ഐഎസ്ആര്‍ഒ ലോകത്തിന് നെറുകയില്‍

Posted on: February 17, 2017 9:25 am | Last updated: February 17, 2017 at 9:25 am
SHARE

ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചതിലൂടെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ലോകത്തിന്റെ നെറുകയില്‍ സ്ഥാനം നേടിയിരിക്കയാണ് ഇന്ത്യ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച പി എസ് എല്‍ വി സി-37 റോക്കറ്റ് വഴിയാണ് അമേരിക്ക, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇസ്‌റാഈല്‍, യു എ ഇ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളുടേതുള്‍പ്പെടെ 104 കൃത്രിമോപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. 2014-ല്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യക്കായിരുന്നു ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചതിലുള്ള റെക്കോര്‍ഡ്. ഐ എസ് ആര്‍ ഒയുടെ 85-ാമത്തെയും പി എസ് എല്‍ വിയുടെ 39ാ-ാമത്തെയും ബഹിരാകാശ ദൗത്യമാണിത്.
ബഹിരാകാശ ഗവേഷണ രംഗത്ത് തുടരെത്തുടരെ ശ്രദ്ധേയമായ നേട്ടങ്ങളാണ് അടുത്ത കാലത്തായി ഇന്ത്യ കൈവരിക്കുന്നത്. 2008ലെ ചാന്ദ്രയാന്‍- 1 , 2013-ലെ മംഗള്‍യാന്‍ തുടങ്ങിയവ. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ചെലവിലുള്ള ഭീമമായ കുറവാണ് ഇന്ത്യന്‍ വിക്ഷേപണ മേഖലയെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം. അമേരിക്കയുടെ അറ്റ്‌ലസ്-5 വാഹനത്തിന് ഏതാണ്ട് 669 കോടി രൂപയും റഷ്യയുടെ ഫാല്‍ക്കണ്‍-9 വാഹനത്തിന് 381 കോടി രൂപയുമാണ് ചെലവെങ്കില്‍ ഇന്ത്യയുടെ പി എസ് എല്‍ വി റോക്കറ്റ് വിക്ഷേപണത്തിനുള്ള ചെലവ് വെറും ഒന്നരക്കോടി രൂപയാണ്. ഉപഗ്രഹ വിക്ഷേപണത്തിലെ സുരക്ഷിതത്വത്തിലും ഇന്ത്യ മികച്ചു നില്‍ക്കുന്നു.
പല വിദേശ രാഷ്ട്രങ്ങളും വിക്ഷേപണത്തിനായി ഐ എസ് ആര്‍ ഒയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. 2015 ജൂലൈയില്‍ ശ്രീഹരിക്കോട്ട സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ പി എസ് എല്‍ വി 28 റോക്കറ്റില്‍ ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. 2015 സെപ്തംബറില്‍ അമേരിക്കയുടെ നാലും ഇന്തോനേഷ്യ, കാനഡ എന്നിവയുടെ ഓരോ ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഭാവിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുണ്ടാക്കുന്ന സ്ഥാപനമായി ഐ എസ് ആര്‍ ഒ മാറിക്കൂടായ്കയില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആസന്ന ഭാവിയില്‍ അമേരിക്കയുടെ നാസ കൈവരിച്ച പല നേട്ടങ്ങളും അതിനേക്കാളേറെയും ഐ എസ് ആര്‍ ഒ മറികടക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രവചനം.
ഐ എസ് ആര്‍ ഒയുടെ മുന്നേറ്റത്തില്‍ അമേരിക്കക്ക് കടുത്ത ആശങ്കയുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയെ ക്ഷയിപ്പിക്കാന്‍ അവര്‍ പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. 1992 മേയില്‍ ഐ എസ് ആര്‍ ഒക്കും ഇന്ത്യയുടെ സഹകാരികളായിരുന്ന സോവിയറ്റ് കമ്പനി ഗ്ലാവ്‌കോസ്‌മോസിനും എതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് 1993ല്‍ ഇന്ത്യയുമായുണ്ടാക്കിയ കരാറില്‍ നിന്നു റഷ്യ പിന്‍വാങ്ങി. ഇന്ത്യക്ക് ഇത് വന്‍ തിരിച്ചടിയായെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു നാം പിന്നീട് സ്വയം ഈ രംഗത്ത് കരുത്താര്‍ജിക്കുകയായിരുന്നു. നേരത്തെ റഷ്യയുടെ സഹകരണം തേടിയിരുന്നെങ്കിലും മംഗള്‍യാന്‍ പിന്നീട് വികസിപ്പിച്ചതും വിക്ഷേപിച്ചതും അവരുടെ സഹായമില്ലാതെയാണ്.
ശുക്രനിലേക്കുള്ള പര്യവേക്ഷണം, ജി എസ് എല്‍ വി- 3, സൗര പര്യവേക്ഷണമായ ആദിത്യ പ്രോജക്ട്, ചാന്ദ്രയാന്‍ 2 തുടങ്ങി ശ്രദ്ധേയമായ പല പദ്ധതികളും ഐ എസ് ആര്‍ ഒയുടെ ലിസ്റ്റിലുണ്ട്. അമേരിക്കന്‍ ഏജന്‍സിയായ നാസ പരാജയപ്പെട്ടതോ പൂര്‍ണമായും ലക്ഷ്യം നേടാന്‍ പറ്റാതെ പോയതോ ആയ പദ്ധതികളാണ് ഇവയില്‍ ചിലത്. ശുക്രനിലെ കട്ടിയേറിയ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഉത്പത്തിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായകമായ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റിന് സമാനമായ പര്യവേക്ഷണ പേടകമാണ് ഇന്ത്യ ശുക്രനിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നത്.
സൂര്യനെ നിരീക്ഷണ വിധേയമാക്കുന്ന ആദിത്യ പദ്ധതിയാണ് മറ്റൊന്ന്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ അഞ്ച് ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. സൗരകാറ്റുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയിലെ ഇലക്‌ട്രോണിക് നെറ്റുകളെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ചാന്ദ്രയാന്‍ രണ്ടാണ് അടുത്തത്. ചന്ദ്രനില്‍ സോളാര്‍ എനര്‍ജി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ ഇറക്കി പര്യവേക്ഷണം നടത്തുന്ന പദ്ധതിയാണിത്. ഈ പേടകം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കും. ലോകത്തിലാദ്യമായി ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാന്‍-ഒന്ന് ദൗത്യമായിരുന്നു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ ശേഷിയുള്ളതും 5,000 കിലോയോളം വഹിക്കാന്‍ ശേഷിയുള്ളതുമായ ജി എസ്എല്‍ വി-3 ഉം ഇന്ത്യന്‍ ഗവേഷകരുടെ പണിപ്പുരയിലുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തേക്ക് വളരെ മുമ്പേ കാലെടുത്തു വെച്ച അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ ശക്തികളെ പിന്തളളി ഇന്ത്യക്ക് മുന്നോട്ട് കുതിക്കാന്‍ അവസരമൊരുക്കിയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here