അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും കോഴിക്കെട്ടിന്റെ സീല്‍ക്കാരം

Posted on: February 15, 2017 6:00 am | Last updated: February 14, 2017 at 11:52 pm

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയതിനെതിരെ നടന്ന സമരങ്ങളും ഓര്‍ഡിനന്‍സിലൂടെ വിധിയെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കാന്‍ സാഹചര്യമുണ്ടാക്കിയതും ആ സംസ്ഥാനത്തിന്റെ മാത്രം ആഭ്യന്തരകാര്യമായി നമ്മളെല്ലാം കരുതുമ്പോഴും; അവിടെയുണ്ടായ ഒരിക്കലും അനുകരണീയമല്ലാത്ത മാതൃകയുടെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും പ്രതിധ്വനിക്കുകയാണ്. കേരളത്തില്‍ നിയമം മൂലം നിരോധിക്കപ്പെട്ട കോഴിക്കെട്ട് എന്ന ക്രൂരവിനോദം നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് സംഘടിതമായി തിരിച്ചുകൊണ്ടുവരികയാണോയെന്ന ആശങ്ക ഉയരുകയാണ്. ഇതിന് അടിവരയിടുന്നതാണ് ദക്ഷിണ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും സമീപകാലത്തായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഈ ദുരാചാരം സംബന്ധിച്ച വാര്‍ത്തകള്‍. കോഴിക്കെട്ടിനെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്ത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നിസ്സാരമായി കാണാനുമാകില്ല.

കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ കോഴിയങ്കം വീണ്ടുമൊരു ലഹരിയായി പടര്‍ന്നുകയറുന്നതിന്റെ പ്രകടമായ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മലയാളം, കന്നഡ, തുളു, മറാട്ടി, കൊങ്കിണി തുടങ്ങിയ ഭാഷകളുടെ സ്വാധീനമുള്ള ബദിയടുക്ക, മഞ്ചേശ്വരം, ആദൂര്‍, കുമ്പള പ്രദേശങ്ങളില്‍ കോഴിയങ്കത്തിന്റെ വാളുകള്‍ കൊണ്ടുള്ള ശീല്‍ക്കാരങ്ങളും ഇതിനെ പ്രോത്‌സാഹിപ്പിക്കുന്ന മനുഷ്യരുടെ ആര്‍പ്പുവിളികളും പതിവായി മാറിക്കഴിഞ്ഞു. പത്തു വര്‍ഷം മുമ്പാണ് കോഴിയങ്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്‌സവങ്ങളുടെയും മറ്റും ഭാഗമായി വ്യക്തികളും ടീമുകളും കോഴികളെ വാളുകള്‍ കെട്ടി അങ്കത്തിനിറക്കുകയും പണം നേടുകയും ചെയ്യുന്ന ക്രൂരതയുടെ പര്യായമായ ചൂതാട്ടത്തിനെതിരെ ഉയര്‍ന്ന പൊതുവികാരമാണ് നിരോധനത്തിന് കാരണമായത്. നിരോധനത്തിനു ശേഷവും കുറച്ചു കാലം കോഴിയങ്കങ്ങള്‍ തുടര്‍ന്നുവെങ്കിലും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ ഇതിന് മുന്‍കൈയെടുത്ത സംഘങ്ങളെല്ലാം പിന്‍വാങ്ങുകയായിരുന്നു.

പത്തുവര്‍ഷത്തിനിപ്പുറം ഒരു മാസം മുമ്പു വരെ കോഴിയങ്കവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഈ മത്‌സരത്തിന്റെ വാര്‍ത്തകള്‍ വീണ്ടും പത്രത്താളുകളില്‍ നിറയുകയാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് കോലാഹലങ്ങള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. അവിടെ നിയമത്തിന് തരിമ്പും വില കല്‍പ്പിക്കാതെയാണ് ജെല്ലിക്കെട്ടിന് വേണ്ടിയുള്ള സമരങ്ങള്‍ നടന്നത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാകണം കേരളത്തിലെ കോഴിക്കെട്ട് സംഘങ്ങളും തലപൊക്കിയിരിക്കുന്നത്. പോലീസ് പിടികൂടി ജാമ്യത്തില്‍ വിട്ടയച്ച ശേഷം വീണ്ടും കോഴിയങ്കത്തിന് നേതൃത്വം നല്‍കാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു മടിയുമില്ല.
ദക്ഷിണ കര്‍ണാടകയില്‍ ഇപ്പോഴും കോഴിയങ്കങ്ങള്‍ വ്യാപകമാണ്. കേരളത്തിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ മലയാളികളേക്കാള്‍ കൂടുതല്‍ താമസിക്കുന്നത് കന്നഡ ഭാഷ സംസാരിക്കുന്നവരാണ്. കന്നഡ ഭാഷക്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കോഴിയങ്കം അരങ്ങേറുമ്പോള്‍ സഹകരിക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെടും. അധികൃതരുടെ കണ്ണുവെട്ടിച്ച് നടത്തുന്ന കോഴിയങ്കങ്ങളെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളായാണ് ഇതിന് മുന്‍കൈയെടുക്കുന്നവര്‍ കാണുന്നത്. മത്‌സരത്തിനു വേണ്ടി മാത്രമായി ഇവിടങ്ങളില്‍ പൂവന്‍കോഴികളെ തീറ്റിപ്പോറ്റി വളര്‍ത്തുന്നു. കോഴികളുടെ കാലുകളില്‍ മൂര്‍ച്ചയേറിയ വാളുകള്‍ കെട്ടി അങ്കത്തിനിറക്കുന്നു. ഇതിനിടയില്‍ മുറിവേല്‍ക്കുമ്പോള്‍ അങ്കക്കോഴികള്‍ക്ക് വീര്യം കൂടുകയാണ് ചെയ്യുന്നത്. ചോര വാര്‍ന്ന് തളരുമ്പോള്‍ ഏതെങ്കിലും ഒരു കോഴി തളര്‍ന്നുവീഴുകയോ മൃതപ്രായമാവുകയോ ചെയ്താല്‍ മറ്റേ കോഴി ജയിച്ചതായി കണക്കാക്കുകയും ആ കോഴിയുടെ ഉടമക്കോ ടീമിനോ പണം ലഭിക്കുകയും ചെയ്യും. നഷ്ടം വന്ന വ്യക്തിയോ ടീമോ വേറൊരു പൂവന്‍ കോഴിയെ മത്‌സരത്തിനായി വളര്‍ത്തി നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്യും.
മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നതും അവയെ ഉപയോഗിച്ച് ചൂതാട്ടം നടത്തുന്നതും നിയമപ്രകാരം കുറ്റകരമായതിനാലാണ് കോഴിയങ്കവും നിയമവിരുദ്ധമാക്കപ്പെട്ടത്. കോഴിയങ്കം പോലെ തന്നെ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമീപകാലം വരെ മറ്റൊരു വിനോദം കൂടിയുണ്ടായിരുന്നു. പോത്തോട്ട മത്‌സരം. ഉഴുതുമറിച്ച പാടങ്ങളിലൂടെ പോത്തുകളെ ഓടിച്ചുകൊണ്ടുള്ള മത്‌സരം. ഓരോ പോത്തുകള്‍ക്കും പിറകെ ഓരോ വ്യക്തിയുമുണ്ടാകും. പോത്തുകളെ വടികൊണ്ടും ചാട്ടവാര്‍ കൊണ്ടുമൊക്കെ ശക്തമായി അടിച്ച് പരമാവധി വേഗത്തില്‍ ഓടിപ്പിക്കുന്ന വിനോദമാണിത്. ഇവിടെയും ക്രൂരമായ പീഡനമുറകളാണ് പ്രയോഗിക്കപ്പെടുന്നത്. മത്‌സരത്തിന്റെ പേരില്‍ പോത്തുകളെ ശാരീരികമായി പീഡിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവന്നതോടെ ഇതിനെതിരെയും പ്രതിഷേധമുയരുകയായിരുന്നു. കര്‍ണാടകയില്‍ കാളകളെ ഉപയോഗിച്ച് കമ്പള എന്ന മത്‌സരം നടത്തുന്നതിന് സമാനമായാണ് കാസര്‍കോട്ട് പോത്തോട്ടമത്‌സരം നടത്തിയിരുന്നത്.

അത്യുത്തര കേരളത്തിന്റെ മറ്റുചില ഭാഗങ്ങളിലും ഇത്തരം മത്‌സരങ്ങള്‍ അരങ്ങേറിയിരുന്നു. മത്‌സരത്തില്‍ ജയിച്ചുകയറുന്നതിനായി തൊലി പൊളിയുന്നതുവരെ പോത്തുകളെ തല്ലി വേഗത വരുത്തുന്ന ഈ സമ്പ്രദായം കുറച്ചുകാലമായി കാസര്‍കോട്ട് നടക്കാറില്ല. ശക്തമായ നിയമനടപടികളിലൂടെയാണ് പോത്തോട്ട മത്‌സരങ്ങള്‍ക്ക് മൂക്കുകയറിട്ടത്. എന്നാല്‍ കോഴിയങ്കം വീണ്ടും സജീവമായതോടെ ഭാവിയില്‍ പോത്തോട്ട മത്‌സരങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു കൂടായ്കയില്ല. അതിനുള്ള സാഹചര്യം ഒഴിവാക്കാനുള്ള ഇടപെടലുകള്‍ അനിവാര്യമായിരിക്കുകയാണ്. കോഴിക്കെട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനി കര്‍ശനമായ നിയമനടപടികള്‍ ആവശ്യമാണ്. പിഴയടച്ച് ഇത്തരം കേസുകളില്‍ നിന്നും ഊരാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ചെറിയ കേസല്ലേ പ്രശ്‌നമില്ല എന്ന മനോഭാവം വീണ്ടും കോഴിയങ്കങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കും. കടുത്ത നിയമനടപടികളിലൂടെ ഇതിന് തടയിടുക മാത്രമാണ് ഉചിതമായ മാര്‍ഗം.