മൈക്ക് ഓണ്‍ ആയത് അറിഞ്ഞില്ല; അഴിമതിക്കഥകള്‍ പരസ്യമായി പറഞ്ഞ് ബിജെപി നേതാക്കള്‍

Posted on: February 14, 2017 12:35 pm | Last updated: February 14, 2017 at 9:03 pm

ബെംഗളൂരു: അധികാരത്തിലിരിക്കുമ്പോള്‍ നടത്തിയ അഴിമതിക്കഥകള്‍ വേദിയിലിരുന്ന പരസ്യമായി പറഞ്ഞ കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ വെട്ടിലായി. സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത്കുമാറുമാണ് പൊതുവേദിയില്‍ മൈക്ക് ഓണായിരുന്നത് അറിയാതെ നടത്തിയ സംഭാഷണം പുറത്തായത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും വേദിയിലിരുന്ന് സംസാരിച്ചത്. എന്നാല്‍ മുന്നിലുണ്ടായിരുന്ന ടേബിള്‍ മൈക്ക് ഓണായിരുന്നുവെന്നത് ഇരുവരും ശ്രദ്ധിച്ചില്ല. ‘അഴിമതിയാരോപണം ഉന്നയിച്ച് വരുന്ന തിരഞ്ഞെടുപ്പ് വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കം. അല്ലെങ്കില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ?’ ഇതാണ് പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം.

കോണ്‍ഗ്രസ് തന്നെയാണ് സംഭാഷണം സിഡിയിലാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മറ്റൊരു ബിജെപി നേതാവിന്റെ സഹായത്തോടെയാണ് സിഡി ചോര്‍ന്ന് കിട്ടിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.