Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസിന്റെ നിയമ വഴികള്‍

Published

|

Last Updated

225ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിക്കാനുള്ള വി കെ ശശികലയുടെ നീക്കങ്ങള്‍ക്ക് തടയിട്ട സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചേരാന്‍ എടുത്തത് 21 വര്‍ഷങ്ങള്‍.

1991 മുതല്‍ 96വരെ മുഖ്യമന്ത്രിയായിരിക്കെ ജയലളിതയും അടുത്ത കൂട്ടാളികളായ വി കെ ശശികല, ഇളവരസി, വി എന്‍ സുധാകരന്‍ എന്നിവരും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി അന്നത്തെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ കേസ് ഇപ്പോള്‍ അവരുടെ തോഴിയും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയുമായി ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നല്‍കിയിരിക്കുന്നു. തമിഴ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന കേസിന്റെ

നാള്‍വഴി ഇങ്ങനെ:

1996 ഡിസംബര്‍ ഏഴ്: 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത അറസ്റ്റിലാകുന്നു.
1997 ജൂണ്‍ നാല്: വിചാരണാ നടപടികള്‍ക്ക് തുടക്കമിട്ട് ജയലളിതയും വി കെ ശശികലയും ഉള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ
ചെന്നൈ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു.
1997 ഒക്‌ടോബര്‍ ഒന്ന്: ഗവര്‍ണര്‍ എം ഫാത്തിമ ബീവി നല്‍കിയ
വിചാരണാ അനുമതി ചോദ്യം ചെയ്തതടക്കം ജയലളിത സമര്‍പ്പിച്ച
മൂന്ന് ഹരജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി.
2000 ആഗസ്റ്റ്: കേസിലെ 250 പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായി.
2001 മെയ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി
എ മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്യുന്നു.
2001 സെപ്തംബര്‍ 21: 2000ത്തിലെ താന്‍സി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയുടെ മുഖ്യമന്ത്രി പദം സുപ്രീം കോടതി അസാധുവാക്കി.
2002 ഫെബ്രുവരി 21: കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ടതിന് ശേഷം
ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നു.
2003: മുഖ്യമന്ത്രിയായി ജയലളിത തുടരുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡി എം കെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
2003 നവംബര്‍ 18: കേസ് കര്‍ണാടകയിലെ പ്രത്യേക വിചാരണാ
കോടതിയിലേക്ക്.
2005 ഫെബ്രുവരി 19: മുന്‍ അഡ്വക്കറ്റ് ജനറല്‍ ബി വി ആചാര്യയെ
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കര്‍ണാടക സര്‍ക്കാര്‍ നിയോഗിക്കുന്നു.
2011 ഒക്‌ടോബര്‍/ നവംബര്‍: പ്രത്യേക കോടതിയില്‍ ജയലളിതയുടെ സത്യവാങ്മൂലം. പ്രോസിക്യൂട്ടറുടെ 1,339 ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നു.
2012 ആഗസ്റ്റ് 12: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തുടരാനാകില്ലെന്ന്
ബി വി ആചാര്യ. 2013 ജനുവരിയില്‍ അദ്ദേഹം തത്സ്ഥാനം ഒഴിയുന്നു.
2013 ഫെബ്രുവരി രണ്ട്: ജി ഭവാനി സിംഗിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കര്‍ണാടക സര്‍ക്കാര്‍ നിയമിക്കുന്നു.
2013 ആഗസ്റ്റ് 26: ഭവാനി സിംഗിനെ പിന്‍വലിക്കുന്നതായി കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ്. കാരണം വ്യക്തമാക്കാതെയുള്ള ഉത്തരവ്
കര്‍ണാട ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിക്കാതെയുള്ളതാണെന്ന് വിമര്‍ശം.
2013 സെപ്തംബര്‍ 30: ഭവാനി സിംഗിനെ പിന്‍വലിച്ച നടപടി സുപ്രീം കോടതി
റദ്ദാക്കി.
2013 ഡിസംബര്‍ 12: ജയലളിതയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ ഹാജരാക്കാനും ചെന്നൈയിലെ ആര്‍ ബി ഐ ട്രഷറിയില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശം. അന്‍പഴകന്റെ ഹരജി പരിഗണിച്ചാണ് നടപടി.
2014 ഫെബ്രുവരി 28: ജയലളിതയുടെ വെള്ളി ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ഭവാനി സിംഗിന്റെ വാദം കോടതി തള്ളി. കേസ് നടപടികള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂട്ടര്‍
ശ്രമിക്കുന്നതെന്ന് കോടതിയുടെ വിമര്‍ശം.
2014 മാര്‍ച്ച് 14/15: അനാരോഗ്യം ചൂണ്ടിക്കാട്ടി അന്തിമവാദത്തില്‍
നിന്ന് മാറിനിന്നതിന് ഭവാനി സിംഗിന് കോടതി പിഴ ചുമത്തി.
2014 ആഗസ്റ്റ് 28: കേസ് സെപ്തംബര്‍ 20ന് വിധി പറയാന്‍ മാറ്റി. ജയലളിതയടക്കം നാല് പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം.
2014 സെപ്തംബര്‍ 16: വിധി പറയുന്നത് സെപ്തംബര്‍ 27ലേക്ക് മാറ്റി.
2014 സെപ്തംബര്‍ 27: വിധി- ജയലളിത, ശശികല, ഇളവരസി,
സുധാകരന്‍ എന്നിവര്‍ക്ക് ശിക്ഷ. നാല് പേര്‍ക്കും നാല് വര്‍ഷം തടവ്. ജയലളിത നൂറ് കോടി രൂപ പിഴയയടക്കണം. മറ്റ് മൂന്ന് പേര്‍ക്കും
10 കോടി വീതം പിഴയും ജഡ്ജി മൈക്കേല്‍ കുന്‍ഹ വിധിച്ചു.
2014 സെപ്തംബര്‍ 29: വിധി ചോദ്യം ചെയ്തും ജാമ്യം തേടിയും
ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍.
2014 ഒക്‌ടോബര്‍ ഏഴ്: ജാമ്യമില്ലെന്ന് ഹൈക്കോടതി.
2014 ഒക്‌ടോബര്‍ ഒമ്പത്: ജയലളിത സുപ്രീം കോടതിയില്‍.
2014 ഒക്‌ടോബര്‍ 18: ജാമ്യം. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജയലളിത പുറത്തിറങ്ങി. മൂന്ന് മാസത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.
2014 ഡിസംബര്‍ 18: ജാമ്യ കാലാവധി നാല് മാസം കൂടി സുപ്രീം
കോടതി നീട്ടി. പ്രത്യേക ബഞ്ച് രൂപവത്കരിച്ച് അപ്പീല്‍ അവധിയില്ലാതെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നിര്‍ദേശം.
2015 മാര്‍ച്ച് 11: അപ്പീലില്‍ വിധി പറയുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു.
2015 ഏപ്രില്‍ 28: ബി വി ആചാര്യ വീണ്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ജയലളിതയുടെ അപ്പീല്‍ തള്ളണമെന്ന് ഹൈക്കോടതിയില്‍
ആചര്യയുടെ റിട്ടണ്‍ സബ്മിഷന്‍.
2015 മെയ് എട്ട്: അപ്പീലില്‍ മെയ് 11ന് ജസ്റ്റിസ് കുമാരസ്വാമി അധ്യക്ഷനായ പ്രത്യേക അവധിക്കാല ബഞ്ച് വിധി പറയുമെന്ന് കര്‍ണാടക ഹൈക്കോടതി.
2015 മെയ് 11: ജയലളിതയും ശശികലയും ഉള്‍പ്പെടെ നാല് പേരുടെയും ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
2015 ജൂണ്‍ 23: ജയലളിതയെയും കൂട്ടുപ്രതികളെയും കുറ്റവിമുക്തമാക്കിയത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
2015 ജൂണ്‍ 27: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.
2016 ഫെബ്രുവരി 23: ജയലളിതയെ കുറ്റവിമുക്തയാക്കിയത് ചോദ്യം ചെയ്ത ഹരജിയില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം തുടങ്ങി.
2016 ജൂണ്‍ ഏഴ്: വിധി പറയുന്നത് മാറ്റിവെച്ചു.
2016 ഡിസംബര്‍ അഞ്ച്: വിധി കാത്തുനില്‍ക്കാതെ ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിന് ശേഷം ജയലളിത മരിക്കുന്നു.
2017 ഫെബ്രുവരി 14: നിര്‍ണായക വിധി. ജയലളിതയെയും മറ്റ് മൂന്ന് പേരെയും കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാറിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ശശികല, ഇളവരസി, വി എന്‍ സുധാകരന്‍ എന്നിവര്‍ക്ക് നാല് വര്‍ഷം തടവ്. 10 കോടി വീതം പിഴ.