സാന്ത്വനമേകാന്‍ വി എസ് ജിഷ്ണുവിന്റെ വീട്ടിലേക്ക്

Posted on: February 15, 2017 4:15 pm | Last updated: February 15, 2017 at 3:41 pm

നാദാപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് പുന്നപ്ര സമരനായകന്‍ വി എസ് അച്ചുതാനന്ദന്‍ എത്തുന്നു. മരണം നടന്ന് 41 ാം ചരമ ദിനമടുക്കുമ്പോള്‍ അമ്മ മഹിജക്കും പിതാവ് അശോകനും സാന്ത്വനമേകാനും ജിഷ്ണുവിന്റെ മരണം രക്ത സാക്ഷിത്വമാണെന്ന് പ്രഖ്യാപിക്കാനുമാണ് വി എസ് വളയത്തെ വീട്ടിലെത്തുന്നത്.

ജിഷ്ണുവിന്റെ ഏറെ പ്രയങ്കരനായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം വടകര വഴി പോയിട്ടും വീട്ടിലെത്താത്ത വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് വി എസ് പാര്‍ട്ടി ഗ്രാമത്തിലെത്തുന്നത്.
വി എസിന്റെ വരവറിഞ്ഞതോടെ സോഷ്യല്‍ മീഡിയകളില്‍ അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റുകളും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മ മനസിന്റെ കണ്ണീരൊപ്പാന്‍ യഥാര്‍ഥ കമ്യൂണിസ്റ്റ് സഖാവ് വി എസിന് അഭിവാദ്യം എന്ന പോസ്റ്റുകളാണ് വ്യാപകമാകുന്നത്. പുന്നപ്ര സമര നായകന്‍ എന്നും ജനപക്ഷത്താണെന്നും ചില പോസ്റ്റുകള്‍ പറയുന്നു. തനിക്ക് ഏഴാം വയസ്സില്‍ നഷ്ടപ്പെട്ട തന്റെ അച്ഛന്‍ മടങ്ങിയെത്തുന്ന പ്രതീതിയാണ് വി എസിന്റെ വരവറിഞ്ഞപ്പോഴെന്ന് മഹിജ പറഞ്ഞു.
മുന്‍ മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതികളാക്കിയതിനിടയിലാണ് വി എസ് എത്തുന്നത്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പോരാട്ടത്തിന് വി എസിന്റെ വരവ് കൂടുതല്‍ ശക്തി പകരുമെന്നാണ് കരുതുന്നത്. വി എസ് വരുമെന്ന് ജിഷ്ണുവിന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.