സോളാര്‍ കേസ് പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

Posted on: February 14, 2017 4:16 am | Last updated: February 14, 2017 at 8:29 am

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് പരിഗണിക്കുന്നത് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റി. എതിര്‍ കക്ഷിയായ വ്യവസായി എം കെ കുരുവിള ഇന്നലെയും സാക്ഷികളെ ഹാജരാക്കിയില്ല.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹരജിക്കെതിരെ പരാതിക്കാരന്‍ ഉന്നയിച്ച തടസ്സവാദത്തിലുള്ള ക്രോസ് വിസ്താരം 18ന് നടക്കും. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ കുരുവിളക്ക് കോടതി ഇന്നലെ സമയം നല്‍കിയിരുന്നെങ്കിലും ആരെയും ഹാജരാക്കിയില്ല. വിസ്താരം നീണ്ടുപോകുന്നതിനാല്‍ കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നത് ഇനിയും നീളാനാണ് സാധ്യത.
വിധി നടപ്പാക്കാന്‍ കഴിഞ്ഞ മാസം 24വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയ വിധിയാണ് ഉണ്ടായതെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹരജിയില്‍ വിസ്താരം പൂര്‍ത്തിയായിരുന്നു.

ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരായാണ് കോടതി ക്രോസ് വിസ്താര നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, തങ്ങള്‍ക്ക് സാക്ഷികളെ ഹാജരാക്കാനുണ്ടെന്ന് എതിര്‍ കക്ഷി എം കെ കുരുവിളയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് മനഃപൂര്‍വം വൈകിപ്പിക്കാനുള്ള ശ്രമമാണ് കുരുവിളയുടേതെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയടക്കം, കേസില്‍ പ്രതികളായ നാല് പേര്‍ ഒരു കോടി 61 ലക്ഷം രൂപ വ്യവസായി എം കെ കുരുവിളക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബെംഗളൂരു ജില്ലാ സെഷന്‍സ് കോടതി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 24ന് വിധിച്ചത്. രണ്ട് മാസത്തിനുള്ളില്‍ തുക കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദക്ഷിണ കൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി.