ കാലുമായി കൂട്ടിക്കെട്ടുക, ഞാന്‍ നീന്തി നിന്നെ അക്കരെ എത്തിച്ചു കൊള്ളാം.എലി സമ്മതിച്ചു. തവളയുടെ മനസ്സിലിരിപ്പു മറ്റൊന്നായിരുന്നു. ഇവനെ വെള്ളത്തില്‍ മുക്കിക്കൊല്ലുക. അക്കരെ എത്തുമ്പോള്‍ ഇവനെ കുറേശ്ശെ കടിച്ചു തിന്നുക. തവള വിചാരിച്ചതു പോലെ തന്നെ ചെയ്തു. തോടിന്റെ മധ്യത്തിലെത്തിയപ്പോള്‍ തവള ഒന്നുശരിക്കും താണുമുങ്ങി. പൊങ്ങിയപ്പോഴേക്കും എലി ചത്തുകഴിഞ്ഞിരുന്നു. അക്കരെയെത്തി എലിയെ ശാപ്പിടുന്നതിന്റെ രസം ഓര്‍ത്ത് കരയിലേക്കു വേഗം നീന്തിയടുത്തു. തവളകളും എലികളും തമ്മിലുണ്ടായ സംസാരവും അവരുടെ നടപടികളും നിരീക്ഷിച്ചു കൊണ്ട് ഒരു പരുന്ത് തൊട്ടടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുന്നുണ്ടായിരുന്നു. തവളകളും എലികളും തോടുമുറിച്ചു കടക്കുമ്പോള്‍ അവരുടെ മുകളിലൂടെ പരുന്ത് സാവകാശം പറന്നു മറുകരയെത്തിയിരുന്നു. തവള ചത്ത എലിയേയുമായി കരക്കു കയറിയപാട് പരുന്ത് എലിയെയും തവളയെയും ഒപ്പം കൊത്തിയെടുത്തു അടുത്ത മരക്കൊമ്പില്‍ പോയിരുന്നു രണ്ടു പേരെയും തിന്നു. മഹാകവി ഡാന്റെ തന്റെ ഡിവൈന്‍ കോമഡി എന്ന മഹാകാവ്യത്തില്‍ പുരോഹിതന്‍മാര്‍, വിശ്വാസികള്‍, ചെകുത്താന്‍, എന്നീ ത്രിവിധ ഘടകങ്ങളുടെ അവസ്ഥ തന്റെ അനുവാചകര്‍ക്കുമനസ്സിലാക്കാന്‍ വേണ്ടി ഉദ്ധരിച്ചു ചേര്‍ത്ത ഒരന്യോപദേശ കഥയാണിത്. ഈ കഥയിലെ തവള പുരോഹിതനും, എലി വിശ്വാസിയും -രണ്ടു പേരെയും റാഞ്ചി എടുത്തു വിഴുങ്ങുന്ന പരുന്ത് ചെകുത്താന്‍ അഥവാ പിശാചും ആണെന്ന് ഡാന്റെ തന്നെ വിശദീകരിക്കുന്നുണ്ട്.
ലോ അക്കാദമി സമരം തുടക്കം മുതലേ നിരീക്ഷിച്ചപ്പോള്‍ ഈ കഥ ഓര്‍മ്മ വന്നു. ഇവിടെ തവള പഴയ കോലീബി (കോഗ്രസ്, ലീഗ്, ബി ജെപി)അനുകൂല വിദ്യാര്‍ഥി സംഘടനകളെയും എലി, സി പി ഐ. അനുകൂല എ ഐ എസ് എഫിനെയും പരുന്ത് ബി ജെ പി അനുകൂല എ ബി വി പിയെയും പ്രതിനിധീകരിക്കുന്നു എന്നു പറയാം. എമ്പ്രാന്തിരിയുടെ വിളക്കത്ത് വാര്യരുടെ അത്താഴം! കോണ്‍ഗ്രസിന്റെയും സി പി ഐയുടേയും ചെലവില്‍ ബി ജെ പിയുടെ ആഘോഷം. ലോ അക്കാദമിസമരം അവസാനിപ്പിച്ചു കൊണ്ട് നടന്ന ആഹ്ലാദപ്രകടനത്തില്‍ അതല്ലേ നമ്മള്‍ തിരുവനന്തപുരത്തു കണ്ടത്. ബി ജെ പിയുടെ ഗ്രഹനില വെച്ചു നോക്കുമ്പോള്‍ ഇനിയും അത്തരം പല പ്രകടനങ്ങളും കാണാനുള്ള യോഗം നമുക്കു ലഭിച്ചേക്കും. മാധ്യമങ്ങള്‍ കടുത്ത വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ജെല്ലിക്കെട്ട് വിവാദം, പനീര്‍ശെല്‍വം, ശശികലാ തല്ലിക്കെട്ടു വിവാദത്തിലേക്കും പരിണമിച്ചു കിട്ടിയില്ലായിരുന്നെങ്കില്‍ മാധ്യമ ചര്‍ച്ചകളിലെ അന്തിചന്ത അഭ്യാസക്കാര്‍ വല്ലാതെ വിഷമിച്ചുപോയേനെ. ഇപ്പോഴിതാ പാമ്പാടി നെഹ്‌റു കോളജും കൃഷ്ണദാസും. പിന്നാലെ വരാനിരിക്കുന്നത് ഇതിലും വിഷം കൂടിയ ജീവികളായിരിക്കാം. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം കലങ്ങി മറിയുകയാണ്.
എന്തെല്ലാം പുകിലുകളാണ് ലോ അക്കാദമി സമരക്കാലത്ത് പറഞ്ഞു കേട്ടത്. യഥാര്‍ഥത്തില്‍ എന്തായിരുന്നു അവിടെ സംഭവിച്ചത്? ലോ അക്കാദമി എന്ന സ്ഥാപനം ഇന്നും ഇന്നെലയൊന്നും തുടങ്ങിയതല്ലല്ലോ, അതിലൂടെ കയറി ഇറങ്ങി ആ സ്ഥാപനത്തിന്റെ ഗുണഭോക്താക്കളാകാത്ത എത്ര രാഷ്ട്രീയ നേതാക്കള്‍ കാണും? നമ്മുടെ ഇടയില്‍ അന്നൊന്നും ഇല്ലാത്ത എന്തു ഭൂകമ്പം ആണിപ്പോള്‍ അവിടെയുണ്ടായത്? ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പാലിന്റെ പിന്‍വാങ്ങല്‍ ഒന്നു കൊണ്ടു മാത്രം അവിടെ എന്തു മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്? ആരാണീ സ്വാശ്രയ കോളജ് എന്ന വികല ശിശുവിന്റെ പിതാവ്? രണ്ടു സ്വാശ്രയ കോളജ് = ഒരു ഗവമെന്റ് കോളജ് എന്ന് വീമ്പിളക്കിയ ശ്രീമാന്‍ എ കെ ആന്റണി ഏതു മാളത്തിലാണ് ഒളിച്ചത്? ഇതൊന്നും തീര്‍പ്പാക്കാതെ, നിരാഹാരപ്പന്തലില്‍ നിന്നും രണ്ട് മുരളീധരന്മാരും എഴുന്നേറ്റോടിപ്പോയത് ശരിയായില്ല. ഇനി ഏതു സ്വാശ്രയ കോളജിന്റെ മുറ്റത്തായിരിക്കും ഇവരിരുവരും ചേര്‍ന്ന് സത്യാഗ്രഹം ഇരിക്കുക എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു.
സരിതാനായരെ മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതു പോലെ ലക്ഷ്മി നായരെ വെച്ചുകൊണ്ട് പിണറായി വിജയനെ വേട്ടയാടാന്‍ ഒരു വേദി ഒരുക്കുകയായിരുന്നു നമ്മുടെ കുശാഗ്ര ബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍. രണ്ടു പേരുടേയും പേരിന്റെ അഗ്രത്ത് ഓരോ നായര്‍വാലു കാണപ്പെടുന്നു എന്നല്ലാതെ എന്തു സാമ്യമാണ് ഈ രണ്ടു നായരച്ചികളും തമ്മിലുള്ളത്. ഒന്നുമില്ലെന്നു പകല്‍ പോലെ വ്യക്തം. എന്നിട്ടും നമ്മുടെ സോഷ്യല്‍ മീഡിയ കുട്ടികള്‍ ഇരുവരെയും ഒരേ നുകത്തില്‍ കെട്ടാന്‍ ശ്രമിച്ചു. ഒരു ലോ കോളജിന്റെ പ്രിന്‍സിപ്പലാകാനുള്ള പ്രായമോ പക്വതയോ ഒന്നും ലക്ഷ്മി നായര്‍ക്കില്ലെന്നതൊഴിച്ചാല്‍, അവരെക്കുറിച്ചു സോഷ്യല്‍ മീഡിയക്കാരും ചാനല്‍ ചര്‍ച്ചക്കാരുമൊക്കെ പറയുന്നതും പ്രചരിപ്പിക്കുന്നതുമൊക്കെ ശുദ്ധ അസംബന്ധങ്ങളാണ്. ലക്ഷ്മി നായര്‍ ലോഅക്കാദമിയില്‍ പഠിച്ചുകൊണ്ടിരുന്ന അതേ കാലത്തു തന്നെ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യം പഠിച്ച് എം എ ബിരുദം നേടിയെടുത്തതാണ് ഒരു പ്രധാന ആരോപണം.അതിലെന്താണിത്ര തെറ്റ്? പല വിദേശ സര്‍വകലാശാലകളിലും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം അവസരങ്ങള്‍ നല്‍കാറുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയ മിക്ക സ്ത്രീ പുരുഷന്‍മാര്‍ക്കും സഹജമായ അല്‍പം അഹന്ത, ചെറിയ തലയെടുപ്പ്, സ്വന്തം ഈഗോയുടെ ആഘോഷം അതൊക്ക ലക്ഷ്മി നായര്‍ക്കും ഉണ്ടായിപ്പോയത് ഒരു കുറ്റമാണോ? ഇതൊന്നും ഇല്ലാത്ത എത്ര പ്രിന്‍സിപ്പല്‍മാരുണ്ട് നമ്മുടെ നാട്ടില്‍. കുട്ടികളെ വഴക്കു പറയുക, സഹപ്രവര്‍ത്തകരെ ശാസിക്കുക, കുട്ടികള്‍ കറങ്ങി നടക്കാതെ കൃത്യമായി ക്ലാസില്‍ ഇരുന്നു പഠിക്കണമെന്ന് പറയുക, ഇത്രയൊക്കെയല്ലേ ശ്രീമതി ലക്ഷ്മി നായരും ലോ അക്കാദമിയില്‍ ചെയ്തത്. അതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ ഞങ്ങള്‍ക്കു വേണ്ടേ വേണ്ടെന്ന് വിളിച്ചു പറയാന്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍, അതേറ്റു പിടിക്കാന്‍ കുറെ വിദ്യാര്‍ഥി സംഘടനകള്‍ അവരെ സംരക്ഷിക്കാന്‍ കട്ടിലും കിടക്കയും ഒക്കെയായി സത്യാഗ്രഹം ഇരിക്കാന്‍ കുറെ നേതാക്കന്‍മാര്‍, ഒടുവില്‍ വല്ലപാടും എഴുന്നേറ്റു പോയേ മതിയാകൂ എന്നു വരുമ്പോള്‍ സമര വിജയം ആരുടെ കണക്കില്‍ എഴുതി ചേര്‍ക്കണമെന്ന തര്‍ക്കം. പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികളെ ജാതിപ്പേരു പറഞ്ഞാക്ഷേപിച്ചു എന്നാണ് ഒരു പരാതി. നമ്മില്‍ ആര്‍ക്കും ആര്‍ക്കെതിരേയും ഉന്നയിക്കാവുന്ന ഒരാരോപണം.
ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. എല്ലാ പിന്നാക്ക ജാതിക്കാരും പട്ടിക വര്‍ഗക്കാരും, സ്വന്തം പേരിന്റെ അനുബന്ധമായി അവരുടെ ജാതിപ്പേരു കൂടെ എഴുതിപ്പരസ്യപ്പെടുത്തുക. അതപമാനമാണെന്ന് തോന്നുമെങ്കില്‍ പകരം ബഹുമാന്യമെന്ന് കരുതപ്പെട്ടു പോരുന്ന നമ്പൂതിരി, അന്തര്‍ജനം, വര്‍മ്മ, കയ്മള്‍ , പണിക്കര്‍, നായര്‍, നമ്പ്യാര്‍, നങ്ങ്യാര്‍, പിഷാരടി, പിഷാരസ്യര്‍ എന്നിങ്ങനെയൊക്കെയുള്ള ബഹുമതി നാമങ്ങള്‍ എഴുതി താണ ജാതിയില്‍ പെട്ട അവരുടെ രക്ഷിതാക്കള്‍ മക്കളെ സ്‌കൂളില്‍ ചേര്‍ക്കട്ടെ. ആദിവാസിക്കുട്ടിയുടെ പേരിനോടൊപ്പം നമ്പൂതിരി, നമ്പ്യാര്‍ എന്നൊക്കെ എഴുതി ചേര്‍ക്കുന്നതിന് എതിരായ വകുപ്പുകളൊന്നും നമ്മുടെ ഭരണഘടനയിലില്ല. അധഃകൃത ജാതിക്കാര്‍ അവരുടെ ജാതിപ്പേരില്‍ അഭിവാദനം കൊള്ളുകയാണ് വേണ്ടത്. ആദ്യം സവര്‍ണര്‍ അവരുടെ പേരില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നും ജാതിപ്പേര് ഉപേക്ഷിക്കട്ടെ. അവര്‍ണര്‍ അവരുടെ ജാതിയെച്ചൊല്ലി അപകര്‍ഷതാബോധം വെച്ചുപുലര്‍ത്തുന്നു എന്നതിന്റെ തെളിവാണ് ജാതിപ്പേരു വിളിച്ചാക്ഷേപിച്ചു എന്നൊക്കെ പറഞ്ഞ് ആര്‍ക്കെങ്കിലും എതിരെ കേസ് കൊടുക്കുന്ന ഏര്‍പ്പാട്. അംേബദ്ക്കറിസ്റ്റുകള്‍ പൊതുവേ ഈ നിലപാടു പുലര്‍ത്തുന്നവരാണ്. സ്വന്തം ജാതിപ്പേരു എന്തു കൊണ്ട് അപമാനകരമായി സ്വയം അനുഭവപ്പെടുന്നു എന്ന കാര്യം ഉന്നത വിദ്യാഭ്യാസ തത്പരരായ വിദ്യാര്‍ഥികള്‍ ആലോചിക്കണം. ലക്ഷ്മി നായര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപത്തെ പ്രതിരോധിക്കാനല്ല ഇവിടെ തുനിയുന്നത്. അവര്‍ കമ്മ്യൂണിസ്റ്റുകാരിയാണ്, പുരോഗമനാശയക്കാരിയാണ്.തന്റെ മനസ്സില്‍ ജാതി ചിന്ത തീരെയില്ല എന്നൊക്കെ അവര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ വിദ്യാര്‍ഥികളുടെ ആരോപണങ്ങളേക്കാള്‍ ആധികാരികത ലഭിക്കുന്നത് അവരുടെ പ്രസ്താവനക്കാണ്.
ഇന്റേണല്‍ മാര്‍ക്ക് എന്ന മാജിക് വടിയാണ് ഇപ്പോള്‍ സര്‍വത്ര വില്ലനായിരിക്കുന്നത്. എന്താണിതിന്റെ ആവശ്യം? കുട്ടികള്‍ പഠിപ്പില്‍ പ്രകടിപ്പിക്കുന്ന മികവായിരിക്കട്ടെ അവരുടെ ക്ലാസുകയറ്റത്തിനുള്ള ഏകമാനദണ്ഡം. അധ്യാപകരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്നതിലൂടെ ദാനമായി വാങ്ങേണ്ട ഒന്നല്ല ഇന്റേണല്‍ മാര്‍ക്കും ഒപ്പമുള്ള ക്ലാസ്സു കയറ്റവും. അധ്യാപകര്‍ കുട്ടികള്‍ക്കു ഇന്റേണല്‍ മാര്‍ക്കു നല്‍കുന്ന അതേ മാനദണ്ഡം വെച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കും ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന സമ്പ്രദായം പല വിദേശ സര്‍വകലാശാലകളിലും ഉണ്ട്. വിഷയത്തിലുള്ള അധ്യാപകന്റെ പ്രാഗത്ഭ്യം -പഠിപ്പിക്കുന്നതില്‍ പ്രകടമാകു ന്ന കഴിവ്, കുട്ടികള്‍ക്കു നല്‍കുന്ന സ്‌നേഹവാത്സല്യങ്ങള്‍, അവരുമായി സ്ഥാപിക്കപ്പെട്ട ചങ്ങാത്തം ഇതൊക്കെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കുന്ന ഇന്റേണല്‍ അസ്സസ്‌മെന്റിന്റെ ഭാഗമാണ്. ഇത്തരം ഒരു നിര്‍ദേശം നമ്മുടെ യു ജി സി സ്‌കീമിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടതായിരുന്നു. യു ജി സി സ്‌കീം കേവലം ഒരു ശമ്പളപരിഷ്‌കരണ പദ്ധതി എന്നതിനപ്പുറത്തേക്കു കൊണ്ടുപോകാന്‍ നമ്മുടെ നാട്ടിലെ അധ്യാപകരോ, അധ്യാപക സംഘടനകളോ, എന്തിന് അവര്‍ക്കു കുട പിടിച്ചു കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ താത്പര്യമെടുത്തു കണ്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ സര്‍വകലാശാലകളിലേയും കോളജുകളിലേയും എത്രയോ പ്രൊഫസര്‍മാരും ഡോക്ടര്‍മാരും വീട്ടില്‍ പോയിരിക്കേണ്ടി വരുമായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വേണമായിരുന്നു സമരം ചെയ്യാന്‍. അല്ലാതെ ഇത്തരം അഴകൊഴമ്പന്‍ ന്യായങ്ങള്‍ പറഞ്ഞുള്ള വിദ്യാര്‍ഥി ഐക്യം വിളികളും രാഷ്ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്താനുള്ള കുറുക്കു വഴി തേടലുമായിരുന്നില്ല. ഒരു ലോ അക്കാദമി സമരത്തില്‍ തീരുന്നതായിരിക്കരുത് വിദ്യാര്‍ഥികളുടെ സമരവീര്യം. അവര്‍ക്കാത്മാര്‍ഥതയുണ്ടെങ്കില്‍ ഇവിടുത്തെ മിക്ക സ്വാശ്രയ വിദ്യാലയങ്ങളിലും നിര്‍ബാധം തുടര്‍ന്നു പോകുന്ന പകല്‍ കൊള്ളക്കും ചൂഷണത്തിനും എതിരെ ഒരുമിക്കട്ടെ. ക്യാമ്പസുകളിലെ രാഷ്ട്രീയ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തട്ടെ. ഒരേ പന്തലില്‍ നടന്നു വരുന്ന പലതരം വിളമ്പലുകള്‍ക്കെതിരേ പ്രതിഷേധിക്കട്ടെ. ഇരയാക്കപ്പെട്ട വിദ്യാര്‍ഥിയുടെ വീട്ടില്‍ മുഖ്യമന്ത്രി എന്തു കൊണ്ട് പോയില്ല? അങ്ങനെ പോയത് കൊണ്ട് ആര്‍ക്ക് എന്തു ഗുണം? ആത്മഹത്യയോ കൊലപാതകമോ സംഭവിച്ചാല്‍ മാത്രമേ ഇവിടുത്തെ രക്ഷിതാക്കള്‍ക്ക് സ്വാശ്രയ വിദ്യാലയങ്ങളുടെ തനിനിറം ബോധ്യമാവുകയുള്ളോ? സ്വാശ്രയവിദ്യാലയങ്ങളിലെ അധ്യാപകര്‍ ആ പേരിന് അര്‍ഹരാണോ? തങ്ങള്‍ മാനേജ്‌മെന്റിന്റെ വാട കഗുണ്ടകളാണെന്നല്ലേ , നെഹ്‌റു കോളജിലെ അധ്യാപകര്‍ തെളിയിച്ചിരിക്കുന്നത്. ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി തെരണ്ടി വാലു കൊണ്ട് അടിക്കാനുള്ള നിയമനിര്‍മാണമാണ് ഉണ്ടാകേണ്ടത്.
(കെ സി വര്‍ഗീസ് ഫോണ്‍, 9446268581)