സമസ്ത ഉലമാ സമ്മേളനം: നഗരി പ്രവേശം ഇന്ന്

Posted on: February 17, 2017 9:00 am | Last updated: February 17, 2017 at 9:00 am

തൃശൂര്‍: കേരളം കാതോര്‍ക്കുന്ന പണ്ഡിത സംഗമത്തിന്റെ നഗരി പ്രവേശം ഇന്ന്. മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ കര്‍മഭൂമിയായ താജുല്‍ ഉലമാ നഗറില്‍ പന്തല്‍ നിര്‍മാണ പ്രവൃത്തി ഇന്ന് തുടങ്ങും. വൈകീട്ട് അഞ്ചിന് നടക്കുന്ന പന്തല്‍ കാല്‍നാട്ടല്‍ കര്‍മത്തിന് സാക്ഷികളാകാന്‍ ആതിഥേയ ജില്ലയിലെ ആദര്‍ശ കുടുംബം ഒന്നടങ്കം ഒത്തുചേരും.
കോഴിക്കോട്- തൃശൂര്‍ ദേശീയപാതയോരത്ത് പുഴക്കല്‍ പാടത്താണ് വിശാലമായ താജുല്‍ ഉലമാ നഗര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനയ്യായിരം പണ്ഡിതന്മാര്‍ക്ക് പ്രഭാഷണം കേള്‍ക്കാനും വിശ്രമിക്കാനും നിസ്‌കരിക്കാനും സൗകര്യപ്രദമാകും വിധമാണ് സമ്മേളന പന്തല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രധാന പന്തലിന് പുറമെ നിരവധി അനുബന്ധ പന്തലുകളും സജ്ജീകരിക്കും.
കേരളത്തിലേക്ക് വിശുദ്ധ ഇസ്‌ലാം കടന്നുവന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ മസ്ജിദില്‍ ഇന്ന് ജുമുഅക്ക് ശേഷം സാദാത്തുക്കളുടെയും പണ്ഡിത നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തോടെയാണ് ഉലമാ സമ്മേളനത്തിന്റെ മുന്നൊരുക്കം നടക്കുന്നത്.
വൈകീട്ട് മൂന്നിന് നഗരിയിലേക്കുള്ള പന്തല്‍കാല്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവരും. ചാവക്കാട്, കുന്നംകുളം, കേച്ചേരിപടി നഗരിയിലെത്തുന്ന ജാഥയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ നേതാക്കള്‍ സ്വീകരിക്കും. വിവിധ യൂനിറ്റുകളില്‍ ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ കാല്‍നാട്ടല്‍ കര്‍മത്തിന് നേതൃത്വം വഹിക്കും. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി, സയ്യിദ് ഫസല്‍ വാടാനപ്പള്ളി, അഡ്വ. പി വി അലി, പി കെ ബാവ ദാരിമി പങ്കെടുക്കും.