Connect with us

Gulf

ലോക ഭരണകൂട ഉച്ചകോടി മനുഷ്യരെ ബാധിക്കുന്നതെല്ലാം ചര്‍ച്ചയില്‍

Published

|

Last Updated

എമിറേറ്റ്‌സ് ഇന്നൊവേറ്റീവ് ടീച്ചേര്‍സ് അവാര്‍ഡ് നേടിയ ഫുജൈറയിലെ മറിയം സുലൈമാന്‍ അല്‍ സിയൂദിക്ക് ലോക ഭരണകൂട ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരം നല്‍കുന്നു

ദുബൈ: ആഗോളതാപനം, നഗരവല്‍കരണം, ഉല്‍കണ്ഠ തുടങ്ങി സമൂഹത്തെ ബാധിക്കുന്ന മിക്കതും ലോകഭരണകൂട ഉച്ചകോടിയില്‍ ചര്‍ച്ചയായി. പാലിന് പശുവിന്റെയോ മുട്ടയ്ക്ക് കോഴിയുടെയോ ആവശ്യമില്ലാത്ത കാലമാണ് വരാന്‍ പോകുന്നതെന്നതടക്കം നൂതന ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. ന്യൂ ഹാര്‍വെസ്റ്റ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഇഷാ ദാത്തറാണ് “കോശ കൃഷി”യുടെ സാധ്യതകള്‍ മുന്നോട്ടുവെച്ചത്. ആഗോളവല്‍കരണം ഏവര്‍ക്കും, വിശേഷിച്ച് നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഗുണം ചെയ്തുവെന്ന് ലീക്വിയാന്‍ സ്‌കൂള്‍ മുതിര്‍ന്ന അധ്യാപകന്‍ പരാഗ് ഖന്ന പറഞ്ഞു. വേര്‍പെടുത്തലിന്റെ മതിലുകള്‍ തകര്‍ക്കാന്‍ ആഗോളവല്‍കരണത്തിനായി. ദ്രവീകരിക്കപ്പെട്ട അതിര്‍ത്തികള്‍ മാത്രമേ ഇപ്പോഴുള്ളൂ. മനുഷ്യര്‍ പരസ്പര ബന്ധിതമായിട്ടുണ്ടെന്നും ഖന്ന പറഞ്ഞു.

ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ലോക ഭരണകൂട ഉച്ച കോടി ഇന്ന് സമാപിക്കും. ഭൂമിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള നിരവധി വിഷയങ്ങള്‍ ഇന്നലെയും വിചിന്തനത്തിന് വിധേയമായി. മനുഷ്യരുടെ സന്തോഷം എന്ന് പറയുന്നത് ദിനാന്ത്യം സംതൃപ്തിയുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ മാക്‌സ് സ്‌ട്രോം പറഞ്ഞു. എന്താണ് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്ന് തിരിച്ചറിയാതെ ജീവിതം തള്ളി നീക്കുന്നവരാണ് ഏറെ. സന്തോഷത്തിനും സംതൃപ്തിക്കും ചില ഘടകങ്ങളുണ്ട്. വിജ്ഞാനം ആര്‍ജിക്കുക, സ്‌നേഹിക്കുക എന്നിവ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ മിക്കവരും വിജയത്തിലും ആത്മരതിയിലുമാണ് മുഴുകുന്നത്. ജീവിതത്തെ അര്‍ഥവത്താക്കുക, മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നിവയാണ് പ്രധാനം. അമേരിക്കയില്‍ കുറഞ്ഞത് 25 ശതമാനം ആളുകള്‍ ഉല്‍കണ്ഠാകുലരാണ്. അത് നേരിടാന്‍ മരുന്നിനെ ആശ്രയിക്കുന്നു. മരുന്ന് താല്‍കാലിക ആശ്വാസം മാത്രമേ നല്‍കൂ. ചെറുപ്പത്തിലേ പലരെയും ഉല്‍കണ്ഠ പിടികൂടുന്നു. ഇത് സുസ്ഥിരമല്ലാത്ത ജീവിതത്തിലേക്ക് നയിക്കുന്നു. കുട്ടികളെ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതി വൈകാരികതയെയും നിരാശയെയും നേരിടാന്‍ പഠിപ്പിക്കണം. ശ്വാസം ആഞ്ഞുവലിക്കുമ്പോള്‍ മാനസിക പിരിമുറുക്കം കുറയുന്നത് പോലുള്ള വിദ്യകള്‍ പറഞ്ഞു കൊടുക്കാവുന്നതാണ്. മാക്‌സ് സ്‌ട്രോം ചൂണ്ടിക്കാട്ടി.
ആഗോള പ്രശ്‌നങ്ങള്‍ ബഹുമുഖമായ ചട്ടക്കൂടിനകത്തു നിന്ന് പരിഹരിക്കണമെന്ന് ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രിയും യു എന്‍ ഡി പി അഡ്മിനിസ്റ്റേറ്ററുമായ ഹെലന്‍ കെല്ലര്‍ ഭരണകൂടങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. സുരക്ഷ, സമാധാനം എന്നിവക്ക് രാജ്യങ്ങള്‍ തമ്മിലെ സഹകരണം അനിവാര്യമാണ് അവര്‍ ചൂണ്ടിക്കാട്ടി.

ആഗോള താപനം മനുഷ്യന്റെ ദുരാഗ്രഹത്തിന്റെ ഫലമാണെന്ന് കാനഡയില്‍ നിന്നുള്ള തോമസ് ഹോമര്‍ ഡിക്‌സണ്‍ പറഞ്ഞു. പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. നമ്മുടെ കുഞ്ഞുങ്ങളെ സാരമായി ബാധിക്കും. അന്തരീക്ഷ പ്രസരണ അസന്തുലിതാവസ്ഥ എല്ലാ ദിവസവും വര്‍ധിച്ചു വരുന്നു. ഒരു ദിവസം 400 ഹിരോഷിമാ ബോംബിന് തുല്യമാണത്. കാര്‍ബണ്‍ പ്രസരണം അത്രമാത്രം ആഘാതം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ താപനില പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കൃഷിയില്‍ നിന്ന് പോലും കാര്‍ബണ്‍ പ്രസരണം ഉണ്ടാകുന്നു. തോമസ് ഹോമര്‍ വ്യക്തമാക്കി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്