കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു -കെ പി എ മജീദ്

Posted on: February 15, 2017 1:45 pm | Last updated: February 15, 2017 at 1:35 pm

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി കഴിയുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഇരു സര്‍ക്കാറുകളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഭരണവുമായി മുന്നോട്ടു പോകുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ലെന്നും വരാനിരിക്കുന്നത് യു.ഡി.എഫിന്റെ സമരനാളുകളാണെന്നും മജീദ് പറഞ്ഞു.

അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം. ഹസ്സന്‍ നയിക്കുന്ന ഉത്തര മേഖലാ ജാഥ കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുമ്പോള്‍ സംസ്ഥാന ഭരണത്തിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റുകാര്‍ അക്രമം നടത്തി വരികയാണ്. മുഖ്യ മന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ നാലു കൊലപാതകങ്ങളാണ് നടന്നത്. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റേഷന്‍ കടകള്‍ മുഴുവനും കാലിയായിക്കിടക്കുന്നു. റേഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് പോയത് സി.പി.എക്കാരനായ ഭക്ഷ്യ മന്ത്രിയെ കൂട്ടാതെയാണ്. ചര്‍ച്ചയില്‍ ഒരു പരിഹാരവും കാണതെയാണ് മുഖ്യ മന്ത്രി മടങ്ങിയതെന്നും മജീദ് ആരോപിച്ചു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.