Connect with us

National

തകര്‍ന്നടിഞ്ഞ് ചിന്നമ്മ; 'പ്ലാന്‍ ബി'യുമായി അവസാന ശ്രമം

Published

|

Last Updated

ചെന്നൈ: അനധികൃത സ്വത്ത് കേസില്‍ ശശികലക്കെതിരായ വിധി തമിഴ്‌നാട്ടിലാകെ വിതക്കുന്നത് ആശങ്കയും ആഹ്ലാദവും. പനീര്‍ശെല്‍വം വിഭാഗവും ശശികലയോട് എതിര്‍പ്പുള്ള മറ്റുള്ളവരും തെരുവില്‍ ആഹ്ലാദനൃത്തം ചവിട്ടുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കയും പരന്നു. 10.30 ഓടെ വിധി വന്നപ്പോള്‍ തന്നെ സംസ്ഥാനത്താകെ കനത്ത സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയത്. പ്രധാന റോഡുകള്‍ അടച്ചു. പോയസ് ഗാര്‍ഡന്‍ പരിസരത്ത് നേരത്തേ തന്നെ ഒരുക്കിയ സുരക്ഷ കൂടുതല്‍ ശക്തമാക്കി.

ശശികല ഇന്നലെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന വാര്‍ത്ത പരന്നതോടെ പലയിടത്തും ജനം ഇളകി. അറസ്റ്റ് ചെയ്യുന്നില്ല, കീഴടങ്ങട്ടേ എന്ന നിലപാട് പോലീസ് കൈകൊണ്ടത് ഈ ഘട്ടത്തിലാണ്. എം എല്‍ എമാരെ പാര്‍പ്പിച്ചിട്ടുള്ള കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിനടുത്തും കൂടുതല്‍ പോലീസ് സംഘം കുതിച്ചെത്തി. അവിടെ മാധ്യമപ്രവര്‍ത്തകരെ ശശികല അനുകൂലികള്‍ ആക്രമിച്ചതായി വാര്‍ത്ത വന്നിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ സജ്ജരായി ആയിരത്തോളം പോലീസുകാരെ ഇവിടെ വിന്യസിച്ചു.

അതിനിടെ, രാഷ്ട്രീയ കരുനീക്കങ്ങളും സജീവമായി. തന്നെ പിന്തുണക്കുന്ന എം എല്‍ എമാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ശശികല എല്ലാം അമ്മക്ക് വേണ്ടിയായിരുന്നുവെന്ന് പല്ലവി ആവര്‍ത്തിച്ചു. മാത്രമല്ല പനീര്‍ശെല്‍വം അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത് “പ്ലാന്‍ ബി” പ്രാവര്‍ത്തികമാക്കുന്നതിന്റെ തുടക്കമായിരുന്നു. താന്‍ പത്ത് വര്‍ഷത്തേക്ക് അയോഗ്യയായതോടെ ശശികലയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റു നോക്കിയവര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചത്. ഗൗഡര്‍ സമുദായാംഗമായ രാജ്യസഭാംഗം തമ്പിദുരൈക്കാണ് നറുക്ക് വീഴുമെന്ന് കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് പ്രാദേശിക രാഷ്ട്രീയത്തില്‍ സ്വാധീനം കുറവാണെന്ന വിലയിരുത്തലില്‍ തുറമുഖ, ഹൈവേ, പൊതുമരാമത്ത് മന്ത്രി പളനിസ്വാമിയെ തന്നെ പോരാട്ടം തുടരാന്‍ നിയോഗിച്ചു. വൈകീട്ട്, പിന്തുണക്കുന്നവരുടെ പട്ടികയുമായി പളനിസ്വാമി ഗവര്‍ണറെ കാണും വരെ തിരക്കിട്ട കരുനീക്കങ്ങളാണ് നടന്നത്. കൂറുമാറ്റത്തിന്റെ കെണിയൊരുക്കാനാണ് 20 പേരെ പുറത്താക്കിയത്. വേറെയും നിരവധി സാധ്യതകള്‍ ആരാഞ്ഞു. തമ്പിദുരൈയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍.