പളനിസ്വാമി മുഖ്യമന്ത്രി; ശനിയാഴ്ച വിശ്വാസവോട്ട് തേടും

Posted on: February 16, 2017 5:05 pm | Last updated: February 17, 2017 at 6:22 pm

ചെന്നൈ: താത്കാലിക മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തിയതോടെ തമിഴ്‌നാട്ടിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താത്കാലിക വിരാമം. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായ വി കെ ശശികലയുടെ വിശ്വസ്തന്‍ എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. പത്ത് ദിവസം നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കൊടുവിലാണ് സത്യപ്രതിജ്ഞ. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് മുമ്പാകെയാണ് പളനിസ്വാമി അധികാരമേറ്റത്.
പളനിസ്വാമിക്ക് പുറമെ മുപ്പത് മന്ത്രിമാരും ഇന്നലെ വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റു. പനീര്‍ശെല്‍വം, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന്‍ എന്നിവരെ ഒഴിവാക്കിയാണ് മന്ത്രിസഭ രൂപവത്കരിച്ചത്. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായ കെ എ സെങ്കോട്ടയ്യന്‍ മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. ആഭ്യന്തരം, ധനം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പ് മുഖ്യമന്ത്രിക്കാണ്. പാണ്ഡ്യരാജന് പകരം മന്ത്രിസഭയിലെത്തിയ സെങ്കോട്ടയ്യനായിരിക്കും സ്‌കൂള്‍ വിദ്യാഭ്യാസം.
ശനിയാഴ്ചയാണ് സഭ ചേരുന്നത്. അന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തും. പതിനഞ്ച് ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് പളനിസ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രിമാര്‍ക്കൊപ്പം ജയലളിത സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പളനിസ്വാമി സെക്രട്ടേറിയറ്റിലെത്തിയത്. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനും പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു.
അനധികൃത സ്വത്ത് കേസില്‍ ശശികലയെ ശിക്ഷിച്ച വിചാരണാ കോടതി വിധി ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഭൂരിഭാഗം എം എല്‍ എമാര്‍ ഒപ്പുവെച്ച കത്ത് ഗവര്‍ണര്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപവത്കരിക്കാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ എം എല്‍ എമാരും മന്ത്രിമാരും കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് പളനിസ്വാമി. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെയാണ് ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റത്. രണ്ട് തവണ ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോഴും പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രി. ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതോടെയാണ് പനീര്‍ശെല്‍വം രാജിവെക്കുന്നത്.
അതേസമയം, ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ഒ പി എസ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടി ഭരണഘടന ലംഘിച്ചാണ് തിരഞ്ഞെടുപ്പെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.