Connect with us

National

അസാധുവാക്കലിന് പിന്നാലെ കള്ളനോട്ടുകള്‍ പ്രവഹിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ രാജ്യത്തേക്ക് പ്രവഹിക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥമാക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് അച്ചടിക്കപ്പെടുന്ന കള്ളനോട്ടുകളാണ് ബംഗ്ലദേശിന്റെയും മറ്റ് അയല്‍ രാഷ്ട്രങ്ങളുടെയും അതിര്‍ത്തികള്‍ വഴി ഇന്ത്യയിലെത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയെത്തിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ കഴിഞ്ഞ ദിവസം അതിര്‍ത്തി രക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും പിടികൂടിയിരുന്നു.
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കള്ളനോട്ട് ഇല്ലാതാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രിയും ഇക്കാര്യം തന്നെ അവര്‍ത്തിച്ചു. രാജ്യത്തെ സമന്താര സാമ്പത്തിക വ്യവസ്ഥയും കള്ളപ്പണവും തുടച്ചുനീക്കുന്നതാണ് നോട്ട് നിരോധനമെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരണം. എന്നാല്‍, പാക്കിസ്ഥാനില്‍ നിന്ന് ഇപ്പോഴും കള്ളനോട്ടുകള്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത് കേന്ദ്ര സര്‍ക്കാര്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്.

പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശി നിന്ന് 2000 രൂപയുടെ 40 കള്ളനോട്ടുകള്‍ ഈ മാസം എട്ടിന് പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പുതിയ നോട്ടിലെ 17 സുരക്ഷാ അടയാളങ്ങളില്‍ 11ഉം ഉള്ള കള്ളനോട്ടുകളാണ് ഇന്ത്യയിലേക്കെത്തുന്നതെന്നതാണ് മറ്റൊരു പ്രശ്‌നം. കഴിഞ്ഞ മാസം 22നും ഈ മാസം നാലിനും കള്ളനോട്ടുകള്‍ ബി എസ് എഫും എന്‍ ഐ എയും പിടികൂടിയിരുന്നു. പാക് ചാര സംഘടനയുടെ സഹായാത്തോടെയാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാല്‍ 600 രൂപ വരെ പ്രതിഫലമായി കിട്ടുമെന്നും പിടിക്കപ്പെട്ട പ്രതി വ്യക്തമാക്കിയിരുന്നു.

പുതിയ നോട്ടുകളിലെ സുരക്ഷാ അടയാളങ്ങള്‍ തിരിച്ചറിയാന്‍ അതിര്‍ത്തി സേനക്ക് പോലും സാധിക്കുന്നില്ല എന്നതും കള്ളനോട്ടുകള്‍ യഥേഷ്ടം കടത്തപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പുതിയ നോട്ടിലെ സുരക്ഷാ അടയങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പരിശീലനം നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ബി എസ് എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest