ബംഗ്ലാദേശിനെതിരെ ഉജ്ജ്വല ജയം: ടീം ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് ജയം

Posted on: February 14, 2017 9:03 am | Last updated: February 14, 2017 at 9:03 am

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റ് പരമ്പര 208 റണ്‍സിന് ജയിച്ച് വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ പടയോട്ടം തുടര്‍ന്നു. ഇന്ത്യ ഉയര്‍ത്തിയ 459 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 250 റണ്‍സിന് ആള്‍ ഔട്ടായി. അശ്വിനും രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാ കടുവകളെ വേഗം കൂട്ടിലടച്ചപ്പോള്‍ കളിയിലെ കേമന്‍ പട്ടം ഇരട്ടസെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്ലിക്ക് സ്വന്തം. ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് പരമ്പര ജയമാണിത്.
സ്‌കോര്‍: ഇന്ത്യ 687/6 ഡിക്ലയേര്‍ഡ് & 159/4ഡിക്ല ; ബംഗ്ലാദേശ് 388&250.
മൂന്ന് വിക്കറ്റിന് 103 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് മൂന്ന് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നാലാം വിക്കറ്റ് നഷ്ടമായി.
ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടകാരിയാകാന്‍ സാധ്യതയുള്ള ഷാകിബ് അല്‍ ഹസന്റെ വിക്കറ്റാണ് രാവിലെ തന്നെ ഇന്ത്യ വീഴ്ത്തിയത്.
സ്പിന്നര്‍ രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്. 50 പന്തുകളില്‍ 22 റണ്‍സെടുത്തിരുന്നു ഷാകിബ്. പുജാരക്ക് ക്യാച്ചായാണ് മടക്കം. മഹ്മൂദുല്ലക്കൊപ്പം ക്യാപ്റ്റന്‍ മുഷ്ഫീഖുര്‍ റഹീം എത്തി. പതിയെ രക്ഷാദൗത്യം ആരംഭിച്ചു. പത്ത് ഓവറിന് മുകളില്‍ ഇവര്‍ പ്രതിരോധിച്ചു നിന്നതോടെ ക്യാപ്റ്റന്‍ കോഹ്ലിയുടെ മുഖത്ത് ആശങ്ക. മഹ്മൂദുല്ല സ്പിന്നിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. എന്നാല്‍, ബംഗ്ലാ ക്യാപ്റ്റനെ അശ്വിന്‍ കുടുക്കിയതോടെ ബ്രേക്ക് ആയി. ആക്രമണോത്സുകത കാണിച്ച മുഷ്ഫീഖുര്‍ അശ്വിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ചായി.
44 പന്തില്‍ ക്യാപ്റ്റന്‍ 23 റണ്‍സടിച്ചു. രണ്ട് ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടുന്നു. മഹ്മൂദുല്ലയും സാബിര്‍ റഹ്മാനും ചെറുത്തു നില്‍പ്പ് തുടര്‍ന്നു. എന്നാല്‍, ഇന്ത്യന്‍ ജയം അരികിലാണെന്ന് വിളംബരം ചെയ്തു കൊണ്ട് പേസര്‍ ഇഷാന്ത് ശര്‍മ സാബിര്‍ റഹ്മാനെയും (22) മഹ്മൂദുല്ല (64)യേയും തുടരെ പുറത്താക്കി.
ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 225 എന്ന നിലയിലേക്ക് പതറി. വാലറ്റക്കാരെ അശ്വിനും ജഡേജയും കൂട്ടിലടച്ചതോടെ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തം.

റെക്കോര്‍ഡിനരികെ…
ബംഗ്ലാദേശിനെ 208 റണ്‍സിന് തോല്‍പ്പിച്ചതോടെ നാട്ടില്‍ അപരാജിതരായി തുടരെ 20 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം. 1977 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരെല്ലാം നയിച്ച ടീം ഇന്ത്യ അപരാജിതരായി തുടരെ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യക്ക് മുന്നില്‍ അടുത്തു തന്നെ അവസരമുണ്ട്. ഈ മാസം 23ന് ആസ്‌ത്രേലിയക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതി.
അപരാജിതരായി ടീമിനെ തുടരെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചതിന്റെ റെക്കോര്‍ഡ് വിരാട് കോഹ്ലിക്ക് സ്വന്തം. 2015-17 വരെ കോഹ്ലി പത്തൊമ്പത് ടെസ്റ്റുകളില്‍ ടീമിനെ അപരാജിതരായി നയിച്ചു.
1976-80 ല്‍ സുനില്‍ ഗവാസ്‌കര്‍ സൃഷ്ടിച്ച പതിനെട്ട് ടെസ്റ്റുകളുടെ റെക്കോര്‍ഡ് പഴങ്കഥയായി. കപില്‍ദേവ് 1985-87 ല്‍ പതിനേഴ് ടെസ്റ്റുകളില്‍ ഇന്ത്യയെ അപരാജിതരായി കുതിപ്പിച്ചിരുന്നു. 23 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്ലിയുടെ പതിനഞ്ചാം ജയമാണിത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ 23 ടെസ്റ്റുകളില്‍ കൂടുതല്‍ വിജയം കൈവരിച്ചത് പതിനേഴ് ജയങ്ങളുള്ള ആസ്‌ത്രേലിയയുടെ സ്റ്റീവ് വോയാണ്.
റിക്കി പോണ്ടിംഗ്, മൈക്കല്‍ വോന്‍ എന്നിവര്‍ക്കൊപ്പം വിരാട് കോഹ്ലി രണ്ടാം നിരയിലുണ്ട്.