പോലീസ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്: മുഖ്യമന്ത്രി

Posted on: February 15, 2017 12:25 am | Last updated: February 15, 2017 at 12:07 am

കണ്ണൂര്‍: പോലീസ് ആരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്നും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമസംഭവങ്ങള്‍ക്കുത്തരവാദികളായവര്‍ ആരാണെന്നത് അന്വേഷണത്തിലൂടെ കണ്ടെത്തിയാകണം നടപടിയെടുക്കേണ്ടത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പ്രതികളാരെന്ന് ബന്ധപ്പെട്ടവരോ ബന്ധുക്കളോ പറയാറുണ്ട്. എന്നാല്‍, അതിനുത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസ് ജാഗ്രത പാലിക്കണം. വിരോധം വെച്ച് ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നവരുടെ പേരിലല്ല കേസെടുക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കി മാറ്റണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ വികാരമാണ് പ്രകിപ്പിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപാലനത്തിനായി എല്ലാ രാഷ്ട്രീയകക്ഷികളും സംഘടനകളും യോജിച്ചുനീങ്ങും. സമാധാനം സ്ഥാപിക്കുന്നതിന് നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കുന്ന ധാരണ താഴേത്തട്ടിലടക്കം എത്തുകയും പൂര്‍ണ ധാരണയായി മാറുകയും വേണം. അടുത്തിടെയുണ്ടായ പലസംഭവങ്ങളും നേതൃത്വങ്ങള്‍ അറിഞ്ഞോ ആസൂത്രണം ചെയ്‌തോ ഉണ്ടായതല്ലെന്നാണ് യോഗത്തിലുയര്‍ന്ന അഭിപ്രായം. ആരാധനാലയങ്ങളെ പവിത്രമായ ഇടങ്ങളായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും പതിവായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി പി എം- ബി ജെ പി ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നു. ഈ യോഗത്തിലെ ധാരണപ്രകാരമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗം ചേര്‍ന്നത്. കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, പി ജയരാജന്‍, വത്സന്‍ തില്ലങ്കേരി, കെ രഞ്ജിത്ത്, പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍, സതീശന്‍ പാച്ചേനി പങ്കെടുത്തു.