സുധാകരന്റെ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു: സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് റസ്റ്റ് ഹൗസുകളിലെ സൗജന്യം പുനഃസ്ഥാപിച്ചു

Posted on: February 14, 2017 12:46 am | Last updated: February 14, 2017 at 12:46 am

തിരുവനന്തപുരം: സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകള്‍ സൗജന്യമായി നല്‍കേണ്ടെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചു. സി ബി ഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ തിരുത്തല്‍ നടപടി. സി ബി ഐ ഉദ്യോഗസ്ഥരുടെ സൗജന്യ താമസത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നല്‍കിയ വിവരാവകാശ രേഖകളിലാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവിന്റെ വിശദാംശങ്ങളുള്ളത്. സി ബി ഐ നല്‍കിയ അപേക്ഷ പരിഗണിച്ച് റെസ്റ്റ് ഹൗസുകളില്‍ സൗജന്യം തുടരാം എന്നാണ് മുഖ്യമന്ത്രിയുടെ 2016 നവംബര്‍ 23ലെ ഉത്തരവില്‍ പറയുന്നത്.
കേസ് അന്വേഷണത്തിന് എത്തുന്ന സി ബി ഐ സംഘത്തിന് ക്യാമ്പ് ഓഫീസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനായിരുന്നു യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാനം.
പൊതുമരാമത്തിനുകീഴിലെ റെസ്റ്റ് ഹൗസുകളില്‍ സൗജന്യതാമസത്തിന് അനുമതി നല്‍കി 2014 ആഗസ്റ്റില്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, ഇടതുസര്‍ക്കാര്‍ എത്തിയശേഷം മന്ത്രി ജി സുധാകരന്‍ സി ബി ഐക്ക് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകളില്‍ സൗജന്യ താമസം വിലക്കി. വാടക ഈടാക്കാതെ മുറി നല്‍കേണ്ടെന്നും മുമ്പ് പറ്റിയ സൗജന്യങ്ങള്‍ക്ക് പണം ഈടാക്കാനും റെസ്റ്റ് ഹൗസ് മാനേജര്‍മാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

മുറി വാടക ഇനത്തില്‍ 9.49 ലക്ഷം രൂപ ഈടാക്കണമെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഡിവൈ എസ് പി ടി ബിജി ജോര്‍ജ് ശിപാര്‍ശ ചെയ്യുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നത്.