Connect with us

Kerala

വൈദ്യുതി കണക്ഷന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമാക്കി കെ എസ് ഇ ബി നടപ്പാക്കുന്ന വിവിധ സേവനങ്ങളുടെ പ്രഖ്യാപനം ഇന്ന് വൈദ്യുത മന്ത്രി എം എം മണി നിര്‍വഹിക്കും. പുതിയ കണക്ഷന്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനമാണിതില്‍ പ്രധാനം. പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും അപേക്ഷാ ഫീസിനോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വീസ് കണക്ഷനു വേണ്ട ചെലവും ഓണ്‍ലൈനായി തന്നെ അടക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷകന്റെ ഫോട്ടോയും മറ്റു രേഖകളും കണക്ഷന്‍ നല്‍കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കൈവശം ഏല്‍പ്പിച്ചാല്‍ മതിയാകും. പോസ്റ്റ് ആവശ്യമുള്ള കണക്ഷന് അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റു ചെലവുകളും സ്ഥല പരിശോധനക്ക് ശേഷം ഇമെയില്‍ വഴിയും എസ് എം എസ് വഴിയും അറിയിച്ചതിനുശേഷം ഓണ്‍ലൈനായി തന്നെ അടക്കാന്‍ കഴിയും.

പേയ് റ്റി എം (പേ ത്രൂ മൊബൈല്‍)എന്ന ഇ വാലറ്റ് സംവിധാനം വഴി വൈദ്യുതി ബില്ലുകള്‍ അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ മൊബൈല്‍വഴി ബില്‍ തുക അടക്കാന്‍ ഉപഭോക്താക്കള്‍ക്കാകും.
അപ്‌നാ സി എം സി (കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീം)എന്ന ദേശീയ പൊതു സേവന കേന്ദ്രവും സംസ്ഥാനത്തെ അക്ഷയാ കേന്ദ്രവുമായി യോജിച്ച് കെ എസ് ഇ ബിയുടെ വിനിമയ സമന്വയം സാധ്യമാക്കി വൈദ്യുതിബില്‍ തുക അടക്കാനും സൗകര്യമൊരുക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അക്ഷയ സെന്റര്‍ വഴി പണമടക്കുന്നത് ഉടന്‍തന്നെ കെ എസ് ഇ ബിയില്‍ വരവ് വെക്കാനാകും.
കെ എസ് ഇ ബി വികസിപ്പിച്ച സ്മാര്‍ട്ട്(സേഫ്റ്റി മോണിറ്ററിംഗ് ആന്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ടിംഗ് ടൂള്‍) എന്ന സോഫ്റ്റ് വെയര്‍, സ്ഥാപനത്തിലെ ജോലി സുരക്ഷയും വൈദ്യുതി അപകടങ്ങളും സംബന്ധിച്ച കാര്യങ്ങളെ നിരീക്ഷിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. കൂടാതെ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും അവസ്ഥയും വിലയിരുത്താനും തുടര്‍നടപടി കൈകൊള്ളാനുമുള്ള സംവിധാനം ഈ സോഫ്റ്റ് വെയറില്‍ ഒരുക്കിയിട്ടുണ്ട്.