Connect with us

Gulf

ഖത്വറില്‍ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

നഗരസഭാ ജീവനക്കാര്‍ മഴവെള്ളം നീക്കം ചെയ്യുന്നു

ദോഹ: രാജ്യത്ത് ഇന്നലെ വിവിധ ഭാഗങ്ങളില്‍ ഭേദപ്പെട്ട രീതിയില്‍ മഴ പെയ്തു. അബു ഹമൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ചാറ്റല്‍മഴയാണുണ്ടായത്. ഇന്നും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മഴ ഇന്നത്തെ കായിക ദിനാഘോഷങ്ങള്‍ക്ക് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് ശക്തമായ കാറ്റും ഇടിമിന്നലും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. നിരവധി ഇടങ്ങളില്‍ മഴ പെയ്യുകയും കാറ്റ് വീശുകയും ചെയ്തു. മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. കെട്ടിനിന്ന വെള്ളം പമ്പ് ചെയ്ത് ഒഴിവക്കാന്‍ നഗരസഭാ ജീവനക്കാര്‍ പാടുപെട്ടു. പലയിടങ്ങളിലും ഗതാഗതം മന്ദഗതിയിലാകാനും ഇതു വഴിവെച്ചു.
സര്‍ക്കാര്‍, സ്വകാര്യ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കായിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴ പെയ്താല്‍ മൈതാനങ്ങളിലും ഓപ്പണ്‍ സ്റ്റേഡിയങ്ങളിലുമെല്ലാമുള്ള കായിക പരിപാടികളെ സാരമായി ബാധിക്കും. പല പരിപാടികളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളിലേക്ക് മാറ്റാനാണ് സാധ്യത. വിവിധ പരിപാടികള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഖത്വര്‍ പെട്രോളിയത്തിന്റെ പുറമേയുള്ള കായിക പരിപാടികള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഖത്വര്‍ പെട്രോളിയത്തിന്റെ ജെനാന്‍ ക്ലബ്ബ്, ദുഖാന്‍ റിക്രിയേഷനല്‍ ക്ലബ്ബ് എന്നിവിടങ്ങളിലെ പരിപാടികള്‍ നിശ്ചയിച്ചതനുസരിച്ച് നടക്കും.

പരമാവധി കായിക പരിപാടികള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളില്‍ നടത്താന്‍ വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കാറ്റും മഴയും കനത്താല്‍ വാക്കത്തോണ്‍, അയ്യായിരം ചുവട് നടത്തം, ഫണ്‍ റണ്‍ ഉള്‍പ്പെടെയുള്ള കായിക പരിപാടികള്‍ റദ്ദാക്കിയേക്കും. ആസ്പയര്‍ സോണിലും കത്താറ കള്‍ച്ചറല്‍ വില്ലേജിലുമാണ് ഏറ്റവും കൂടുതല്‍ ഔട്ട്‌ഡോര്‍ പരിപാടികള്‍ നടക്കുന്നത്.

 

Latest