Connect with us

Editorial

വറച്ചട്ടിയില്‍ നിന്ന് ജനം എരിതീയിലേക്ക്

Published

|

Last Updated

സംസ്ഥാനത്ത് അരിയുടെയും പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. ചില പച്ചക്കറികളുടെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായത്. മത്സ്യ, മാംസ വിപണിയിലും വിലവര്‍ധന അനുഭവപ്പെടുന്നു. രണ്ട് മാസം മുമ്പ് വരെ 30 രൂപ വിലയുണ്ടായിരുന്ന ജയ അരിയുടെ വിലയിപ്പോള്‍ 40 രൂപയിലേറെയായി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരില്‍ കേരളത്തിന്റെ അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും സംസ്ഥാനം മുഖ്യമായും ആശ്രയിച്ചിരുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരള്‍ച്ച മൂലം അരിയുത്പാദനം കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണമായി പറയപ്പെടുന്നത്. ഉത്പാദനക്കുറവ് കാരണം തദ്ദേശീയാവശ്യത്തിനുളള അരി കഴിച്ചു ബാക്കിയുള്ളത് മാത്രം മറ്റിടങ്ങളിലേക്ക് നല്‍കിയാല്‍ മതിയെന്ന് ആന്ധ്ര സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രേ. എന്നാല്‍ ആന്ധ്രയില്‍ നെല്ലുത്പാദനം കുറഞ്ഞെന്നത്, കൃത്രിമക്ഷാമം സൃഷ്ടിച്ചു വിലയുയര്‍ത്താന്‍ മില്ലുടമകള്‍ നടത്തുന്ന വ്യാജപ്രചാരണമാണെന്നാണ് ചില വ്യാപാരികളുടെ പക്ഷം. ആന്ധ്ര അരിയുടെ ഏറ്റവും വലിയ വിപണിയാണ് കേരളം. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി കേരളീയരെ കൊള്ളയടിക്കുന്ന രീതി ആന്ധ്ര അരിലോബി കാലങ്ങളായി തുടര്‍ന്നു വരികയാണ്. ഉത്സവവേളകളില്‍ പ്രത്യേകിച്ചും. ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുള്ള ഒത്താശയും അവര്‍ക്കുണ്ട്. കേരളത്തിലെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നതിലും സംഭരിച്ച നെല്ലിന്റെ കുടിശ്ശിക നല്‍കുന്നതിലും സര്‍ക്കാറിന് സംഭവിച്ച വീഴ്ചയും വിലവര്‍ധനവില്‍ ചെറിയ തോതിലെങ്കിലും പങ്ക് വഹിച്ചിട്ടുണ്ട്.

നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതം സാധാരണക്കാര്‍ക്കിടയില്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്. വില വര്‍ധന അനുഭവപ്പെട്ടു തുടങ്ങിയ ഉടനെ തന്നെ സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കില്‍ ഈ വിധം രൂക്ഷമാകില്ലായിരുന്നു. സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്യക്ഷമവുമല്ല. സബ്‌സിഡി ഇനത്തില്‍ വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കാനായി ഈ പൊതു വില്‍പന കേന്ദ്രങ്ങള്‍ ഉത്സവ വേളകളില്‍ മാത്രം സജീവമാകുകയും മറ്റു സമയങ്ങളില്‍ സബ്‌സിഡി നിരക്കിലുളള സാധനങ്ങളുടെ വിതരണം വെട്ടിക്കുറക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മുഴുവന്‍ സമയവും വിപണിയില്‍ ഇടപെടരുതെന്നും ഉത്സവസീസണില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും ഭക്ഷ്യപൊതുവിതരണവകുപ്പ് സെക്രട്ടറി മൂന്ന് വര്‍ഷം മുമ്പ് പ്രത്യേക ഉത്തരവ് തന്നെ നല്‍കിയിരുന്നതുമാണ്. സര്‍ക്കാര്‍ മാറിയെങ്കിലും ഈ അവസ്ഥക്ക് മാറ്റം വന്നിട്ടില്ല.
അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൂടിയ കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗം എടുത്ത തീരുമാനങ്ങള്‍ ആശ്വാസകരമാണ്. സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നേതൃത്വം നല്‍കുന്ന 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാനും ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നേരിട്ടുപോയി അരി വാങ്ങി സഹകരണസംഘങ്ങളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും അരിക്കടകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനുമാണ് പദ്ധതി. സര്‍ക്കാറിന്റെ ഇത്തരം വിപണി ഇടപെടലുകള്‍ അന്യ സംസ്ഥാന ലോബികള്‍ സൃഷ്ടിക്കുന്ന കൃത്രിമ വിലക്കയറ്റം തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും സഹായകമാണെന്ന് അനുഭവത്തില്‍ ബോധ്യമായതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് അരിക്ക് ഇതുപോലൊരു വിലക്കയറ്റം അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ നിന്ന് അരി കൊണ്ടുവന്നിരുന്നു. ഇതോടെ ആന്ധ്രാലോബി നേര്‍വഴിക്ക് വരികയും കേരളത്തിന് ആവശ്യമുള്ള അരി ന്യായ വിലക്ക് നല്‍കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്തു.

ആന്ധ്രാ സര്‍ക്കാറുമായി കേരളം നേരിട്ടു ബന്ധപ്പെട്ടാലും പ്രശ്‌നം ഏറെക്കുറെ പരിഹൃതമായേക്കും. കഴിഞ്ഞ ഓണ സീസണില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി പി തിലോത്തമന്‍ ആന്ധ്രയിലെത്തി ശക്തമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് അരി എത്തിക്കാന്‍ സാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന അരിയുടെ വില യഥാസമയം നല്‍കുന്നതില്‍ വരുത്തുന്ന വീഴ്ചയും അരിയുടെ ലഭ്യതയെയും വരവിനെയും ബാധിക്കാറുണ്ട്. അരി വാങ്ങിയ വകയില്‍ വരുത്തിയ കുടിശ്ശിക തീര്‍ക്കുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് വരുത്തിയ വീഴ്ച കാരണം കേരളത്തിലേക്ക് അരി അയക്കില്ലെന്ന് കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. മന്ത്രിതല ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്നീട് പ്രശ്‌നം പരിഹൃതമായത്. അത്തരം നിരുത്തരവാദ നിലപാടുകള്‍ തുടരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതുമുണ്ട്. മറ്റു നിത്യോപയോഗ സാധനങ്ങളും ന്യായ വിലയില്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.