കത്തുകള്‍ കൊണ്ടായില്ല

Posted on: February 16, 2017 8:58 am | Last updated: February 16, 2017 at 8:58 am

വിചാരണാ തടവുകാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് വീണ്ടുവിചാരം. വിചാരണ അനിശ്ചിതമായി നീണ്ടുപോകുന്നവരുടെ കാര്യത്തില്‍ കോടതികള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയിച്ചിരിക്കയാണ് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ വരെ 4,18,536 തടവുകാരാണ് രാജ്യത്തെ വിവിധ ജയിലുകളിലുള്ളത്. ഇവരില്‍ 67.6 ശതമാനവും വിചാരണാ തടവുകാരാണ്. ചുമത്തപ്പെട്ട കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ കാലാവധിയോളം തന്നെ തടവില്‍ കഴിഞ്ഞവരാണ് പലരും. ഈ നീതിനിഷേധത്തിന് പരിഹാരം കാണേണ്ടതുണ്ട്. അതിന് കോടതികളും സര്‍ക്കാറും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസുമാര്‍ സ്വമേധയാ ഇടപെട്ട് തടവുകാരില്‍ അര്‍ഹരായവര്‍ക്ക് ജാമ്യം ലഭ്യമാക്കണമെന്നും എന്തെങ്കിലും പരിഹാരം കാണുന്നുണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വിചാരണ കൂടാതെ ദീര്‍ഘകാലം തടവിലിടുക വഴിയുള്ള മനുഷ്യാവകാശ ലംഘനം സുപ്രീം കോടതിയുടെ വിമര്‍ശത്തിന് പലപ്പോഴും വിധേയമായിട്ടുണ്ട്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ വിചാരണ തടവുകാരെയും വിട്ടയക്കാന്‍ 2014 സെപ്തംബറില്‍ കോടതി ഉത്തരവിട്ടിരുന്നു. മോചനത്തിന് അര്‍ഹരായ വിചാരണ തടവുകാരെ കണ്ടെത്തിയശേഷം ജയിലുകളില്‍ വെച്ചുതന്നെ വിട്ടയക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ ആര്‍ എം ലോധ, ആര്‍ എഫ് നരിമാന്‍, കുര്യന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റെ നിര്‍ദേശം. തടവുകാരെ വിട്ടയക്കുന്ന പ്രക്രിയക്ക് താഴെത്തട്ടിലുള്ള ജഡ്ജിമാരും മജിസ്‌ട്രേട്ടുമാരും മേല്‍നോട്ടം വഹിക്കണമെന്നും ജില്ലാ ജഡ്ജിമാര്‍ ജയിലുകള്‍ സന്ദര്‍ശിച്ച് വിട്ടയക്കേണ്ടവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ഈ വിധി വന്ന ഉടനെ നിയമമന്ത്രി രവിശങ്കറും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗും തമ്മില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനമാണ് എല്ലാ ഹൈക്കോടതികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് സംബന്ധിച്ചു കത്ത് അയക്കണമെന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് തീരുമാനം നടപ്പാക്കുന്നത്. ഇനി അത് പ്രായോഗികമാകാന്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും?!
യു പി എ ഭരണ കാലത്ത് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ നിഷ്‌കളങ്കരായ യുവാക്കളെ ഭീകരതയുടെ പേരില്‍ അന്യായമായി തടവിലിടരുതെന്നും അത്തരക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭീകരതയുടെ പേരില്‍ ആളുകളെ അന്യായമായി അറസ്റ്റ് ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി. ഇവരില്‍ ഏറെയും നിരപരാധികളായ മുസ്‌ലിംകളാണെന്നും ഷിന്‍ഡെ തുറന്നുപറഞ്ഞു. വിചാരണ തടവുകാരില്‍ 55 ശതമാനവും രാജ്യത്തെ ജനസംഖ്യയില്‍ 39 ശതമാനം മാത്രം വരുന്ന മുസ്‌ലിംകളും ദളിതരുമടങ്ങുന്ന പിന്നാക്ക വിഭാഗക്കാരാണെന്ന് കഴിഞ്ഞ വര്‍ഷത്തെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖകളും വെളിപ്പെടുത്തുന്നു. കോടതി വിധിച്ച ശിക്ഷയുടെ ഭാഗമായി ജയിലില്‍ കഴിയുന്നവരില്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണെന്നും ബ്യൂറോ രേഖകള്‍ കാണിക്കുന്നുണ്ട്. അപരാധികളായത് കൊണ്ടല്ല, മറിച്ചു കേവല സംശയത്തിന്റെയോ, നിയമപാലകരുടെ കുത്സിത താത്പര്യത്തിന്റെയോ പേരിലാണ് ഇവര്‍ തടവിലാക്കപ്പെട്ടതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അത്തരക്കാരുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് യു പി എ ഭരണത്തില്‍ ന്യൂനപക്ഷമന്ത്രാലയം ആവശ്യപ്പെടുകയും ആഭ്യന്തര മന്ത്രാലയം അതംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ നടപടികളുണ്ടായില്ല.
ആരെയും വിചാരണ കൂടാതെ കൂടുതല്‍ കാലം തടവിലിടരുതെന്ന് സി ആര്‍ പി സി (436 എ) നിഷ്‌കര്‍ഷിക്കുന്നു. യു എ പി എ പോലുള്ള കരിനിയമങ്ങളാണ് നിരപരാധികള്‍ ജയിലിലടക്കപ്പെടാന്‍ പ്രധാന കാരണം. തീവ്രവാദികളെയും ഭീകര പ്രവര്‍ത്തകരെയും നേരിടാനെന്ന പേരിലാണ് ഇത്തരം നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ മറവില്‍ പിടികൂടുന്നത് ഏറെയും ന്യൂനപക്ഷങ്ങളില്‍ പെട്ട സാധാരണക്കാരെയും. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും ശബ്ദിക്കാറുണ്ടെങ്കിലും അതെല്ലാം വനരോദനമായി മാറുന്നു. തടവു പുള്ളികളുടെ ആധിക്യം കൊണ്ട് രാജ്യത്തെ ജയിലുകള്‍ വീര്‍പ്പുമുട്ടുകയാണ്. ഓരോ ജയിലിലും ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ പേരുണ്ട്. എന്നിട്ടും തടവുകാരുടെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നിരപരാധികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. ജഡ്ജിമാരുടെ എണ്ണക്കുറവാണ് വിചാരണ താമസിക്കുന്നതിന് ജുഡീഷ്യറി പറയുന്ന കാരണം. നിയമനം നടത്തേണ്ടത് കൊളീജിയമോ, ദേശീയ ജുഡീഷ്യല്‍ കമ്മീഷനോ എന്ന തര്‍ക്കം ഇപ്പോഴും പരിഹൃതമാകാതെ തുടരുകയാണ്. സര്‍ക്കാറും കോടതിയും തമ്മിലുള്ള തര്‍ക്കം നിരപരാധികളെ അനിശ്ചിതമായി തടവിലിടാന്‍ ഇടയാക്കരുത്. കത്തുകളിലും പ്രഖ്യാപനങ്ങളിലും അവസാനിക്കാതെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികളിലേക്കും ഇരുവിഭാഗവും മുന്നിട്ടിറങ്ങേണ്ടതുണ്ട്.