ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന കേസ് ഡിവിഷന്‍ ബഞ്ച് തള്ളി

Posted on: February 14, 2017 4:31 am | Last updated: February 14, 2017 at 8:31 am

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സത്യന്‍ നരവൂരിന്റെ ഹരജി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്. ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പൊതുതാത്പര്യമില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഇടപെട്ട് ഹരജി നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

സര്‍ക്കാര്‍ അനുമതിയോടെ ജേക്കബ് തോമസ് സ്വകാര്യ കോളജില്‍ അധ്യാപനത്തിന് പോയത് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ഉത്തരവ് പൊതുതാത്പര്യ ഹരജിയില്‍ ചോദ്യം ചെയ്യാന്‍ ഹരജിക്കാരന് അവകാശമില്ല. ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ കുറ്റകരമായ പെരുമാറ്റദൂഷ്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ഹരജിക്കാരന്‍ ഈ പരാതി മുമ്പ് ഉന്നയിച്ചതായി കാണുന്നില്ലെന്നും ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ പരാതിപ്പെടാതെ കോടതിയെ സമീപിച്ചതിന് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു.