എം എല്‍ എക്കെതിരെ പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍

Posted on: February 14, 2017 12:24 am | Last updated: February 13, 2017 at 11:25 pm

ലക്‌നോ: എം എല്‍ എക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്ന പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയ്‌സിംഗ്പൂരിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു.

സമാജ്‌വാദി പാര്‍ട്ടി എം എല്‍ എ അരുണ്‍ വര്‍മയും അദ്ദേഹത്തിന്റെ കൂട്ടുകാരും ചേര്‍ന്ന് 2013ല്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി 22 കാരിയായ ഈ പെണ്‍കുട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് എസ് പി സ്ഥാനാര്‍ഥിയായി അരുണ്‍ മത്സര രംഗത്തുണ്ട്. ഒരു ഘട്ടത്തില്‍ പെണ്‍കുട്ടി എം എല്‍ എക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹത്തിന്റെ കഴുത്തില്‍ ചില അസ്വാഭാവിക പാടുകളുള്ളതായി പോലീസ് കൂട്ടിച്ചേര്‍ത്തു.