Connect with us

Gulf

തിരിച്ചു പോകുന്ന പ്രവാസികളുടെ ക്ഷേമം മുഖ്യ പരിഗണനയെന്ന് സി വി റപ്പായി

Published

|

Last Updated

ദോഹ: ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത് തിരിച്ചു പോകുന്ന പ്രവാസി മലയാളികള്‍ക്ക് ശിഷ്ടകാലം സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നതിന് നടപ്പിലാക്കാനാകുന്ന ക്ഷേമ പദ്ധതിയിലായിരിക്കും തന്റെ മുഖ്യ ശ്രദ്ധയെന്ന് നോര്‍ക റൂട്ട്‌സ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഖത്വറിലെ പ്രവാസി വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറുമായ സി വി റപ്പായി പറഞ്ഞു.
പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതിനുള്ള ഒരു സര്‍ക്കാര്‍ ബോര്‍ഡാണ് നോര്‍ക. ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. നോര്‍കയുടെ പ്രവര്‍ത്തനരീതികളും നിലവിലുള്ള സാഹചര്യങ്ങളും പഠിക്കും. ആദ്യയോഗത്തില്‍ തന്നെ പങ്കെടുത്ത് അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കും. ഒരു ബ്ലൂ പ്രിന്റ് തയാറാക്കി സമയബന്ധിതമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ശ്രമിക്കുക. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും നടപ്പിലാകുന്നില്ലെന്നും അവ പരിശോധിക്കാന്‍ സംവിധാനമില്ലെന്നും പരാതിയുണ്ട്. അതു പരിഹരിക്കാന്‍ ശ്രമിക്കും. പദ്ധതികളുടെ ഫോളോ അപ്പും വിശകലനവും നടത്തും. ബിസിനസ് രംഗത്തെ പരിചയം കൂടി ഉപയോഗപ്പെടുത്തി റിസള്‍ട്ട് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോര്‍ക ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ കാഴ്ചപ്പാടുകള്‍ സിറാജുമായി പങ്കു വെക്കുകയായിരുന്നു അദ്ദേഹം.

നോര്‍കക്കു കീഴില്‍ ഇപ്പോള്‍ തന്നെ വിവിധ പദ്ധതികളുണ്ട്. ചിലത് നിലച്ചു പോയിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രവാസി പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നത് ഈ ഗവണ്‍മെന്റിന്റെ നയം കൂടിയാണെന്നു മനസ്സിലാക്കുന്നു. പതിറ്റാണ്ടുകള്‍ ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുകയും എന്നാല്‍ കാര്യമായ നീക്കിവെപ്പുകളില്ലാതെ തിരിച്ചു പോകേണ്ടി വരികയും ചെയ്യുന്ന പ്രവാസികള്‍ക്ക് സ്ഥിരതയുള്ള ജീവിതാവസ്ഥ കൈവരണം. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന വിഹിതം ഉപയോഗിച്ചും മറ്റു മാര്‍ഗങ്ങളിലൂടെ ധനം കണ്ടെത്തിയും പ്രവാസിക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നോര്‍കക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ബോര്‍ഡിലുള്ള പ്രമുഖരായ അംഗങ്ങള്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. അതുകൊണ്ടു തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നോര്‍ക ഡയറക്ടര്‍ എന്നത് വലിയ ഉത്തരവാദിത്തമായാണ് കാണുന്നത്. ഉള്ള കാലത്തോളം പരമാവധി പ്രവര്‍ത്തിക്കും. നോര്‍കയുടെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് ഔദ്യോഗികമായി വ്യാപിപ്പിക്കുന്നതിന് പരിമതികളുണ്ട്. ഇവിടെ എംബസികള്‍, ഐ സി ബി എഫ് പോലുള്ള സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സേവനവും സഹായവും ആവശ്യമുള്ള മലയാലികളെ സഹായിക്കാനാണ് സാധിക്കുക. പ്രവാസിക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിര്‍ള പബ്ലിക് സ്‌കൂള്‍ മുന്‍ ചെയര്‍മാനും വീഡിയോ ഹോം ആന്‍ഡ് ഇലക്‌ട്രോണിക്‌സ് സി ഇ ഒയുമായ റപ്പായി 36 വര്‍ഷമായി ഖത്വറില്‍ പ്രവാസിയാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തും സാന്നിധ്യമുള്ള അദ്ദേഹം കഴിഞ്ഞ ഇടതു ഭരണകാലത്താണ് ഇന്‍കെല്‍ ഡയറക്ടറായത്.