ബെംഗളൂരു നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തില്‍

Posted on: February 15, 2017 12:38 am | Last updated: February 14, 2017 at 11:41 pm

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ കഴിയേണ്ടത് ബെംഗളൂരുവിലാണെന്നിരിക്കെ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തില്‍.
ശശികല ഹാജരാകാനിരിക്കുന്ന ബെംഗളൂരു പ്രത്യേക കോടതി പരിസരവും പരപ്പന അഗ്രഹാര ജയിലും പോലീസ് ബന്തവസ്സിലാണ്. കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബല്ലയിലും മറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ശശികല എത്തുന്നത് സംബന്ധിച്ച് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് രാത്രി വൈകിയും വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഏത് സാഹചര്യവും നേരിടുന്നതിനായി മുന്‍ കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ശശികല ബെംഗളൂരുവിലേക്കെത്തുകയാണെങ്കില്‍ അവരെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനും അതിര്‍ത്തിയില്‍ പ്രവര്‍ത്തകരുടെ വരവ് തടയുന്നതുമടക്കമുള്ള നടപടികളുണ്ടാകും.
സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ബെംഗളൂരു കോടതിയിലും ജയിലിലും ഇന്ന് എത്തിക്കും. പ്രത്യേക കോടതിയിലെ നാല്‍പ്പത്തിയെട്ടാം നമ്പര്‍ മുറിയിലാണ് ശശികല ഹാജരാകേണ്ടത്.