കേസ് ജയിച്ചിട്ടും സ്വാമിയുടെ പിന്തുണ ശശികലക്ക്

Posted on: February 15, 2017 8:30 am | Last updated: February 15, 2017 at 11:13 am
SHARE

ചെന്നൈ: വലിയൊരു അഴിമതി കേസിന്റെ വിധി അതിലും നിര്‍ണായകമായ മറ്റൊരവസരത്തില്‍ പുറത്തുവരുമ്പോള്‍ കേസിന് തുടക്കമിട്ട ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് മാറ്റം കൗതുകമുണര്‍ത്തുന്നു. 1996 ജൂണ്‍ 14ന് അന്നത്തെ ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് ജയലളിതക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ പരാതി നല്‍കുന്നത്.
പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് പ്രധാനമായും ഇതൊക്കെയാണ്. 1989- 90 കാലത്ത് തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് ജയലളിത വ്യക്തമാക്കിയിരുന്നത്. എന്നാല്‍, 1990-91 കാലമാകുമ്പോഴേക്ക് അവരുടെ സ്വത്ത് 1.89 കോടിയായി ഉയര്‍ന്നു. 91-92 വര്‍ഷം ഇത് വീണ്ടും ഉയര്‍ന്ന് 2.60 കോടിയായി. 92-93 കാലഘട്ടത്തില്‍ അത് 5.82 കോടിയും 93-94ല്‍ 91.33 കോടിയും ആയി കുത്തനെ ഉയര്‍ന്നു. ജയലളിത മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു രൂപ മാത്രം പ്രതിഫലം പറ്റുന്നു എന്നത് ഏറെ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ തന്നെയാണ് ഈ സമ്പത്ത് കുന്നുകൂടല്‍ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയത്.
പരാതി പരിഗണിച്ച സെഷന്‍സ് കോടതി ജഡ്ജി, മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥ ലതിക സരണിനെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ആ കേസിലാണ് വാദങ്ങളും പ്രതിവാദങ്ങളും അപ്പീലും പരിഗണിക്കപ്പെട്ട് ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നിരിക്കുന്നത്.

ജയലളിതയുടെ മരണത്തിന് ശേഷമാണ് കോടതി വിധി എന്നതിനാല്‍ അവര്‍ ശിക്ഷയില്‍ നിന്ന് ‘ഇളവ്’ നേടിയിരിക്കുന്നു. എന്നാല്‍, ജയലളിതയുടെ അമ്മയെന്ന പദവി സ്വയം ഏറ്റെടുത്ത തോഴി ശശികല മുഖ്യമന്ത്രിപദത്തിലേക്ക് കാലെടുത്തുവെക്കവെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിക്കൊണ്ടുവന്ന കേസിലെ അന്തിമ വിധി. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി നേടിയ വിജയമെന്ന് പറയാന്‍ പറ്റാതാക്കിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം കൈക്കൊണ്ടിരിക്കുന്ന നിലപാട്. ശശികലയെ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ ഭരണഘടനാ പരമായ കര്‍ത്തവ്യം അതാണെങ്കില്‍ പോലും അഴിമതി കേസില്‍ വിധി കാത്തുകഴിയുന്നയാള്‍ക്ക് വേണ്ടി (അതും താന്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന കേസില്‍) വാദിക്കുന്നതില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാടില്‍ ഇരട്ടത്താപ്പ് കാണുന്നവരുണ്ട്. ബി ജെ പി തന്ത്രപരമായ അകലം പാലിച്ചുനില്‍ക്കുമ്പോഴും ശശികലയെ ശക്തമായി പിന്തുണക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
അതേസമയം, ശശികലക്കെതിരായ വിധിയില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും പ്രതീക്ഷിച്ചതുതന്നെയാണെന്നും ഇന്നലെ അദ്ദേഹം പ്രതികരിച്ചു. എ ഐ എ ഡി എം കെ ഇപ്പോള്‍ പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here