ഉത്തര കൊറിയക്കെതിരെ യു എന്നില്‍ നീക്കം

Posted on: February 14, 2017 6:44 am | Last updated: February 13, 2017 at 10:45 pm
SHARE
അമേരിക്കക്ക് മുന്നറിയിപ്പായി ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം.
ഇന്നലെയാണ് പരീക്ഷണ ചിത്രം ഉത്തര കൊറിയ പുറത്തുവിട്ടത്

സിയൂള്‍: അമേരിക്കക്കും ജപ്പാനും കനത്ത മുന്നറിയിപ്പ് നല്‍കിയ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ യു എന്‍ രക്ഷാ സമിതി ചേരും. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും സംയുക്ത ആവശ്യപ്രകാരമാണ് അടിയന്തര രക്ഷാസമിതി യോഗം ചേരാന്‍ തീരുമാനിച്ചത്.

ഉത്തര കൊറിയക്കെതിരായ പ്രമേയം പാസാക്കുകയെന്നതാണ് മൂന്ന് രാഷ്ട്രങ്ങളും ലക്ഷ്യംവെക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമാണെന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യു എന്‍ വഴി ഉപരോധമടക്കമുള്ള നയതന്ത്രസമ്മര്‍ദത്തിന് യു എസ് സഖ്യം ശ്രമം നടത്തിയത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നാലോടെ ചര്‍ച്ച ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അമേരിക്കക്ക് ഭീഷണിയായിട്ടുണ്ടെന്നാണ് പുതിയ നീക്കത്തില്‍ നിന്ന് വ്യക്തമാകുന്നത്. യു എസ് ഭരണപ്രദേശമായ ദ്വീപിലേക്കും ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ സഖ്യ രാജ്യങ്ങളിലും എത്താന്‍ ശേഷിയുള്ള മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.

അമേരിക്കന്‍ ഭൂപ്രദേശങ്ങള്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന കിം ജോംഗ് ഉന്നിന്റെ അവകാശവാദത്തിനും ഇതിന് ട്രംപിന്റെ പുച്ഛത്തോടെയുള്ള മറുപടിക്കും പിന്നാലെയാണ് പരീക്ഷണം നടന്നത്.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും നിലപാടാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുമായി അടുക്കാന്‍ ശ്രമിക്കുന്ന റഷ്യ ഉത്തര കൊറിയക്ക് പ്രതികൂലമായ നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകോപനപരമായ നിലപാടാണ് ഉത്തര കൊറിയ സ്വീകരിക്കുന്നതെന്നാണ് മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും പ്രതികരിച്ചത്.