‘മരണക്കിടക്കയിലും ഫാസിസം’: കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം നടത്തി

Posted on: February 14, 2017 6:55 pm | Last updated: February 14, 2017 at 6:55 pm

ജിദ്ദ: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും മുന്‍കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണത്തോട് മോഡി സര്‍ക്കാര്‍ കാണിച്ച ക്രൂരതയ്‌ക്കെതിരേ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ നടത്തിവരുന്ന മരണക്കിടക്കയിലും ഫാസിസം എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി.

ഇന്ത്യയുടെ ദൗത്യവുമായി ലോകത്തുടനീളം നയതന്ത്രപ്രതിനിധിയായി സഞ്ചരിച്ച നേതാവിനെയാണ് മരണക്കിടക്കയില്‍ പോലും കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പി.ടി.മുഹമ്മദ് പറഞ്ഞു

ഇന്ത്യന്‍ പാര്‍ലമെന്റിലെ തന്നെ എണ്ണം പറഞ്ഞ പ്രഗത്ഭന്‍മാരായ പാര്‍ലമെന്റേറിയന്‍മാരില്‍ ഒന്നാം നിരയിലാണ് അഹമ്മദ് സാഹിബിന്റെ സ്ഥാനം. ലോകമറിയുന്ന ഭരണാധികാരി, ഒരു സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ പൊതു ജീവിതത്തില്‍ നേട്ടങ്ങളുടെ കൊടുമുടികള്‍ താണ്ടിയപ്പോഴും വിനയം കൊണ്ട് ആരേയും അമ്പരപ്പിച്ച മനുഷ്യസ്‌നേഹി, ജനലക്ഷങ്ങള്‍ നെഞ്ചേറ്റിയ നേതാവ്. പക്ഷെ,മരണക്കിടക്കയില്‍ ഒരു സാധാരണക്കാരനു ലഭിക്കുന്ന പരിഗണന പോലും കിട്ടാതെ, മക്കളേയോ വേണ്ടപ്പെട്ടവരേയോ കാണാന്‍ പോലും അനുവദിക്കാതെ കൊടിയ അവഗണനയാണ്കാണിച്ചത് , ഗോദ്ര സംഭവത്തില്‍ ജഫ്രിയോടു ചെയ്തതിന്റെ ഒരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ഇ. അഹ്മദിനോടും ഫാസിസ്റ്റുകള്‍ ചെയ്തിരിക്കുന്നത്.

എല്ലാ ചികത്സാ സൗകര്യങ്ങളുമുള്ള ഇന്ത്യയിലെ ഒന്നാം നമ്പര്‍ ആശുപത്രിയായ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ആര്‍.എം.എല്‍. ആശുപത്രിയിലേക്ക് മാറ്റിയതില്‍ തുടങ്ങുന്നു ദുരൂഹത. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആശുപത്രിയിലെത്തിക്കഴിഞ്ഞതു മുതല്‍ ആശുപത്രിയിലെ അധികൃതരുടെ ചലനങ്ങള്‍ പോലും ദുരൂഹമായിരുന്നു. മറ്റേതോ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കും വിധമായിരുന്നു കാര്യങ്ങള്‍. പ്രമുഖരായ ജനപ്രതിനിധികള്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിയിട്ട് പോലും നീതി നല്‍കിയില്ലായെന്നത് അത്യന്തം ഗൗരവതരമാണ്. ആശുപത്രിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ഗുണ്ടകളെ വച്ചാണു കൈകാര്യം ചെയ്തതെന്നും ചടങ്ങില്‍ സംസാരിച്ച വിവിധ സംഘടന നേതാക്കള്‍ കുറ്റപ്പെടുത്തി.