പരിഹാസ്യമായ രാഷ്ട്രീയ പരിണാമങ്ങള്‍

കഴിഞ്ഞ രണ്ടു മാസമായി ശശികല സ്വയം നടത്തിയ പുനഃക്രമീകരണങ്ങളും ശ്രദ്ധേയമായിരുന്നു. വസ്ത്രധാരണം, പൊട്ട്, നടത്തം, ചിന്നമ്മ എന്ന നാമകരണം, തന്റെ പേരിന്റെ കൂടെയുണ്ടായിരുന്ന നടരാജന്‍ എന്ന പേര് മാറ്റിക്കളഞ്ഞത് എന്നിവയെല്ലാം ഒരു പുനരവതാരത്തിന്റെ നാടകീയ ശൈലിയിലായിരുന്നു. അവര്‍ കാര്യപ്രാപ്തിയുള്ളവരാണോ അല്ലയോ എന്നതല്ല പ്രശ്‌നം, വേഷം മാറ്റിയുടുക്കുകയും താന്‍ ഇനി മുതല്‍ മുഖ്യമന്ത്രിയാണെന്ന് നിശ്ചയിച്ച് ബാക്കിയുള്ളവരെയെല്ലാം പമ്പര വിഡ്ഢികളാക്കുകയും ചെയ്യുക എന്ന പ്രക്രിയ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു പരിധി വരെ വിലപ്പോയി എന്നതാണ് വിചിത്രം. ജയലളിതയുടെ മരണാനന്തര പുനരവതാരമാണ് ശശികല എന്ന് കാണുന്നവരെയും കേള്‍ക്കുന്നവരെയും വിശ്വസിപ്പിക്കുക എന്ന നാടകമാണ് അരങ്ങേറിയത്.
Posted on: February 16, 2017 9:01 am | Last updated: February 16, 2017 at 9:01 am

തമിഴന്‍ എന്നു ശൊല്ലടാ, തലയെടുത്തു നില്ലടാ (തമിഴന്‍ എന്ന് വിളിച്ചു പറയൂ, തലയുയര്‍ത്തി നില്‍ക്കൂ) എന്നത് സാംസ്‌കാരിക സ്വാഭിമാനവും ഭാഷാവീറും അധിനിവേശത്തോടുള്ള കടുത്ത പ്രതിരോധവും അടിസ്ഥാന സ്വഭാവമായുള്ള തമിഴ് മക്കളുടെ പ്രതീകാത്മക പ്രകടനവും അഭിമുഖീകരണവുമായി കവി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. മുതിര്‍ന്ന പത്രാധിപരായ എന്‍ മാധവന്‍ കുട്ടി, തന്റെ മുഖപുസ്തക ചുമരില്‍ പരിഹാസത്തോടെയും വിരുദ്ധോക്തി സൂചിപ്പിച്ചും ഇതെടുത്തെഴുതുമ്പോള്‍ കൂടെ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ – ആദ്യത്തേതില്‍ മരിച്ചു പോയ മുതലമൈച്ചര്‍ (മുഖ്യമന്ത്രി) ജയലളിതയുടെ മുന്നിലും അടുത്തതില്‍ ചിന്നമ്മ ശശികലയുടെ മുന്നിലും – കുമ്പിട്ടു തൊഴുന്ന പാര്‍ടി എം എല്‍ എമാരും നേതാക്കളുമായ പുരുഷ കേസരികളുടെ നെടുങ്കൂട്ടത്തെ കാണാം. തമിഴ്‌നാട്ടില്‍ എന്താണ് സംഭവിക്കുന്നത്? ജയലളിതയോട് മക്കള്‍ക്ക് വലിയ സ്‌നേഹമായിരുന്നു. അവരുടെ തോഴി (കൂട്ടുകാരി)യായ ശശികലയോടും അതേ ഇഷ്ടം പ്രകടിപ്പിക്കാവുന്നതാണ്. ഇന്ത്യക്കാര്‍ക്ക് (ഇന്ത്യക്കാര്‍ക്കെന്നല്ല, മറ്റനവധി രാഷ്ട്രങ്ങളെയും ഈ ദുരവസ്ഥ ബാധിച്ചിട്ടുണ്ട്) രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള കുടുംബവാഴ്ച ഏറെ പരിചിതമായ കാര്യവുമാണ്. എന്നാല്‍, ഇത് കുടുംബപ്പിന്തുടര്‍ച്ചാവകാശം എന്നതില്‍ നിന്ന് വ്യത്യസ്തമായി, സൗഹൃദപ്പിന്തുടര്‍ച്ചാവകാശം പോലെ പാര്‍ട്ടിയെയും ഭരണത്തെയും കൊണ്ടുപോകാനുള്ള പരിശ്രമമായിട്ടും വിലയിരുത്താം. ഫ്രണ്ട്ഷിപ്പ് ഡേയിലും മറ്റും വാട്ട്‌സപ്പ് പൈങ്കിളിയായി പങ്കിട്ട് നിറക്കാവുന്ന ഒരു കഥയായി ഇത് വരുംകാലത്ത് പ്രചരിക്കുമോ എന്നുമറിയില്ല.
പക്ഷെ, എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ജയലളിത ജീവിച്ചിരുന്നപ്പോഴൊന്നും വരാതിരുന്ന ഒരു സുപ്രീം കോടതി വിധി പെട്ടെന്ന് പ്രഖ്യാപിക്കപ്പെടുകയും ശശികല, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തു വന്നാലും തുടര്‍ന്ന് ആറു കൊല്ലത്തേക്ക് ശശികലക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. സിനിമാക്കഥ പോലെ അവിശ്വസനീയവും. കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ പിന്തുണക്കുന്നുവെന്ന് പുറം ലോകത്തെ വിശ്വസിപ്പിക്കുന്ന ഭൂരിഭാഗം എം എല്‍ എ മാരുമൊത്ത്, ഗവര്‍ണറുടെ വിളിയും കാത്ത് കഴിയുന്നതിനിടയിലാണ് ഈ തലമ(ു)റിക്കല്‍ വിധി പൊട്ടിവീണിരിക്കുന്നത്. പനീര്‍ശെല്‍വം രാജി വെക്കുകയും പിന്നീട് ജയലളിതയുടെ പുക(ആത്മാവ്)യുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന് അത് പിന്‍വലിച്ച് താനാണ് യുക്തനായ മുഖ്യമന്ത്രി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത നാടകത്തിനു ശേഷമാണ് ഈ സംഭവങ്ങളെന്നത്; ന്യൂസ് അവര്‍ ഇരിപ്പു സമരക്കാരെയും ഫേസ്ബുക്ക് ആദര്‍ശവാദികളെയും കോരിത്തരിപ്പിച്ചിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തനായി 2001 മുതല്‍ ഇടക്കിടെ മുഖ്യമന്ത്രിയാകുകയും അമ്മക്ക് വേണ്ടി വീണ്ടും കസേരയൊഴിഞ്ഞുകൊടുക്കുകയും ചെയ്തിരുന്ന പനീര്‍ശെല്‍വത്തെപ്പോലൊരാളെ ശശികലയും കണ്ടെത്തിയിട്ടുണ്ട്. എടപ്പാടി കെ പളനിസ്വാമിയാണാപ്പണി ചിന്നമ്മക്കു വേണ്ടി ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും എല്ലാം അണ്ണാ ഡി എം കെയിലെ പിളര്‍പ്പിനും ഈ കൂട്ടക്കുഴപ്പത്തിനും പിന്നിലുണ്ടെന്ന് ബി ജെ പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിട്ടുമുണ്ട്. ഇരുപതു കൊല്ലം മുമ്പ് അദ്ദേഹം തന്നെയാണ്, ഈ അഴിമതികേസ് ഫയല്‍ ചെയ്തിരുന്നത്. ജയലളിത അങ്ങേയറ്റത്തെ അഴിമതിക്കാരിയായിരുന്നുവെന്നും, തമിഴ്‌നാടില്‍ അഴിമതിയാണ് മുഖ്യസംസ്‌ക്കാരം എന്നുമദ്ദേഹം തുറന്നു പറയുന്നു. ജയലളിതക്കു ശേഷം ജനാധിപത്യം തിരിച്ചുവന്നുവെന്ന് നിരീക്ഷിക്കപ്പെട്ട തമിഴ്‌നാടിന്റെ പ്രതിരോധമായിരുന്നു ജെല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ ഒരര്‍ഥത്തില്‍ നാം കണ്ടത്. ജല്ലിക്കെട്ടല്ല, ഇത് ദില്ലിക്കെട്ട് (ദില്ലിക്കെതിരായ പ്രതിഷേധം) എന്നു തുടങ്ങുന്ന, കോവന്‍(ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവര്‍ക്കെതിരെ പാട്ടു പാടിയതിന് അറസ്റ്റിലായ നാടോടിഗായകന്‍) പാടിയ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള യുട്യൂബ് വീഡിയോ, ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ പ്രാദേശിക/ദേശീയ മാനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അതിന്റെ തൊട്ടു പിന്നാലെയാണ്; ഫെബ്രുവരി ഏഴു മുതല്‍, ശശികലയും പനീര്‍ ശെല്‍വവും തമ്മിലുള്ള ഭിന്നത പുറത്തു വന്നതും സംസ്ഥാനഭരണവും രാഷ്ട്രീയവും അങ്ങേയറ്റത്തെ സമ്മര്‍ദത്തിലായതും.
ശശികല മുഖ്യമന്ത്രി പദത്തിലേക്കെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയതോടെ, മുമ്പ് പലപ്പോഴും നിശ്ശബ്ദരായിരുന്ന് ഇപ്പോള്‍ പെട്ടെന്ന്, നവ ആദര്‍ശവാദികളായി രംഗത്തു വന്ന നിരവധി ആളുകളെ നാം കാണുകയുണ്ടായി. അക്കൂട്ടത്തില്‍ പ്രമുഖനായ ഒരാള്‍, ഉലക നായകന്‍ എന്ന് പേരെടുത്ത സിനിമാ താരം കമല്‍ ഹാസനായിരുന്നു. പുരോഗമനപരമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിന്റെ പേരില്‍ കേരളത്തിലടക്കം ആദരണീയനായ കമല്‍ ഹാസന്‍, ജയലളിതക്കെതിരെ അവര്‍ ജീവിച്ചിരുന്ന കാലത്ത് എന്തെങ്കിലും കാര്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല എന്നതിനാല്‍ ഈ നിലപാട് സാധുതയില്ലാത്തതാണെന്ന പേരില്‍ പരിഹസിക്കപ്പെടുകയുമുണ്ടായി. പക്ഷേ, അദ്ദേഹത്തിനെ മാത്രമായി കുറ്റപ്പെടുത്തേണ്ടതില്ല. ഏതാണ്ട് ഒരു പതിറ്റാണ്ടിലധികം കാലമായി, തമിഴ് മക്കള്‍ ഇത്തരമൊരു അമിത വിധേയത്വത്തിനും കൂട്ട നിശ്ശബ്ദതക്കും കീഴ്‌പ്പെട്ട് കഴിയുകയായിരുന്നു എന്നതാണ് വാസ്തവം. ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നവരുടെയും പൊതുജനത്തെ കവര്‍ച്ച ചെയ്യുന്നവരുടെയും അധോലോകത്തിന്റെയും തേര്‍വാഴ്ചയായിരുന്നു ഇക്കാലമത്രയും തമിഴ് നാട് എന്നാണ് സംഗീതജ്ഞനും സാമൂഹ്യ വിമര്‍ശകനുമായ ടി എം കൃഷ്ണ പറയുന്നത്. ഒരു രാഷ്ട്രീയക്കാരനെയോ മന്ത്രിയെയോ തമിഴര്‍ വിമര്‍ശിച്ച കാലം തന്നെ മറന്നു പോയിരിക്കുന്നു എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്. പിന്നെയല്ലേ, ജീവന്‍ പണയം വെച്ച് മുഖ്യമന്ത്രിക്കെതിരായി ശബ്ദം ഉയര്‍ത്തുന്നത്! നാം (തമിഴര്‍) അതുമായൊക്കെ ഏറെയധികം പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന സങ്കല്‍പനം പോലും തമിഴകത്തിന് അപ്രാപ്യമായ കാലത്ത്, ധനികര്‍ വീണ്ടും ധനികരായിക്കൊണ്ടേ ഇരുന്നു. ദരിദ്രരാകട്ടെ കൂടുതല്‍ ദരിദ്രരായിക്കൊണ്ടേ ഇരുന്നെങ്കിലും, ഭരണകൂടം വെച്ചു നീട്ടിയ ഏതാനും നക്കാപ്പിച്ചകള്‍ സ്വീകരിച്ച് ഇതാണ് സ്വര്‍ഗം എന്ന് കരുതി അമ്മാ അമ്മാ എന്ന് പ്രശംസിക്കുകയും ചെയ്തു. മധ്യവര്‍ഗത്തില്‍ പെട്ടവരും ബുദ്ധിജീവികളും കലാകാരന്മാരും സിനിമാക്കാരും സാഹിത്യകാരന്മാരും അടക്കമുള്ളവരാകട്ടെ; സ്വീകരണ മുറികളിലും സോഷ്യല്‍ മീഡിയയിലും ഞെളിഞ്ഞിരുന്ന് താനൊഴിച്ച് മറ്റുള്ളവരെയൊക്കെ പഴിച്ചു രസിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഏറ്റവും ആഭാസകരമായ സംഭവവികാസങ്ങള്‍ക്ക് തമിഴകം സാക്ഷ്യം വഹിച്ചത്. ധാര്‍മികവും നീതിപരവും സാമൂഹികവും ഭരണഘടനാ പരവുമായ കൊടും വീഴ്ചകള്‍ക്കാണ്, മഹത്തായ സംസ്‌ക്കാരത്തിന്റെ നീണ്ട ചരിത്രമുള്ള തമിഴ് നാട് പശ്ചാത്തലമായത്.
ടി എം കൃഷ്ണ നിരീക്ഷിക്കുന്നതു പോലെ, കഴിഞ്ഞ രണ്ടു മാസമായി ശശികല സ്വയം നടത്തിയ പുനഃക്രമീകരണങ്ങളും ശ്രദ്ധേയമായിരുന്നു. വസ്ത്രധാരണം, പൊട്ട്, നടത്ത, ചിന്നമ്മ എന്ന നാമകരണം, തന്റെ പേരിന്റെ കൂടെയുണ്ടായിരുന്ന നടരാജന്‍ എന്ന പേര് മാറ്റിക്കളഞ്ഞത് എന്നിവയെല്ലാം ഒരു പുനരവതാരത്തിന്റെ നാടകീയ ശൈലിയിലായിരുന്നു. അവര്‍ കാര്യപ്രാപ്തിയുള്ളവരാണോ അല്ലയോ എന്നതല്ല പ്രശ്‌നം, വേഷം മാറ്റിയുടുക്കുകയും താന്‍ ഇനി മുതല്‍ മുഖ്യമന്ത്രിയാണെന്ന് നിശ്ചയിച്ച് ബാക്കിയുള്ളവരെയെല്ലാം പമ്പര വിഡ്ഢികളാക്കുകയും ചെയ്യുക എന്ന പ്രക്രിയ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു പരിധി വരെ വിലപ്പോയി എന്നതാണ് വിചിത്രം. ജയലളിതയുടെ മരണാനന്തര പുനരവതാരമാണ് ശശികല എന്ന് കാണുന്നവരെയും കേള്‍ക്കുന്നവരെയും വിശ്വസിപ്പിക്കുക എന്ന നാടകമാണ് അരങ്ങേറിയത്.
എന്നാല്‍, ശശികലയെ പരിഹസിക്കുന്നതിനും എതിര്‍ക്കുന്നതിനും തടിച്ചു കൂടിയവരും ചാടി വീണവരും ഒന്ന് ആത്മപരിശോധന നടത്തുന്നതും നന്നായിരിക്കും എന്നാണ് ടി എം കൃഷ്ണ പറയുന്നത്. എന്താണ് അവരെ/നമ്മെ പ്രകോപിപ്പിച്ചത്? അവരെ തിരഞ്ഞെടുത്ത രീതിയാണോ കുഴപ്പം? അതോ അവരോടുള്ള അനിഷ്ടമാണോ പ്രശ്‌നം? അതുമല്ല, ശശികല എന്ന യാഥാര്‍ഥ്യമാണോ ദഹിക്കാനാവാത്തത്? അതായത്, വേണ്ടത്ര സംസ്‌കൃത ചിത്തയല്ലെന്നതും കുറച്ചധികം യാഥാസ്ഥിതികവാദിയാണെന്നതും കോണ്‍വെന്റില്‍ പഠിച്ചിട്ടില്ലെന്നതും ഒക്കെയാണോ അവരുടെ അടിസ്ഥാന കുഴപ്പങ്ങള്‍? അതായത്, ജയലളിതയെക്കാള്‍ അവര്‍ നമുക്ക് മോശക്കാരിയാവുന്നത് എന്തുകൊണ്ടൊക്കെയാണെന്ന് നാം ശരിക്കും ചിന്തിച്ചിട്ടുണ്ടോ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
ഏതു സ്വയം പ്രഖ്യാപിത വ്യക്തിയും, അവരുടെ രാഷ്ട്രീയ ചരിത്രമൊന്നും പരിശോധിക്കപ്പെടാതെ പെട്ടെന്ന് എം എല്‍ എമാരാല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന നാടകീയ പ്രഖ്യാപനത്തോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ അവരെ കോടിക്കണക്കിന് വരുന്ന വോട്ടര്‍മാരും അല്ലാത്തവരുമായ പൗരസമൂഹവും ഭരണഘടനാ സ്ഥാപനങ്ങളും അംഗീകരിക്കണം എന്നു പറയുന്നതിലെ ദുര്‍വാശിയും പരിഹാസ്യതയും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. എന്നാല്‍, വര്‍ഷങ്ങളായി ഇതേ കേസിലെ കുറ്റങ്ങള്‍ പ്രാഥമികമായി ആരോപിക്കപ്പെട്ടിരുന്നതിനാല്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ജയലളിത മുഖ്യമന്ത്രിയായിരുന്നതിന്റെ പേരില്‍ ആരും അസ്വസ്ഥരായിരുന്നില്ല എന്നതും മറക്കേണ്ടതില്ല. ശശികല എന്ന ആരുമത്ര അറിയപ്പെടാതിരുന്ന ഒരു വ്യക്തിക്ക് ഈ കേസില്‍ ആരോപിക്കപ്പെടുന്ന വിധത്തില്‍ കോടിക്കണക്കിന് സ്വത്ത് സമ്പാദിക്കാനും രാജ്യത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കാനും നിസ്സാരീകരിക്കാനും ഒറ്റക്ക് സാധിക്കുമായിരുന്നുവോ? യഥാര്‍ഥ കുറ്റവാളി ജീവിച്ചിരുന്നപ്പോള്‍ ഇതൊന്നും തുറന്നു പറയാന്‍ ഏതാനും ചിലരൊഴിച്ച് ബഹുഭൂരിപക്ഷവും തയ്യാറാകാതിരുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ ശശികലക്കെതിരായി ചാടിവീഴുന്നവര്‍ ഈ ചോദ്യം ഒന്ന് സ്വയം ചോദിച്ചു നോക്കേണ്ടതല്ലേ? ഇക്കൂട്ടരടക്കം ചേര്‍ന്ന് ജയലളിതയെ ഒരു അര്‍ദ്ധ-ദൈവം പോലുമാക്കി വളര്‍ത്തി വലുതാക്കുകയായിരുന്നില്ലേ? അവര്‍ക്കെപ്പോഴൊക്കെ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ പനീര്‍ ശെല്‍വം രംഗത്തു വരികയും വിനീത വിധേയനായി മുഖ്യമന്ത്രി പദത്തില്‍ തൊട്ടു, തൊട്ടില്ല, ഇരുന്നു, ഇരുന്നില്ല എന്ന മട്ടില്‍ അവരോധിക്കപ്പെടുകയും ചെയ്തു പോന്നു. എല്ലാവരാലും പരിഹസിക്കപ്പെട്ടിരുന്ന അതേ പനീര്‍ശെല്‍വം ഇപ്പോള്‍ എല്ലാവരുടെയും ആരാധനാപാത്രവും രക്ഷക-നായകനുമായി പരിണമിച്ചിരിക്കുന്നു. ശശികല തടവറയിലേക്ക് പോകുന്നതോടെ പുനഃസ്ഥാപിക്കപ്പെടുന്ന ‘ധാര്‍മിക നീതി’യുടെ തലൈവരായി പനീര്‍ശെല്‍വത്തെ ആന്തരീകരിച്ചെടുക്കാന്‍ മാത്രം പൊള്ളയായതാണോ തമിഴകത്തിന്റെ ആത്മവീര്യം എന്നതാണ് ബാക്കിയാവുന്ന നിര്‍ണായക ചോദ്യം.
Reference: The TM Krishna column: What our disdain towards Sasikala tells us about our-selves (https://scroll.in/article/828769/thetm-krishnacolumnwhatourdisd aintoward ssasikala tells us aboutourselves)