അരി വില വര്‍ധന; പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ല: മന്ത്രി മണി

Posted on: February 14, 2017 8:08 am | Last updated: February 14, 2017 at 12:48 am
SHARE

കൊച്ചി: അരി വില വര്‍ധന പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി എം എം മണി. കേരള എന്‍ ജി ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ റേഷന്‍ സംവിധാനം അട്ടിമറിച്ച് അരി വില കുതിച്ചുയരാന്‍ ഇടയാക്കിയത് യു പി എ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമമാണ്. മോദി സര്‍ക്കാരും ഈ നയം തുടരുകയാണ്. മാനദണ്ഡങ്ങളില്ലാതെ എ പി എല്‍, ബി പി എല്‍ വേര്‍തിരിച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കി. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാതെ ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാരുമായി ഒത്തുകളിച്ചു. രണ്ടര ലക്ഷം ടണ്‍ ഭക്ഷ്യവിഹിതമാണ് കേരളത്തിന് നിഷേധിച്ചത്. റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചുവെങ്കിലും മനുഷ്യത്വമില്ലാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

പൊതു വിപണിയെക്കാള്‍ വില കുറച്ച് അരി വില്‍പന നടത്താനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമി സമരത്തില്‍ കോണ്‍ഗ്രസും ബിജെപിയും എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ ഉപജാപം നടത്തി. സര്‍ക്കാറിനെ ശരിപ്പെടുത്തിക്കളയാമെന്നവര്‍ കരുതി. അത് നടക്കില്ല. എസ്എഫ്‌ഐ സമരത്തിലൂടെ നേടിയതില്‍ കൂടുതല്‍ എന്താണ് ഇക്കൂട്ടര്‍ നേടിയതെന്ന് വ്യക്തമാക്കണണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here