Connect with us

Articles

കുപ്പിവെള്ളത്തിന് പിറകെ കുപ്പി വായുവും

Published

|

Last Updated

വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഒരു പരസ്യവാചകം ഓര്‍ത്തുപോകുകയാണ്. നല്ല ചൂടില്‍ വിയര്‍ത്തുനില്‍ക്കുന്ന ഒരാള്‍ കൈയിലെ കുപ്പിവെള്ളം ദാഹാര്‍ത്തമായി കുടിച്ചുകൊണ്ട് പറയുകയാണ്: “ഈ വേനല്‍ ഇങ്ങനെത്തന്നെ എക്കാലവും നിലനിന്നുവെങ്കില്‍” എന്ന്. അന്നത് വായിച്ച് പലരും ഞെട്ടി. പരസ്യവാചകം എത്ര പെട്ടെന്നാണ് അറംപറ്റിയതുപോലെ കേരളത്തെ ബാധിച്ചത്. 44 നദികളും അതിലേറെ കൈത്തോടുകളും കുളങ്ങളും മറ്റുമുള്ള നമ്മുടെ കൊച്ചു കേരളം മറ്റൊരു രാജസ്ഥാനായി മാറുന്നത് നാം കാണുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും യഥേഷ്ടം കുപ്പിവെള്ളങ്ങളായി. ഗ്രാമങ്ങളിലെ അനാദി കടകളില്‍ പോലും നമുക്കിന്ന് “വാട്ടര്‍ ബോട്ടിലുകള്‍” കിട്ടും. നമ്മുടെ വീട്ടുമുറ്റത്തെ കിണറില്‍ നിന്നു പാളയില്‍ വെള്ളം കോരി കുടിക്കുമ്പോഴുണ്ടാവുന്ന ആനന്ദം വിലകൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ നിന്നു കിട്ടുമോ എന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നു മുതല്‍ക്കാണ് നാം നമ്മുടെ കിണറുകളെ അവിശ്വസിച്ചു തുടങ്ങിയത്? അങ്ങനെ അവിശ്വസിക്കാന്‍ കാരണമാരാണ്? പ്രകൃതിയെയും പരിസ്ഥിതിയെയും നാമെത്ര കണ്ട് മുറിവേല്‍പ്പിച്ചു എന്നു കാണാന്‍ നമ്മുടെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ മാത്രം മതി. കുപ്പിവെള്ളം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും നമ്മുടെ നാട്ടില്‍ നിന്നുതന്നെ അവ ബോട്ടിലുകളായി വിപണിയില്‍ എത്തിയപ്പോഴും നെറ്റി ചുളിച്ച നാമിന്ന് എവിടെ നില്‍ക്കുന്നു? കടയില്‍നിന്ന് അരിയും പഞ്ചസാരയും വാങ്ങുന്നതുപോലെ നാം കുപ്പിവെള്ളവും വാങ്ങിത്തുടങ്ങിയില്ലേ?
ജീവിക്കാന്‍വേണ്ടി ജലം എത്രമാത്രം വിലപ്പെട്ടതാണോ, അതിനേക്കാളേറെ വിലപ്പെട്ടതാണ് ഒരാള്‍ക്ക് ശുദ്ധമായ വായു. വെള്ളമില്ലാതെ നമുക്ക് കുറച്ച് ദിവസമെങ്കിലും അതിജീവിക്കാന്‍ കഴിയുമെങ്കില്‍ വായുവില്ലാതെ എങ്ങനെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയും? ഇത് നമ്മെക്കാള്‍ ആശങ്കയോടെ ചിന്തിക്കുന്നത് കുത്തകകളാണെന്നു മാത്രം. കനേഡിയന്‍ കമ്പനിയായ “വൈറ്റലിറ്റി എയര്‍” കുപ്പിവെള്ളം പോലെത്തന്നെ ശുദ്ധവായു കുപ്പിയില്‍ നിറച്ച് ഇന്ത്യയില്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ പോകുന്നു. കുപ്പിവെള്ളം ഇവിടെ വിപണിയിലെത്തിത്തുടങ്ങിയപ്പോള്‍ നെറ്റി ചുളിച്ച നാം കുപ്പിവായുവിനെക്കുറിച്ച് അത്രകണ്ട് വ്യാകുലപ്പെടേണ്ടതില്ല. കാരണം, കമ്പനി പറയുന്നത് ലോകത്ത് വേഗത്തില്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യം ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണെന്നാണ്. ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും ചില മുന്നറിയിപ്പുകള്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഈ കണക്കിനെ ആധാരമാക്കിയാണ് കനേഡിയന്‍ കമ്പനി കുപ്പിവായു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കാത്തുനില്‍ക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് ഒരു ശ്വാസത്തിന് 12.50 രൂപ വില നല്‍കേണ്ടിവരുമത്രേ. ഇത്രയും വലിയ തുക കൊടുത്ത് കുപ്പിവായു വാങ്ങാന്‍ ക്രയശേഷിയുള്ളവര്‍ വന്‍കിടക്കാര്‍ മാത്രമാണ്. അല്ലാത്തവര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. മുതലാളിത്തം ലാഭത്തില്‍ മാത്രം ഊന്നി സ്വയം തടിച്ചുകൊഴുക്കുന്നതായതുകൊണ്ട് പാവങ്ങളുടെ ജീവന് എന്ത് വില?
1965 മുതലാണ് ഇന്ത്യയില്‍ കുപ്പിവെള്ള വിതരണം സജീവമായതെന്ന് നമുക്കറിയാം. “ബിസ്‌ലെറി” എന്ന കമ്പനിയായിരുന്നു അതിന് തുടക്കം കുറിച്ചത്. കുപ്പിവെള്ളത്തോട് അകല്‍ച്ച കാണിച്ചവര്‍ പില്‍ക്കാലത്ത് അതിന്റെ ഭാഗമാകുന്നത് നാം കണ്ടു. ഇന്ന്, ലോകത്തിലെ കുപ്പിവെള്ള വിപണിയിലെ മുന്‍നിരയിലാണ് ഇന്ത്യ. ലോകത്തുതന്നെ ഈ മേഖലയില്‍ രണ്ടാം സ്ഥാനം നമുക്കുണ്ട്. അര നൂറ്റാണ്ടിനു മുമ്പത്തെ പാരിസ്ഥിതിക ചുറ്റുപാടല്ല ഇന്നുള്ളത്. നമ്മുടെ കുളവും തോടുകളും നദികളുമെല്ലാം ഭയാനകമാംവിധം മലിനീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ജലസ്രോതസ്സ് കൊണ്ട് സമ്പന്നമായ കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. മാത്രവുമല്ല, എന്തും വേഗത്തില്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പ്രത്യേക താത്പര്യവും കേരളീയര്‍ കാണിക്കാറുണ്ട്. പലപ്പോഴും സംസ്‌കാര ചിത്തരാണെന്ന് നാം അവകാശപ്പെടുമ്പോഴും സംഭവിക്കുന്നത് മറിച്ചാണ്. കുപ്പിവെള്ളം തന്നെ ഒരു ഉദാഹരണം. വീട്ടില്‍ നിന്നിറങ്ങി നഗരത്തിലെത്തുമ്പോള്‍ ആദ്യം നാം വാങ്ങുന്നത് കുപ്പിവെള്ളമാണ്. പക്ഷേ, നാം വിശ്വസിച്ച് വാങ്ങി കഴിക്കുന്ന ഈ വെള്ളം തന്നെ എത്രകണ്ട് വിശ്വസനീയമാണെന്നത് ആലോചിക്കേണ്ടതാണ്. ഭൂജലം ചൂഷണം ചെയ്ത് വര്‍ണക്കടലാസുകളൊട്ടിച്ച് വിപണിയിലെത്തുന്ന ഈ ബോട്ടിലുകളിലെ ജലം മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2015-ലാണ് കുപ്പിവായു എന്ന ആശയം ചൈനയില്‍ നാമ്പിടുന്നത്. ബീജിങ്ങിലായിരുന്നു അതിന്റെ തുടക്കം. ചൈനയില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരിക്കപ്പെടുന്ന നഗരമാണിത്. കുപ്പിവായുവിന്റെ നിര്‍മാണവും അതിന്റെ പരസ്യവും സമൂഹത്തില്‍ പ്രചരിച്ചതോടെ ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതത്രെ! ഓണ്‍ലൈന്‍ വഴിയായിരുന്നു ബീജിങ്ങില്‍ കച്ചവടത്തിന് തുടക്കം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ ബീജിങ്ങ് നഗരം കടന്ന് ഇതിന്റെ വില്‍പന വിതരണക്കാര്‍ വഴി മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ഇതിനകം 12,000-ത്തിലേറെ കുപ്പികള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായാണ് കണക്ക്. അടുത്ത ഒന്ന് രണ്ട് മാസത്തിനകം ഇത് പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരു കണ്ടയ്‌നറില്‍ നിറച്ച വായു ഒരു മാസ്‌കിലൂടെ വലിച്ചെടുക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന. ലിറ്റര്‍ കണക്കിലാണ് കണ്ടയ്‌നറുകള്‍. 8 ലിറ്റര്‍ വലിപ്പമുള്ള ഒരു കണ്ടയ്‌നറിന് ഇന്ത്യന്‍ വിപണിയില്‍ 2500 രൂപയോളം വരുമെന്ന് പറയുന്നു. ഈ കണ്ടയ്‌നറില്‍ വായു എങ്ങനെ നിറക്കുന്നുവെന്നും അത് എങ്ങനെ ശുദ്ധീകരിക്കുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണ് കമ്പനി. വരുംകാലങ്ങളില്‍ ഈ രംഗത്ത് മല്‍സരവും, വിപണി സാധ്യതയും ഏറുന്നതോടെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏതൊരു ഉല്‍പന്നവും അതിന്റെ പ്രാരംഭഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും ഇന്ത്യയിലാണ്. മരുന്നു കമ്പനികള്‍ മുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വരെ ഈ ഗണത്തില്‍ വരും. വായു മലിനീകരണം ത്വരിതഗതിയില്‍ നടക്കുന്ന ഇന്ത്യയില്‍ കുപ്പിവായുവിന് വലിയ സാധ്യതയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അതിന്റെ സ്ഥാപകനായ മോസസ് ലാം വ്യക്തമാക്കുകയുണ്ടായി. ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിനകം 100 ബോട്ടിലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതായാണ് സൂചന.

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് കുപ്പിവെള്ളം വാങ്ങുന്നതുപോലെ കുപ്പിവായുവും നിങ്ങള്‍ക്കിനി വാങ്ങാന്‍ കഴിയുമെന്ന് ചുരുക്കം. കുപ്പിവെള്ളക്കാരന്റെ പരസ്യവാചകം അവന്റെ ചൂഷണ മനഃസ്ഥിതിയുടെയും രീതിശാസ്ത്രത്തിന്റെയും പ്രതിഫലനമാണെങ്കില്‍, കുപ്പിവായു വില്‍പ്പനക്കാരന്റെ പരസ്യം എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ പ്രകൃതിയും വായുവും അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കട്ടെ എന്നാവും അവന്റെ പ്രാര്‍ഥന. ഇതിനെ മറികടക്കാന്‍ നമുക്കു മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെ ഇനിയും ചൂഷണത്തിന് വിധേയമാക്കാതെ വാസയോഗ്യമാക്കുക.

Latest