ദുബൈയില്‍ വരാനിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി

Posted on: February 14, 2017 10:15 pm | Last updated: February 14, 2017 at 9:59 pm
യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍
സംസാരിക്കുന്നു

ദുബൈ: കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമെന്നോണം ലോകത്തു വരാനിരിക്കുന്നത് കടുത്ത ഭക്ഷ്യ പ്രതിസന്ധിയെന്ന് ലോക ഭരണകൂട ഉച്ചകോടി. ഭരണകൂടങ്ങള്‍ക്ക് സ്വതന്ത്രമായി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ജനങ്ങളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഭക്ഷ്യപദാര്‍ഥങ്ങള്‍ മിതമായി ഉപയോഗിച്ച് ജനങ്ങള്‍ ഭരണകൂടതല പ്രയത്‌നങ്ങളില്‍ ഭാഗവാക്കാകണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
ഉച്ചകോടിയുടെ ഭാഗമായി യു എ ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം സംഘടിപ്പിച്ച സെഷന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. കൃഷിയിടങ്ങള്‍ നഗരങ്ങള്‍ക്ക് വഴിമാറുന്ന നവകാലക്രമത്തില്‍ പ്രതിവര്‍ഷം 954,200 കോടി ദിര്‍ഹം വിലമതിക്കുന്ന ഭക്ഷണമാണ് ലോകത്തു പാഴാക്കുന്നതെന്ന് വിവിധ കണക്കുകളെ ഉദ്ധരിച്ചു യു എ ഇ കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രി ഡോ. താനി അല്‍ സുയൂദി വ്യക്തമാക്കി. ആഗോള തലത്തിലെ ആശങ്കകളെ തുലനം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 1,468 കോടി ദിര്‍ഹം എന്നതാണ് യു എ ഇയുടെ നില.

ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമം തുടരണം. ആഗോളതലത്തില്‍ ശക്തമായ ബോധവത്കരണം വ്യാപിപ്പിക്കേണ്ടതുണ്ട്, അദ്ദേഹം വിശദീകരിച്ചു. ജലസേചനത്തിന്റെ തോത് 99 ശതമാനം കുറച്ചു മികച്ച വിളകള്‍ നല്‍കുന്ന നൂതന അഗ്രിടെക്‌നോളജി ഉപയോഗിച്ച് കാര്‍ഷിക മേഖല സമ്പുഷ്ടമാക്കേണ്ടതുണ്ട്. കാര്‍ഷിക നിലം മുതല്‍ തീന്‍ മേശ വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കേണ്ടതുണ്ട്. 2050 ഓടുകൂടി ലോകത്തു 50 ശതമാനം ഇടങ്ങളിലും ഭക്ഷണ പ്രതിസന്ധി രൂക്ഷമാകുന്ന അവസ്ഥയാണ് നിലവിലേത്. ദീര്‍ഘ ദൃഷ്ടിയോടെയുള്ള ചുവടുവെപ്പുകള്‍ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കും, അദ്ദേഹം അടിവരയിട്ടു.
ലോകത്തു ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണ്.

ഉത്പാദിപ്പിക്കുന്നതിന്റെ മൂന്നിലൊന്ന് പാഴാക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കൂടുതല്‍ മുന്‍കരുതലുകള്‍ കൈകൊണ്ടില്ലെങ്കില്‍ ലോകം പട്ടിണിയുടെ പിടിയിലമരും. ഐക്യരാഷ്ട്രസഭ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ജോസ് ഗ്രേസിയാനോ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി കുറച്ചു തങ്ങള്‍ക്കാവശ്യമുള്ളത് ഉത്പാദിപ്പിച്ചെടുക്കുന്ന മാര്‍ഗങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കണം. വിതരണ ശൃംഖലയിലെ ഗതാഗത്തിലൂടെ അന്തരീക്ഷത്തില്‍ പുറംതള്ളുന്ന വാതകങ്ങളെ കുറച്ചു പ്രകൃതിയെ പരിപാലിക്കുന്നതിന് ഇത് സഹായകമാകും, അദ്ദേഹം ചൂണ്ടിക്കാട്ടി.