പനീര്‍ശെല്‍വമല്ല, കളിക്കുന്നത് സംഘ്പരിവാറാണ്‌

പനീര്‍ശെല്‍വത്തിനും ശശികലക്കുമിടയില്‍ എ ഐ എ ഡി എം കെ വിഭജിക്കപ്പെടുന്ന സാഹചര്യമാണ് മുന്നില്‍ നില്‍ക്കുന്നത്. വ്യക്തിയെ കേന്ദ്രീകരിച്ച് ജനിക്കുകയും അതിനെ കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത എ ഐ എ ഡി എം കെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അനിവാര്യമായ പ്രതിസന്ധിയാണ്. പക്ഷേ, ഇപ്പോഴുണ്ടായ തകര്‍ച്ചയും ആ പാര്‍ട്ടി നേരിടുന്ന അരാജകത്വവും ആഭ്യന്തര സൃഷ്ടി മാത്രമായി കാണരുതെന്ന് മാത്രം. തമിഴ്‌നാട്ടിലെ സവിശേഷമായ ജാതി ഘടനയും അവയെയൊക്കെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനങ്ങളും കണക്കിലെടുത്താല്‍ സ്വാധീനമുറപ്പിക്കല്‍ അത്രയെളുപ്പം സാധിക്കാത്ത സംഘ്പരിവാരം എ ഐ എ ഡി എം കെയിലെ പ്രതിസന്ധിയിലൊരു ചാലക ശക്തിയായുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തെ തങ്ങള്‍ നിര്‍വചിക്കുന്ന ദേശീയ രാഷ്ട്രീയത്തോട് ചേര്‍ക്കാന്‍ അവസരമുണ്ടാക്കാനുള്ള ചാലക ശക്തി.
Posted on: February 15, 2017 6:05 am | Last updated: February 14, 2017 at 11:50 pm

ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലുണ്ടായ ഭിന്നത തത്കാലത്തേക്ക് ആ പാര്‍ട്ടിയെ മാത്രമേ ഉലക്കുന്നുള്ളൂ, പക്ഷേ അത് ദ്രാവിഡ രാഷ്ട്രീയത്തില്‍ എന്ത് ആഘാതമുണ്ടാക്കുമെന്നതാണ് പ്രധാന ചോദ്യം. ആ ചോദ്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ സംഘ്പരിവാരവും കേന്ദ്ര സര്‍ക്കാറും വഹിക്കുന്ന പങ്ക് ചെറുതല്ല താനും. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി അറിയപ്പെടുന്ന വി കെ ശശികല മുഖ്യമന്ത്രി പദത്തിലേക്ക് എത്താതിരിക്കുന്നതും അവരുടെ പക്ഷം ദുര്‍ബലമാകുന്നതും ജനാധിപത്യം പരിഗണിക്കുമ്പോള്‍ ഗുണകരമാണ്. ജയലളിതയുടെ വിശ്വസ്തനായി അറിയപ്പെടുന്ന, പാര്‍ട്ടി അണികളുടെ പിന്തുണ ഏറെയുള്ള പനീര്‍ശെല്‍വം എ ഐ എ ഡി എം കെയില്‍ പിടിമുറുക്കുന്നത് സ്വാഭാവിക നീതിയാണെന്നും കരുതാം. പക്ഷേ, അതിനപ്പുറത്തുള്ള രാഷ്ട്രീയത്തെ കാണാതിരിക്കാനാകില്ല, അവിടെയാണ് സംഘ്പരിവാരത്തിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും സ്ഥാനം.
എന്തുകൊണ്ട് ഇത്തരം ആശങ്കകള്‍ എന്ന് മനസ്സിലാകണമെങ്കില്‍ കുറച്ചുകാലം പിറകിലേക്ക് സഞ്ചരിക്കണം. ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹിന്ദ രജപക്‌സെ, സേനാ മേധാവി ശരത് ഫൊണ്‍സെകയെ ഉപയോഗിച്ച് എല്‍ ടി ടി ഇയെ അടിച്ചമര്‍ത്തിയ കാലത്തേക്ക്. എല്‍ ടി ടി ഇ അണികളെയും തമിഴ് ജനതയെയും അടിച്ചമര്‍ത്തി ശ്രീലങ്കന്‍ സൈന്യം മുന്നേറിയ കാലത്ത് തമിഴ് വംശജര്‍ക്കു നേര്‍ക്ക് നടത്തുന്ന വലിയ ക്രൂരത അവസാനിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ പ്രസിഡന്റ് എം കരുണാനിധി ഉപവാസ സമരം നടത്തിയിരുന്നു. തമിഴ് ഭാഷയെ, അതിലൂന്നിയുള്ള ദേശീയതയെ അത്രമാത്രം സ്‌നേഹിക്കുന്ന ജനത, 2009ല്‍ കരുണാനിധിയുടെ ഉപവാസ സമരത്തോട് അത്രത്തോളം മമത കാട്ടിയിരുന്നില്ല. തമിഴ് ഈഴമെന്ന സങ്കല്‍പത്തോട് ചേര്‍ന്നുനില്‍ക്കാന്‍ കൊതിച്ച ജനത, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തമായി പ്രതിരോധിച്ച ജനത, സഹോദരര്‍ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ പ്രവഹിക്കെ, കരുണാനിധിയുടെ സമരത്തോട് നിസ്സംഗത കാട്ടിയെന്നത് പ്രധാന ചോദ്യമാണ്?

തമിഴ് ദേശീയത എന്ന ആശയത്തോട്, തമിഴരുടെ അവകാശങ്ങളുടെ സംരക്ഷണത്തോട് ഡി എം കെക്കും കരുണാനിധിക്കുമുണ്ടെന്ന് അവകാശപ്പെടുന്ന വികാരം പൊള്ളയാണെന്ന തിരിച്ചറിവ് ഒരു കാരണമാണ്. അതിനപ്പുറത്ത് ഇത്തരം വൈകാരികതകള്‍ക്കപ്പുറത്ത് സ്വന്തം ജീവിതവും അത് ഉരുവപ്പെടുന്ന സാഹചര്യങ്ങളുമാണ് പ്രധാനമെന്ന് ചിന്തിക്കുന്ന ഒരു തലമുറ വളര്‍ന്നുവന്നുവെന്നത് കൂടിയായിരുന്നു കാരണം. ഡി എം കെയേക്കാളും തീവ്രമായി തമിഴ് അവകാശ സംരക്ഷണത്തിന് വേണ്ടി അന്നും ഇന്നും നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്കും വലിയ വേരോട്ടം ആ മണ്ണില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല എന്നതും കാണണം. 2009ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഡി എം കെ പിന്നാക്കം പോകുകയാണ് ഉണ്ടായത് എന്ന വസ്തുതയും കണക്കിലെടുക്കണം.

ദ്രാവിഡ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നിരുന്ന ജനതയില്‍ മാറ്റമുണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പേരിലെങ്കിലും ദ്രാവിഡ രാഷ്ട്രീയമുള്ള ജയലളിതയുടെ എ ഐ എ ഡി എം കെയുണ്ടായിരുന്നു. അതുകൊണ്ടാണ് ഡി എം കെക്ക് തിരിച്ചടിയുണ്ടായപ്പോഴൊക്കെ അത് എ ഐ എ ഡി എം കെയുടെ നേട്ടമായി മാറിയത്. ഈ സാഹചര്യത്തിലൊരു മാറ്റമുണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ പ്രധാനമാക്കുന്നത്. അത്തരത്തിലൊരു മാറ്റമുണ്ടായാല്‍ അത് അഴിമതിക്കെതിരെ നിലപാടെടുക്കുന്നുവെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും അവകാശപ്പെടുന്ന ബി ജെ പിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷ സംഘ്പരിവാരത്തിനുണ്ട്. തമിഴ് ദേശീയത എന്ന വികാരത്തെ തങ്ങള്‍ ഉയര്‍ത്തി വിടുന്ന വ്യാജ ദേശീയതയിലേക്ക് കോര്‍ക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷ.

ജയലളിതയുടെ മരണത്തോടെ ഏതാണ്ട് അനാഥമായ എ ഐ എ ഡി എം കെ, അമ്മയുടെ വിശ്വസ്ത വിധേയനായ ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. അതിലൊരു മാറ്റമുണ്ടായത് ജെല്ലിെക്കട്ട് സമരത്തോടെയാണ്. അവിചാരിതമായി ഉയര്‍ന്ന സമരമായാണ് അത് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. പക്ഷേ, അതിന്റെ സംഘാടനം സംസ്ഥാനത്തൊരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കണം. ജെല്ലിക്കെട്ടിന് അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയവര്‍ ദ്രാവിഡപ്പാര്‍ട്ടികളുടെ അഴിമതി മുഖ്യവിഷയമായി ഉന്നയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച കേസിലും ആരോപണവിധേയയായി നില്‍ക്കുന്ന വി കെ ശശികല അധികാരം നിയന്ത്രിക്കുന്നതിനെ അവര്‍ ചോദ്യം ചെയ്തിരുന്നു. ശശികല, ഭര്‍ത്താവ് നടരാജന്‍, രണ്ട് പേരുടെയും ബന്ധുക്കള്‍ എന്ന ശൃംഖല മദ്യ – വിദ്യാഭ്യാസ – ക്വാറി മേഖലകളിലായി നടത്തുന്ന മാഫിയാ പ്രവര്‍ത്തനം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമസമാധാന പ്രശ്‌നമായി വളരാതെ ആ സമരത്തെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പനീര്‍ശെല്‍വത്തിന് സാധിച്ചു. ജെല്ലിെക്കട്ട് നടത്താന്‍ പാകത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പനീര്‍ശെല്‍വത്തിന് നല്‍കുകയും ചെയ്തു. അന്നോളം പാവയായി കരുതപ്പെട്ടിരുന്ന പനീര്‍ശെല്‍വം ഭരണാധികാരിയുടെയും നേതാവിന്റെയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്ന തോന്നലാണ് അതോടെ സൃഷ്ടിക്കപ്പെട്ടത്. പാര്‍ട്ടിയെ, ഭരണത്തെ നിയന്ത്രിക്കുകയും അതുവഴി കുടുംബത്തിന്റെ (കള്ള)കച്ചവട താത്പര്യങ്ങളെ സംരക്ഷിക്കാനും ലക്ഷ്യമിട്ട ശശികലക്ക് ഇത്രമാത്രം മതിയായിരുന്നു അധികാരം പിടിക്കണമെന്ന തോന്നലുണ്ടാകാന്‍. അവരതിന് തുനിഞ്ഞിറങ്ങിയത് സംഘ്പരിവാരത്തിന്റെ ആഗ്രഹങ്ങളെ വേഗത്തില്‍ സാധിപ്പിക്കുന്നതായി മാറുകയും ചെയ്തു.
ബി ജെ പിയെയും കേന്ദ്ര സര്‍ക്കാറിനെയും വിശിഷ്യാ നരേന്ദ്ര മോദിയെയും സംബന്ധിച്ച് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ശശികലയെ അപേക്ഷിച്ച്, താരതമ്യേന മികച്ച പ്രതിച്ഛായയും എപ്പോള്‍ വേണമെങ്കിലും വിധേയവേഷം കെട്ടാന്‍ തയ്യാറുമുള്ള പനീര്‍ശെല്‍വം മെച്ചപ്പെട്ട സാധ്യതയായിരുന്നു. എ ഐ എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തേക്ക് പനീര്‍ശെല്‍വം നിര്‍ദേശിച്ച് എം എല്‍ എമാരൊക്കെ ഏകകണ്ഠമായി അംഗീകരിച്ച ശശികലയെ ഉടന്‍ തന്നെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുക എന്നത് മാത്രമാണ് തെലുങ്കാനയില്‍ നിന്നുള്ള ബി ജെ പി നേതാവ് കൂടിയായ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മുന്നിലുണ്ടായിരുന്ന മാര്‍ഗം.

എന്നാല്‍, കേന്ദ്ര മന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് ഭരണഘടനാ ഉത്തരവാദിത്തത്തെ മാറ്റിവെക്കാനായിരുന്നു വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളിലൊരു കലാപത്തിനുള്ള സമയം നിങ്ങള്‍ക്കുണ്ടെന്ന സന്ദേശം പനീര്‍ശെല്‍വത്തിന് നല്‍കുകയാണ് ഇതിലൂടെ ഗവര്‍ണര്‍ ചെയ്തത്. ഭരണഘടനാ വ്യവസ്ഥകളെയല്ല, കേന്ദ്ര സര്‍ക്കാറിന്റെയോ ബി ജെ പിയുടെയോ രാഷ്ട്രീയ ആഗ്രഹങ്ങളെ അധികരിച്ചായിരുന്നു ഗവര്‍ണറുടെ തീരുമാനം. അതിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള ദിനങ്ങളിലും കണ്ടത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധിവരും വരെ കാത്തിരിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. രാജി നല്‍കി, കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം രാജി പിന്‍വലിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയപ്പോള്‍ അത് സാധ്യമല്ലെന്ന് വ്യക്തമാക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നത് കൂടി ഇതുമായി ചേര്‍ത്ത് വായിക്കണം. വിവേചന അധികാരമാണെന്ന ന്യായത്തില്‍ എല്ലാം വിശദീകരിക്കാന്‍ സാധിക്കുമെന്ന സൗകര്യം ഗവര്‍ണര്‍ക്കുണ്ടുതാനും.
പനീര്‍ശെല്‍വത്തിനും ശശികലക്കുമിടയില്‍ എ ഐ എ ഡി എം കെ വിഭജിക്കപ്പെടുന്ന സാഹചര്യമാണ് മുന്നില്‍ നില്‍ക്കുന്നത്. കൂറുമാറ്റ നിരോധന നിയമം കര്‍ശനമാണെന്നിരിക്കെ തമിഴ്‌നാട്ടില്‍ ഈ പക്ഷങ്ങള്‍ക്കൊന്നും ഭരിക്കാന്‍ അവസരമുണ്ടാകുമെന്ന് കരുതുക വയ്യ. രാഷ്ട്രപതി ഭരണവും ആറുമാസത്തിനിടെ തിരഞ്ഞെടുപ്പും മുന്‍കൂട്ടി കാണണം. അത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന് കരുത്തേകിയ ബി ജെ പിയെ സഖ്യകക്ഷിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതേ പനീര്‍ശെല്‍വത്തിന് മുന്നില്‍ മാര്‍ഗമുണ്ടാകൂ. ശശികല ജയിലിലാണെങ്കിലും ഇതിനകം സമാഹരിച്ച സമ്പത്ത് ആ പക്ഷത്തിന് ചെറുതല്ലാത്ത മേല്‍ക്കൈ നല്‍കുമെന്നിരിക്കെ പ്രത്യേകിച്ചും. ജയലളിതയുടെ വിശ്വസ്തനായി പനീര്‍ശെല്‍വം വോട്ട് തേടുമ്പോള്‍ അതിന്റെ ഗുണഭോക്തൃസ്ഥാനം ഒരുപരിധിവരെ ബി ജെ പിക്കുണ്ടാകുമെന്ന് ഉറപ്പ്. വളരാനുള്ള മണ്ണൊരുക്കുമെന്നും.

മഹാരാഷ്ട്രയില്‍ 25 വര്‍ഷം നീണ്ട സഖ്യത്തിനൊടുവില്‍ ശിവസേനയെ രണ്ടാം കക്ഷിയാക്കി ബി ജെ പി വളര്‍ന്നു. ഒറീസ്സയില്‍ ബിജു ജനതാദളുമായുണ്ടാക്കിയ സഖ്യം ആ മണ്ണില്‍ വേരുകള്‍ പടര്‍ത്താന്‍ ബി ജെ പിയെ സഹായിച്ചു. കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാമത്തെ പാര്‍ട്ടിയായി അവിടെ ബി ജെ പി മാറിയെന്നാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ബീഹാറില്‍ ജെ ഡിയുവുമായുണ്ടാക്കിയ സഖ്യം അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയിരുന്നു. കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്ന് ഭരണം പങ്കിട്ടത്, അവിടെ അധികാരം പിടിക്കുന്ന അവസ്ഥയിലേക്ക് ബി ജെ പിയെ എത്തിച്ചു. ഇതിന്റെ ആവര്‍ത്തനം തമിഴ് മണ്ണിലുമുണ്ടാകുമെന്ന് സംഘ്പരിവാരം പ്രതീക്ഷിക്കുന്നുണ്ട്, അതില്‍ ന്യായമില്ലെന്ന് പറയാനും സാധിക്കില്ല. മുന്‍കാലത്ത് ഡി എം കെയുമായും എ ഐ എ ഡി എം കെയുമായൊക്കെ ബി ജെ പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഏതെങ്കിലുമൊന്നിന്റെ തകര്‍ച്ചയുടെ ആനുകൂല്യം ബി ജെ പിക്കുണ്ടായിരുന്നില്ല. ഡി എം കെയെയോ എ ഐ എ ഡി എം കെയെയോ ഉപാധിയാക്കി വളരാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതിയെന്ന് ചുരുക്കം.

തമിഴ് ദേശീയതയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ മഹത്വവും മുന്‍നിര്‍ത്തി മാത്രം ജനപിന്തുണ ഉറപ്പാക്കാനാകില്ലെന്ന് ഇനിയും തിരിച്ചറിയാത്ത ഡി എം കെയും പാര്‍ട്ടി – ഭരണ നേതൃത്വങ്ങള്‍ കുടുംബത്തിനുള്ളില്‍ നിലനില്‍ക്കണമെന്ന ആഗ്രഹം മാത്രം അവശേഷിക്കുന്ന കരുണാനിധിയും, വിലാസവും തലപ്പൊക്കമുള്ള നേതൃത്വവുമില്ലാതായ കോണ്‍ഗ്രസും, വേരോട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ട ഇടതുപക്ഷവുമൊക്കെ സംഘ്പരിവാരത്തിന്റെ ആഗ്രഹങ്ങള്‍ക്ക് തുണയായി നില്‍ക്കുന്നുവെന്നതും കാണാതിരുന്നുകൂടാ.
വ്യക്തിയെ കേന്ദ്രീകരിച്ച് ജനിക്കുകയും അതിനെ കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത എ ഐ എ ഡി എം കെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അനിവാര്യമായ പ്രതിസന്ധിയാണ്. അതിലേക്ക് നയിക്കാന്‍ പാകത്തിലുള്ള ഘടകങ്ങള്‍ അതിന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നത് തള്ളിക്കളയുന്നില്ല. പക്ഷേ, ഇപ്പോഴുണ്ടായ തകര്‍ച്ചയും ആ പാര്‍ട്ടി നേരിടുന്ന അരാജകത്വവും ആഭ്യന്തര സൃഷ്ടി മാത്രമായി കാണരുതെന്ന് മാത്രം. തമിഴ്‌നാട്ടിലെ സവിശേഷമായ ജാതി ഘടനയും അവയെയൊക്കെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനങ്ങളും കണക്കിലെടുത്താല്‍ സ്വാധീനമുറപ്പിക്കല്‍ അത്രയെളുപ്പം സാധിക്കാത്ത സംഘ്പരിവാരം എ ഐ എ ഡി എം കെയിലെ പ്രതിസന്ധിയിലൊരു ചാലക ശക്തിയായുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തെ തങ്ങള്‍ നിര്‍വചിക്കുന്ന ദേശീയ രാഷ്ട്രീയത്തോട് ചേര്‍ക്കാന്‍ അവസരമുണ്ടാക്കാനുള്ള ചാലക ശക്തി.