പി എസ് എല്‍ വി സി-37 വിക്ഷേപിച്ചു; പുതിയ ചരിത്രം രചിച്ച് ഐഎസ്ആര്‍ ഒ

Posted on: February 15, 2017 10:23 am | Last updated: February 16, 2017 at 8:42 am
SHARE

ബെംഗളൂരു: 104 ഉപഗ്രഹങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് ഐ എസ് ആര്‍ ഒ ചരിത്രമെഴുതി. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ രാവിലെ 9.28ന് പി എസ് എല്‍ വി സി- 37 ബഹിരാകാശ വാഹനം കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യം അഭിമാനമുഹൂര്‍ത്തത്തിലായി.
മിനുട്ടുകള്‍ക്കുള്ളില്‍ വിജയ സൂചനകള്‍ നല്‍കി മുന്നേറിയ രാജ്യത്തിന്റെ ചരിത്ര പേടകം 9.40 ആയപ്പോഴേക്കും പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടു. 714 കിലോഗ്രാമുള്ള ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് ഡി ഉപഗ്രഹമാണ് ആദ്യം ലക്ഷ്യത്തിലെത്തിച്ചത്. പിന്നീട് ഇന്ത്യയുടെ തന്നെ ഐ എന്‍ എസ്- ഒന്ന്, ഐ എന്‍ എസ് – ഒന്ന് ബി എന്നിവയും ലക്ഷ്യത്തിലെത്തിച്ചു. അര മണിക്കൂറിന് ശേഷം ദൗത്യം പൂര്‍ണമായും വിജയത്തിലെത്തിയെന്ന സന്ദേശം ലഭിച്ചു.
പി എസ് എല്‍ വി സി 37 കുതിച്ചുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ താപകവചം വേര്‍പെട്ടിരുന്നു. ഭ്രമണപഥത്തിലെ സാന്ദ്രത വ്യത്യാസപ്പെടുന്നതിനനുസരിച്ചാണ് താപകവചം ഒഴിവാകുക. വിക്ഷേപണ വിജയത്തിന്റെ ആദ്യ സൂചനയാണിതെന്നിരിക്കെ ഈ നിമിഷം ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ ആഹ്ലാദഭരിതരായി. സഞ്ചാരത്തിന്റെ നാലാം ഘട്ടത്തിലെത്തിയപ്പോഴേക്കും ഇന്ത്യയുടെ നിരീക്ഷണ സംവിധാനത്തില്‍ നിന്ന് പേടകം മറഞ്ഞു. പിന്നീട് അന്റാര്‍ട്ടിക്കയിലെ നോര്‍വേയുടെ സ്‌പേസ് സെന്ററിന്റെ സഹായത്തോടെയാണ് റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചത്.
നേരത്തെ, പത്ത് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ നേട്ടം മറികടന്ന് റഷ്യ 2014ല്‍ 37 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. റഷ്യയുടെ ഈ റെക്കോര്‍ഡാണ് ഇന്നലെ ഇന്ത്യ വീണ്ടും പിന്തള്ളിയത്. 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 100 കടന്നു. അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ഇസ്‌റാഈല്‍, യു എ ഇ, കസാക്കിസ്ഥാന്‍ എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ 34 തവണകളിലായി 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്ത് നിന്നുള്ളതായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മനി (എട്ട്), യു കെ (ആറ്) എന്നിങ്ങനെയാണ് കണക്ക്. കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധിക വരുമാനമാണ് ഐ എസ് ആര്‍ ഒക്ക് ലഭിച്ചത്. 2014-15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് ഐ എസ് ആര്‍ ഒയുടെ വരുമാനം. 2013- 14ല്‍ ഇത് 136 കോടി രൂപയായിരുന്നു.