Connect with us

Gulf

പത്ത് ലക്ഷം തൊഴിലാളികളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റര്‍നെറ്റ് ഒരുക്കുന്നു

Published

|

Last Updated

ദോഹ: താഴ്ന്ന വരുമാനക്കാരായ 10 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് താമസകേന്ദ്രങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു. റോട്ട(റീച്ച് ഔട്ട് ഏഷ്യ), റാഫ്(ശൈഖ് താനി ബിന്‍ അബ്ദുല്ല ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ്) എന്നീ സംഘടനകളുമായി സഹകരിച്ച് തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും സംയുക്തമായാണ് ബെറ്റര്‍ കണക്ഷന്‍സ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1,500 കേന്ദ്രങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റും കംപ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും സ്ഥാപിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നതിനായി തൊഴിലാളികള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ സൗജന്യപരിശീലനവും നല്‍കും.

ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കല്‍, ഓണ്‍ലൈന്‍ ആയി നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അവസരമൊരുക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്ന ഗ്രീന്‍ കംപ്യൂട്ടര്‍ ക്ലബുകളിലേക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യസ്ഥാപനങ്ങളുടേയും സഹായത്തോടെ 15,000 കമ്പ്യൂട്ടറുകള്‍ സൗജന്യമായി ലഭ്യമാക്കും. ഇവക്കാവശ്യമായ സോഫ്റ്റ്‌വെയറുകളും വിന്‍ഡോസ് ലൈസന്‍സും മൈക്രോസോഫ്റ്റ് നല്‍കും. ഒരു ഗ്രീന്‍ ക്ലബില്‍ 10 കമ്പ്യൂട്ടറുകളാണ് ഉണ്ടാവുക. ഇത്തരത്തില്‍ 1,500 ഗ്രീന്‍ ക്ലബുകള്‍ രൂപവത്കരിക്കും.

ഊരിദൂ ഇവക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നതുസംബന്ധിച്ചു റോട്ടയുടെയും റാഫിന്റെയും സന്നദ്ധപ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കും. 750 സന്നദ്ധപ്രവര്‍ത്തകരാണ് ബെറ്റര്‍ കണക്ഷന്‍സ് പ്രോഗ്രാമുമായി സഹകരിക്കുന്നത്. കമ്പ്യൂട്ടറുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ഹാര്‍ഡ്‌വെയര്‍ പരിശീലനവും ഇവര്‍ക്കുനല്‍കും. സാങ്കേതിക പരിജ്ഞാനമുള്ള പ്രവര്‍ത്തകര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കണം. കൂടാതെ ഹിന്ദി, നേപ്പാളി, ബംഗാളി, സിംഹള, തമിഴ്, ഉറുദു, ഫിലിപ്പിനോ എന്നിവയില്‍ ഏതെങ്കിലും ഒരു ഭാഷ കൂടി അറിഞ്ഞിരിക്കണം. ലേബര്‍ ക്യാമ്പുകളില്‍ ഗ്രീന്‍ ക്ലബ് ഒരുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്വകാര്യകമ്പനിയുടമകളെ ക്ഷണിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍ റൂമുകളിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, റൂമുകളുടെ ശുചീകരണം തുടങ്ങിയവ തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. ഓരോ ക്യാമ്പിലെയും തൊഴിലാളികളില്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രാഥമിക ധാരണയുുള്ളവരെ തിരഞ്ഞെടുത്ത് ആദ്യഘട്ട പരിശീലനം നല്‍കും. പിന്നീട് ഇവരുടെ സഹായത്തോടെയാവും മറ്റുതൊഴിലാളികള്‍ക്കു പരിശീലനം നല്‍കുക.