Connect with us

Ongoing News

ബയേണിനോട് തോറ്റമ്പി ആഴ്‌സണല്‍

Published

|

Last Updated

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍നിരക്കായ ആഴ്‌സണലിലെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്കിന്റെ പടയോട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. തിയാഗോ അല്‍കന്റാരയുടെ ഇരട്ട ഗോളുകളാണ് ജര്‍മന്‍ വമ്പന്മാര്‍ക്ക് മിന്നുന്ന ജയമൊരുക്കിയത്. ആര്യന്‍ റോബന്‍, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍ എന്നിവരും ലക്ഷ്യം കണ്ടതോടെ പീരങ്കിപ്പട സടകൊഴിഞ്ഞ സിംഹമായി. അലക്‌സിസ് സാഞ്ചസാണ് ആഴ്‌സണലിന്റെ ഏക ഗോള്‍ നേടിയത്.
കഴിഞ്ഞ ആറ് സീസണുകളിലും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ആഴ്‌സണലിന് ഇനി മുന്നേറുക എളുപ്പമാകില്ല. മാര്‍ട്ട് എട്ടിന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വമ്പന്‍ ജയം നേടിയാല്‍ മാത്രമേ ആഴ്‌സെന്‍ വെംഗര്‍ക്കും സംഘത്തിനും രക്ഷയുള്ളൂ. 75 ശതമാനം ബോള്‍ പൊസഷനുണ്ടായിട്ടും അഞ്ച് ഗോള്‍ വഴങ്ങിയെന്നത് ആഴ്‌സണലിന് നാണക്കേടായി.
മ്യൂണിക്കിലെ അലൈന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മന്‍ ടീം പതിയെയാണ് തുടങ്ങിയത്. പതിനൊന്നാം മിനുട്ടില്‍ ആര്യന്‍ റോബന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബയേണ്‍ മുന്നിലെത്തി. 25 വാര അകലെ നിന്നുള്ള റോബന്റെ ഇടം കാല്‍ ഷോട്ട് ആഴ്‌സണല്‍ വല കുലുക്കി.
30ാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസിലൂടെ ആഴ്‌സണല്‍ സമനില ഗോള്‍ നേടി. സാഞ്ചസെടുത്ത പെനാല്‍റ്റി കിക്ക് ഗോള്‍ കീപ്പര്‍ തടുത്തെങ്കിലും റീ ബൗണ്ട് മനോഹരമായി വലയിലെത്തിച്ചാണ് സാഞ്ചസ് ഗോള്‍ നേടിയത്. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലോറെന്റെ കൊസെയ്ല്‍നി പരുക്കേറ്റ് പുറത്തായതോടെ ഗണ്ണേഴ്‌സിന്റെ പോരാട്ട വീര്യം ചോര്‍ന്നു. പിന്നീട് 53ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 56, 63 മിനുട്ടുകളില്‍ തിയാഗോയും ലക്ഷ്യം കണ്ടതോടെ ആഴ്‌സണല്‍ വന്‍ പരാജയം തുറിച്ചു നോക്കി. മത്സരം അവസാനിക്കാന്‍ രണ്ട് മിനുട്ട് ശേഷിക്കെ തോമസ് മുള്ളര്‍ ആഴ്‌സണലിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു. ആഴ്‌സണല്‍ മധ്യനിരയും പ്രതിരോധവും തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ അലക്‌സി സാഞ്ചസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
കഴിഞ്ഞ ആറ് സീസണുകളിലും ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ രണ്ടിലും ബയേണിനോടായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ ഹോം ഗ്രൗണ്ടില്‍ നേടുന്ന തുടര്‍ച്ചയായ 16ാം ജയമാണിത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിലിയ വിജയക്കുതിപ്പും ഇതു തന്നെ. 2015 ന് ശേഷം ഇതാദ്യമായാണ് ആഴ്‌സണല്‍ അഞ്ച് ഗോളുകള്‍ വഴങ്ങുന്നത്. അവസാനം അഞ്ച് ഗോളുകള്‍ വഴങ്ങിയത് ബയേണ്‍ മ്യൂണിക്കിനോട് തന്നെയായിരുന്നു.
തകര്‍പ്പന്‍ ജയം നേടിയ ടീം അംഗങ്ങളെ ബയേണ്‍ മ്യൂണിക്ക് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അഭിനന്ദിച്ചു. സീസണില്‍ ഏറ്റവും ആധിപത്യം പുലര്‍ത്തിയ മത്സരമായിരുന്നു ഇത്. തകര്‍പ്പന്‍ പ്രകടനമാണ് കളിക്കാര്‍ പുറത്തെടുത്തത്. അര്‍ഹിച്ച വിജയം. ഒത്തിണക്കവും വേഗതയും സമന്വയിച്ച വിജയം. ലണ്ടനില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഇതേ സമീപനമായിരിക്കും ടീമിന്റെത്- അദ്ദേഹം വ്യക്തമാക്കി.

Latest