നടക്കാതെ പോയ സീ പ്ലെയിന്‍ പദ്ധതിക്ക് തുലച്ചത് 13.7 കോടി

Posted on: February 15, 2017 7:32 am | Last updated: February 14, 2017 at 11:34 pm

തിരുവനന്തപുരം: ഇതുവരെ നടപ്പാക്കാത്ത സീ പ്ലെയിന്‍ പദ്ധതിക്കുവേണ്ടി ചെലവഴിച്ചത് 13.7 കോടി രൂപ. 2016 മാര്‍ച്ച് 31വരെയുള്ള കണക്ക്്് പ്രകാരം കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പദ്ധതിക്കുവേണ്ടിയാണ് ഇത്രയും വലിയ തുക ചെലവാക്കിയിട്ടുള്ളത്. പദ്ധതിക്കു വേണ്ടി സംസ്ഥാന ഖജനാവില്‍ നിന്ന് 23.29 കോടി അനുവദിച്ചത് അനാവശ്യ നഷ്ടമുണ്ടാക്കിയതായി സി എ ജി കണ്ടെത്തിയിരുന്നു. കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിയുമെന്ന പഠനങ്ങളുടെയും ലാഭകരമാക്കാന്‍ കഴിയില്ലെന്നുള്ള കണ്ടെത്തലിന്റെയും അടിസ്ഥാനത്തില്‍ ഉപേക്ഷിച്ച പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുന്നതിനാണ് നീക്കം.
സീ പ്ലെയിന്‍ പദ്ധതി പരാജയമായിരുന്നുവെന്നും സി എ ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ക്കായി കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ ടി ഐ എല്‍) മുഖാന്തിരം നടപ്പാക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ 11.77 കോടിയുടെ ഏഴ് ഭരണാനുമതികള്‍ പുറപ്പെടുവിച്ചു. പദ്ധതിക്കു വേണ്ടി പ്രായോഗിക പഠനം നടത്താനായി പരിഗണിച്ച 25 സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലും ആലപ്പുഴ ജില്ലയിലെ പുന്നമടയിലും മാത്രമാണെന്നും സി എ ജി കുറ്റപ്പെടുത്തുന്നു. മത്സ്യ ബന്ധനം നടത്തുന്ന വിഭാഗത്തിന്റെ ആശങ്കകള്‍ കാരണം പദ്ധതി ആരംഭിക്കാനായില്ല. ജല വിമാനത്താവളം നിര്‍മിക്കുന്നതിനു വേണ്ടി 11.83 കോടിയുടെ ഭരണാനുമതി വ്യവസായ വകുപ്പിന് നല്‍കിയെങ്കിലും പദ്ധതി പ്രയോഗികമായില്ല.

മത്സ്യ ബന്ധന സമൂഹത്തിന്റെ ആശങ്കകള്‍ വേണ്ട വിധം വകുപ്പ് കൈകാര്യം ചെയ്തില്ലെന്നും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ സാധ്യത പരിശോധിച്ചപ്പോള്‍ ജീവനോപാധിയെ ബാധിക്കുന്നവരെ കൂടെ ഉള്‍പ്പടുത്തേണ്ടതായിരുന്നു. തദ്ദേശീയരുടെ ആശങ്കകള്‍ കണ്ടെത്തുന്നതിലും ദൂരീകരിക്കുന്നതിലും വകുപ്പ് പരാജയപ്പെട്ടു.
പദ്ധതിക്കനുകൂലമായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സീ പ്ലെയിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ട സ്ഥലങ്ങളിലുള്ളവരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നില്ല. പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ തന്നെ സമുദ്രവിമാന പദ്ധതിയുടെ പ്രവര്‍ത്തനം തദ്ദേശീയരായ മത്സ്യബന്ധന സമൂഹത്തിന്റെ ജീവനോപാധിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.