Connect with us

National

കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ ഹാജരായില്ല

Published

|

Last Updated

ജസ്റ്റിസ് സി എസ് കര്‍ണന്‍

ന്യൂഡല്‍ഹി: കോടതി അലക്ഷ്യത്തെത്തുടര്‍ന്ന് നോട്ടീസ് അയച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണന്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട നടപടികള്‍ മൂന്നാഴ്ചത്തേക്കു മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കര്‍ണനോ അദ്ദേഹത്തിന്റെ വക്കീലോ ഹാജരാകാത്തതു കൊണ്ട് കേസ് മാറ്റിവെക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. അദ്ദേഹം വരാത്തതിന്റെ കാരണം അറിയില്ല. അതുകൊണ്ടു തന്നെ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തത്കാലം മാറുകയാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. താന്‍ ദളിതന്‍ ആയതുകൊണ്ടാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിന് കര്‍ണന്‍ എഴുതിയ കത്ത് കോടതി പരിഗണനയിലെടുത്തു. ആദ്യമായിട്ടാണ് സുപ്രീം കോടതി ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ സ്വമേധയാ കേസെടുക്കുന്നത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച നടപടിയെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരുന്നത്. 2015ല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൗളിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തന്റെ ജോലികളില്‍ കൗള്‍ അനാവശ്യമായി ഇടപെടുന്നെന്നും താന്‍ ദളിത് വിഭാഗത്തില്‍ നിന്ന് വരുന്നതിനാലാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വരുന്നതെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നത്. മറ്റൊരു ജഡ്ജി വ്യാജ വിദ്യാഭ്യാസ രേഖകള്‍ ചമച്ചുവെന്നും കര്‍ണന്‍ ആരോപിച്ചിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് കര്‍ണനെ സുപ്രീം കോടതി കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍, കൊല്‍ക്കത്തയിലേക്ക് തന്നെ സ്ഥലം മാറ്റിയ സുപ്രീം കോടതി കൊളീജിയത്തിന്റെ ഉത്തരവ് സ്വമേധയാ സ്റ്റേ ചെയ്ത് നല്‍കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ജഡ്ജിയായ കര്‍ണന്‍ ആവശ്യപ്പെടുകയായിരുന്നു.

കൂടാതെ 2011ല്‍ മദ്രാസ് ഹൈക്കോടതിയിലെ തന്റെ ചേംബറില്‍ വെച്ച് മദ്രാസ് ഹൈക്കോടതിയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയിലെ നാലഞ്ച് ജഡ്ജിമാര്‍ തന്നെ അപമാനിച്ചതായും കര്‍ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. 2014 ജനവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ വി ധനപാലനും കെ കെ ശശിധരനും അഡീഷണല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ വാദം കേട്ടുകൊണ്ടിരിക്കെ, ജസ്റ്റിസ് കര്‍ണന്‍ ചേംബറിലേക്ക് കടന്നുചെന്ന് അഡീഷണല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചും വിവാദത്തിലെത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ കെ അഗര്‍വാളിനെതിരെ ജസ്റ്റിസ് കര്‍ണന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കുയും ചെയ്തിരുന്നു. ജസ്റ്റിസ് കര്‍ണന്‍ തന്റെ ചേംബറിലെത്തി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതായും തന്നെ ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി അഗര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു. പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെ ഭാര്യയും ഭര്‍ത്താവുമായി പരിഗണിക്കാമെന്ന് വിധി പുറപ്പപ്പെടുവിച്ചും ഇദ്ദേഹം വിവാദം സൃഷ്ടിച്ചിരുന്നു.

 

Latest