ജയലളിതയുടെ ശവകുടീരത്തില്‍ എത്തി ശശികല പുഷ്പാര്‍ച്ചന നടത്തി

Posted on: February 15, 2017 2:27 pm | Last updated: February 16, 2017 at 9:42 am

ചെന്നൈ: ബംഗളൂരുവിലെ കോടതിയില്‍ കീഴടങ്ങുന്നതിനുവേണ്ടി ശശികല ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍നിന്ന് തിരിച്ചു. മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തില്‍ എത്തി ശശികല പുഷ്പാര്‍ച്ചന നടത്തി. ശവകുടീരത്തില്‍ പ്രാര്‍ഥന നടത്തിയശേഷം അവര്‍ റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് തിരിച്ചു.

കീഴടങ്ങുന്നതിന് കൂടുതല്‍ സമയം അനുൂവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ശശികല സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, അമിതാവ റോയ് എന്നിവ തള്ളിയത്. ഇതേത്തുടര്‍ന്നാണ് അവര്‍ ഇന്നുതന്നെ കോടതിയില്‍ കീഴടങ്ങുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.